Image

ഇവിടെ കൊറോണ വ്യാപനം നിയന്ത്രണ വിധേയം, ആശ്വാസമായി 'കേരള മോഡല്‍' (ശ്രീനി)

ശ്രീനി Published on 08 April, 2020
  ഇവിടെ കൊറോണ വ്യാപനം നിയന്ത്രണ വിധേയം, ആശ്വാസമായി 'കേരള മോഡല്‍' (ശ്രീനി)
ലോകത്തിലെ ജനങ്ങള്‍ ഒന്നിച്ച് ഉച്ചരിക്കുകയും പരിഭ്രാന്തിയോടെ നിമിഷാര്‍ധത്തില്‍ ഓര്‍ക്കുകയും ചെയ്യുന്ന പേരാണ് ഇന്ന് 'കൊറോണ'. തിരിച്ചറിവായ കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ കൊറോണയെപ്പറ്റി ഓരോ നിമിഷവും പറയുന്നു...ചര്‍ച്ച ചെയ്യുന്നു...ആശങ്കപ്പെടുന്നു...എല്ലാം മാറുമെന്ന് പ്രത്യാശിക്കുന്നു...പ്രാര്‍ത്ഥിക്കുന്നു. ഇതുപൊലൊരു പേര് ഇതിനുമുമ്പ് മനുഷ്യര്‍ നിരന്തരം തങ്ങളുടെ സംഭാഷണത്തില്‍ ഉപയോഗിച്ചിട്ടുണ്ടാവില്ല. കാരണം തളയ്ക്കാനാവാതെ ഈ മാരക വൈറസ് ലോകത്ത് മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്ക അതിന്റെ ഹോട്ട് സ്‌പോട്ടുമായി. എല്ലാക്കാര്യത്തിലും ഒന്നാവാന്‍ കൊതിക്കുന്ന അമേരിക്ക അങ്ങനെ കൊറോണ രോഗ ബാധിതരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം നേടിയെന്ന് പറയുമ്പോള്‍ സന്തോഷമല്ല, വേദനയും ഭീതിയുമാണ് മനസില്‍ വന്നു നിറയുന്നത്. 

ചൈനയിലെ വുഹാനില്‍ തുടങ്ങി ഇറാനിലേക്കും ഇറ്റലിയിലേക്കും സ്‌പെയിനിലേക്കും ഭീതിയുടെ മരണക്കൊടുങ്കാറ്റായി കൊറോണ ആഞ്ഞടിച്ചപ്പോള്‍ മാനവരാശി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലായി. തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് കൊറോണ വേഗത്തില്‍ വ്യാപിച്ചപ്പോള്‍ അമേരിക്കയും ബ്രിട്ടണും കൊവിഡ് ഭീതിയെ നിസാരമായി കണ്ടുവെന്നത് സത്യമല്ലേ..? റോക്കറ്റ് വേഗത്തിലാണ് ബ്രിട്ടണ്‍ ഈ പകര്‍ച്ച വ്യാധിക്ക് കീഴടങ്ങിയത്. കേരളത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിക്കുന്നത്. 

മൂന്ന് കോടി 48 ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30നാണ്. അതേസമയം, 1.94 കോടി ജനസംഖ്യയുള്ള ന്യൂയോര്‍ക്കില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ചത് മാര്‍ച്ച് ഒന്നിനും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കേരളത്തില്‍ രോഗം പടര്‍ന്നു പിടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി കേരളം കൊവിഡിനെ ഫലപ്രദമായി നേരിട്ടു. ഇതുവരെ രണ്ട് പേരെ മാത്രമാണ് കേരളം മരണത്തിന് വിട്ടുകൊടുത്തത്. പക്ഷേ അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. 

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നമുക്കൊപ്പമുണ്ടായിരുന്ന പലരെയും കൊറോണ കൊണ്ടുപോയതിലുള്ള സങ്കടമടങ്ങുന്നില്ല. രോഗബാധിതര്‍ നിരവധിയാണ്. അവര്‍ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരട്ടെയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. ചികിത്സയിലായിരുന്ന കരുവാറ്റ കാരമുട്ട് താശിയില്‍ സാംകുട്ടിയുടെ ഭാര്യ അന്നമ്മ സാം (52) ന്യൂജേഴ്‌സിയിലും, ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരി കോശി (80), തൃശൂര്‍ സ്വദേശി ടെന്നിസന്‍ പയ്യൂര്‍ (82) എന്നിവര്‍ ന്യൂയോര്‍ക്കിലും കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ് (64)  ഫിലാഡല്‍ഫിയയിലും കോടഞ്ചേരി സ്വദേശി പോള്‍ (21) ടെക്‌സാസിലുമാണ്  ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. മരണസംഖ്യ പതിമൂവായിരത്തോടടുക്കുകയും ചെയ്യുന്നു.

കേരളത്തിലെ കാര്യമെടുക്കുക. രോഗ ബാധിതര്‍ അറിഞ്ഞോ അറിയാതെയോ പൊതു സ്ഥലങ്ങളില്‍ ഇറങ്ങി കറങ്ങി നടന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമായത്. പക്ഷേ, കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് മാതൃകയാണെന്ന് ഈ കൊറോണ വ്യാപന ഘട്ടത്തില്‍ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. 'കേരള മോഡല്‍' പ്രകീര്‍ത്തിക്കപ്പെടുകയാണ്. അമേരിക്കന്‍ മലയാളികളും 'ശാരാരിക അകലം, സാമൂഹിക ഒരുമ...' എന്ന കേരളത്തിന്റെ അമൃത മന്ത്രം പിന്തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേരള മോഡല്‍ ലോകത്തിന് തന്നെ വഴികാട്ടിയാവുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ കൊറോണ നിയന്ത്രണവിധേയമാണെന്നാണ് ഏറ്റവുമൊടുവിലത്തെ വിലയിരുത്തല്‍.

എന്താണ് കേരള മോഡല്‍..? കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളില്‍ വികസിച്ചുവന്ന സവിശേഷമായ സാമൂഹിക, സാമ്പത്തിക അവസ്ഥാ വിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങള്‍ക്കും നല്‍കപ്പെടുന്ന പേരാണ് 'കേരള  മോഡല്‍'. താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയര്‍ന്ന സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഈ മോഡല്‍, 'കേരള പ്രതിഭാസം' എന്നും അറിയപ്പെടുന്നു. കേരള ജനസംഖ്യയില്‍ ഒരു വലിയ ശതമാനം പ്രവാസത്തിലായിരിക്കുന്നു എന്നതാണ് ഈ മോഡലിന്റെ ഒരു പ്രത്യേകത. സമ്പദ് വ്യവസ്ഥ വലിയൊരളവോളം പ്രവാസികളുടെ വരുമാനത്തെ ആശ്രയിക്കാന്‍ ഇതു കാരണമായി. 

സംസ്ഥാനത്തെ സാമ്പത്തികോല്പാദനത്തിന്റെ 20 ശതമാനത്തോളം പ്രവാസികളുടെ സംഭാവനയാണ്. പ്രവാസികളില്‍ ഒട്ടേറെപ്പേര്‍ വിദേശ നാടുകളില്‍ നിര്‍മ്മാണരംഗത്തും മറ്റും തൊഴില്‍ കണ്ടെത്തി. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ സമ്പദ് ഘടനയെ പുഷ്ടിപ്പെടുത്തി. തിരുവതാംകൂര്‍ കൊച്ചി രാജവംശങ്ങളുടെ ജനോപകാരപ്രദമായ നടപടികളും ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും കേരളാ മോഡല്‍ വികസനത്തിന് തുടക്കം കുറിച്ചു. സവിശേഷമായ ഒരു കേരള മാതൃക സൃഷ്ടിക്കുന്നതില്‍ കേരളത്തിന്റെ സിവില്‍ സര്‍വ്വീസ്, പൊതു വിദ്യാഭ്യാസ മേഖല, പൊതു മേഖല എന്നിവയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം വളരെ മുന്നിലാണ്. 2019 നവംബറില്‍ സംഹാര രൂപം പ്രാപിച്ച കൊറോണ വൈറസ് ലോകമെമ്പാടും മരണത്തിന്റെ രൗദ്രതയിലേക്ക് പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേരളം, സര്‍വ ശക്തിയുമെടുത്ത് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തേടി. ''കേരളം ഇന്ന് ചെയ്യുന്നത് നാളെ ഇന്ത്യ ചെയ്യേണ്ടി വരും...'' എന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തേടി തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങള്‍ കേരളത്തിലേക്ക് ആരോഗ്യ വിദഗ്ധരെ അയയ്ക്കുന്ന സാഹചര്യമുണ്ടായി. അവിടെ നിന്നാണ് കൊവിഡ് പ്രതിരോധത്തില്‍, ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ രൂപം കൊള്ളുന്നത്. 

കൃത്യമായ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, വിദേശത്തെ ആരോഗ്യ വിദഗ്ധരുമായി നിരന്തരം ബന്ധപ്പെട്ട് നടത്തിയ സംവാദങ്ങള്‍, വിദേശത്തു നിന്നെത്തിയ ഓരോരുത്തരെയും കണ്ടെത്തല്‍, രോഗം വഹിച്ചും രോഗലക്ഷണങ്ങളോടെയും പുറത്തിറങ്ങി യാത്ര ചെയ്തവരുടെ റൂട്ട് മാപ്പ് തയ്യാറാക്കല്‍, രോഗ ലക്ഷണമുള്ളവര്‍ക്ക് നിര്‍ബന്ധിത ഐസൊലേഷനും ക്വാറന്റൈനും. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ വിലയിരുത്തലും തുടര്‍ നടപടികളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ഒക്കെയായി ശക്തമായ മുന്നൊരുക്കങ്ങളോടെ കേരളം കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയാകുകയാണ്. ലോകത്തെ വിറപ്പിച്ച നിപ്പയെന്ന മാരക പകര്‍ച്ചവ്യാധിയെ പിടിച്ചു കെട്ടിയ അനുഭവ സമ്പത്താണ് കൊറോണയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തായത്. 

ചൈനയിലെ വുഹാനില്‍ നിന്ന് 2020 ജനുവരി 30ന് എത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിന്റെ ആരോഗ്യ രംഗം കൂടുതല്‍ ജാഗരൂകമാവുകയായിരുന്നു. മഹാരാഷ്ട്രക്ക് തൊട്ടുപിന്നാലെ കൊറോണ കേസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് രോഗി എത്തിയതും കേരളത്തിലാണ്. എന്നാല്‍ ഇവരെ ചികിത്സിച്ച് രോഗം ബേധമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴാം തീയതി വരെ 71 പേരാണ് രോഗവിമുക്തരായത്. ആറാം തീയതി 59,594 പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. 327 രോഗികളില്‍ ഏപ്രില്‍ ആറാം തീയതി വൈകുന്നേരം വരെ 266 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 

നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശികളായിരുന്നു. ഇതില്‍ മൂന്നുപേര്‍ ഇപ്പോഴും ആശുപത്രിയിലുണ്ട്. ആശുപത്രികളില്‍ നിന്ന് വിട്ടയച്ച 59 പേരുടെയും നിരീക്ഷണ കാലം ഇപ്പോഴും അവസാനിച്ചിട്ടില്ല. ദിവസം ശരാശരി രണ്ടായിരത്തോളം പേരെങ്കിലും നിരീക്ഷണത്തിലാവുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഇപ്പോള്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ രോഗ ലക്ഷണങ്ങളില്ലാത്തവരെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നത്. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. കേരള മാതൃക പിന്തുടരാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധനന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണിനും നിരോധനാജ്ഞയ്ക്കും പുറമേ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള കാസര്‍കോട്ട് പ്രത്യേക പരിരക്ഷണം കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇന്ത്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ പത്തനംതിട്ട റാന്നി സ്വദേശി തോമസ് (93) രോഗം ഭേദമായി ആശുപത്രി വിടുമ്പോള്‍ കേരളം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നു. കൊവിഡ് രോഗ ലക്ഷണമുള്ള പ്രായമായവരെ ചികിത്സിക്കാന്‍ പോലും യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാതിരിക്കുമ്പോഴാണ് രോഗം ഭേദമായി തോമസും ഭാര്യ മറിയാമ്മയും (88) ആശുപത്രി വിടുന്നത്. പ്രായമായവരെയും ഭേദമാക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ഇതുവഴി കേരളം ലോകത്തിന് നല്‍കിയിരിക്കുന്നത്.

ചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണം നല്‍കുന്ന കാര്യത്തിലും പുനരധിവാസത്തിലും കേരളം തന്നെയാണ് രാജ്യത്തെ ഒന്നാം സംസ്ഥാനം. ഡോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും വിശന്നിരിക്കേണ്ടി വരില്ലന്ന് പ്രഖ്യാപിച്ചതും കേരളമാണ്. കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി വലിയ അനുഗ്രഹമാണ്. കൊറോണയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമായി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യവും ഇതോടൊപ്പം വിതരണം ചെയ്യും. ഡല്‍ഹിയും തെലങ്കാനയും കുടിയേറ്റ തൊഴിലാളികള്‍ക്കിപ്പോള്‍ അഭയമൊരുക്കിയതും കേരളത്തിന്റെ മാതൃകയുടെ ചുവട് പിടിച്ചാണ്.

മരണത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ കേരളത്തിലെ ആരോഗ്യവകുപ്പും പൊതു സമൂഹവും സന്നദ്ധമാണ്. വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയ ഏഴ് വിദേശികള്‍ രോഗം ഭേദമായി സ്വന്തം നാട്ടിലേക്ക് മടങ്ങി. സ്വദേശത്തായിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇവരെ കേരളം രക്ഷപ്പെടുത്തിയത്. റാന്നിയിലെ വദ്ധ ദമ്പതികളെ പരിചരിക്കുന്നതിനിടെ രോഗം സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നേഴ്‌സ് രേഷ്മ മോഹന്‍ദാസിന് രോഗം ഭേദമായപ്പോള്‍ വലിയ ആശ്വാസമായി. അതിലേറെ അഭിമാനവും. 

വാല്‍ക്കഷണം

പ്രതിരോധമാണ് ഏറ്റവും നല്ല ആക്രമണമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കേരളം സര്‍വ ശക്തിയുമെടുത്ത് കൊവിഡിനെ പ്രതിരോധിക്കുകയാണ്. നിപ്പയെ തോല്‍പ്പിച്ച കേരളം നിശ്ചയമായും കൊറോണയെയും സംഹരിക്കും. ലോകവും...

  ഇവിടെ കൊറോണ വ്യാപനം നിയന്ത്രണ വിധേയം, ആശ്വാസമായി 'കേരള മോഡല്‍' (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക