Image

സത്യവചസ്സ് കാറ്റിലുലയുമ്പോള്‍! (പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 08 April, 2020
  സത്യവചസ്സ് കാറ്റിലുലയുമ്പോള്‍! (പി.ഹരികുമാര്‍)
സഞ്ജയാ,
എന്താണിത്?
വല്ലാതെ, കാറ്റിലുലയുന്നല്ലൊ നീ.
വായിക്കാനാവുന്നില്ലല്ലൊ, 
എനിക്കിപ്പോള്‍ നിന്നെ.
2
പിരിച്ചുവിടാനുമാവുന്നില്ലല്ലൊ;
ശീലമായ്‌പ്പോയല്ലൊ നീ എനിക്ക്.
എവിടെ കിട്ടുമെനിക്കിനിയൊരു 
നിസ്വാര്‍ത്ഥ, സത്യവചസ്സിനെ;
'ഹത കുഞ്ജര' 
പൂജ്യം സത്യമെന്നെഴുതുന്നവനെ.
'ശിഖണ്ഡി'യെ, ഈണത്തില്‍ പാടാത്തവനെ.
'ഊരുഭംഗ'ത്തെ വെള്ളപൂശി കാട്ടാത്തവനെ.
പുത്തനദൃശ്യവലയെറിഞ്ഞ്,
മാനത്തെ മാനിനെ വിടുവിക്കുന്നവനെ?
3
ഞാനറിയുന്നു സഞ്ജയാ,
ഹസ്തിനാപുരത്തിന്റെ 
നാല് തൂണുകളിലുമിപ്പോള്‍
ഹിരണ്യകശിപുവാണെന്ന്.

സഞ്ജയാ,
നിന്നെ പറഞ്ഞു വിട്ടാല്‍,
പിന്നെയാര് പറയുമീ ജന്മാന്ധനോട്, കുരുക്ഷേത്രം?
യുദ്ധമറിയാതെയെങ്ങിനെയെഴുതും
ഞാനെന്റെ നാടിന്റെ കഥ? 

നിസ്സഹായനാണ് ഞാനിന്ന് സഞ്ജയാ.
നമ്പാനില്ലാതെയായല്ലൊ, 
ഒരു തൂണും, തുരുമ്പുമെനിക്കിന്നീശ്വരാ!

നിന്റെ നാമവുമെനിക്കിപ്പോള്‍ 
സ്വന്തമല്ലാതായല്ലൊ, ദൈവമേ!

  സത്യവചസ്സ് കാറ്റിലുലയുമ്പോള്‍! (പി.ഹരികുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക