Image

ഒരു കൊറോണ കരുതല്‍ തടവുകാരന്റെ കുറിപ്പുകള്‍-(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 April, 2020
ഒരു കൊറോണ കരുതല്‍ തടവുകാരന്റെ കുറിപ്പുകള്‍-(ദല്‍ഹികത്ത് : പി.വി.തോമസ്)
ഏകാന്തത ദുഃഖം ആണ്. ദുസഹവും ആണ്. ചിലപ്പോള്‍ സ്വയം തെരഞ്ഞെടുത്ത ഏകാന്തതയും ഒറ്റപ്പെടലും സുഖകരമായ ഒരു അനുഭവം ആണ്. പക്ഷേ, ഇവിടെ ഏകാന്തത അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. കാരണം അത് ആരോഗ്യപരം ആണ്. അല്ലെങ്കില്‍ കൊറോണകാലത്തെ മാരകമായ ഈ കരുതല്‍ തടങ്കലിനേക്കാള്‍ ദാരുണം ആയിരിക്കും പുറംലോകസംസര്‍ഗ്ഗം.

കുറെ ദിവസങ്ങളായി കൊറോണയുടെ കരുതല്‍ തടങ്കലില്‍ ആണ്. ഒരു ദിവസം പോലും പ്രധാനമന്ത്രിയുടെ ലക്ഷ്മണരേഖ ഭേദിച്ചിട്ടില്ല. എഴുത്തും വായനയും ടെലിവിഷന്‍ കാണലും ഊണും ഉറക്കവും മാത്രം. മൊബൈല്‍ ഫോണ്‍ മാത്രം ആണ് ബാഹ്യലോകവുമായിട്ടുള്ള ഒരേ ഒരു സംസര്‍ഗ്ഗമാര്‍ഗ്ഗം. പഴയ സുഹൃത്തുക്കളെ വിളിച്ച് പരിചയം പുതുക്കാം. ചില നമ്പറുകളിലുള്ള സുഹൃത്തുക്കള്‍ ജീവനോടെയില്ല എന്ന് അന്വേഷണത്തില്‍ അറിയുമ്പോള്‍ ദുഃഖം. എന്തുചെയ്യാം. ചിലപ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ നിന്നും പ്രതികരണത്തിനായിരിക്കും. അങ്ങനെ വീണ്ടും ലോകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു. പ്രധാനമന്ത്രി അങ്ങനെ ചെയ്യരുത്, മുഖ്യമന്ത്രി ഇങ്ങനെ ചെയ്യണം, ജനങ്ങള്‍ പുറത്തിറങ്ങറുത് എന്നെല്ലാം പറയാം. പിന്നീടുള്ളത് ടെലിവിഷന്‍ ആണ്. വാര്‍ത്തകള്‍ മുഴുവനും കൊറോണയെ കുറിച്ചുള്ളതാണ്. ആശങ്ക, ഉല്‍ക്ണ്ഠ, ദുഃഖം എന്നിവയാണ് വാര്‍ത്തകളില്‍ മുറ്റിനില്‍ക്കുന്നത്. ഇത്രയും കാലത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ലോകം ഇങ്ങനെ ഒരു പ്രതിസന്ധിയിലായത് അനുഭവിക്കുന്നത്, അറിയുന്നത്. രണ്ട് ലോകമഹായുദ്ധകാലത്തും ജനിക്കുവാനോ ജീവിക്കുവാനോ ഉള്ള ദൗര്‍ഭാഗ്യം ഉണ്ടായില്ല.

വീട്ടിലെ നിത്യസന്ദര്‍ശകനായി ആ പ്രഭാത സുഹൃത്ത് ലോക്്ഡൗണിനുശേഷം തിരിഞ്ഞുകടന്നിട്ടില്ല. കോളണിയില്‍ പത്രത്തിന് വിലക്ക് ആണ്. കൊറോണ അവന്‍ മുഖാന്തിരം വന്നാലോ? അതുകൊണ്ട് പത്രം വായന നിലച്ചു. ദിവസം നാലുപത്രം അരിച്ചു പെറുക്കി വായിച്ച് അടിവരയിട്ടു പഠിക്കുന്ന ദിനചര്യ ഇല്ലാതായി. ടെലിവിഷന്‍ ശരണം. പിന്നെ സംശയാസ്പദമായ സാമൂഹ്യമാധ്യമങ്ങളും. അടുക്കളെ ശൂന്യമായികൊണ്ടിരിക്കുന്നു. അത് ഭാര്യയുടെ ഉത്തരവാദിത്വമാണ്. കൂട്ടിയ കറിതന്നെ മൂന്നും നാലും പ്രാവശ്യം കഴിച്ചു മടുത്തു. പക്ഷേ ഒന്നിനും മുടക്കമില്ല. ഉച്ചയൂണിനും അത്താഴത്തിനും മുമ്പു രുചിക്കുന്ന ആദ്രാവകം കണ്ടകാലം മറന്നു. സുഹൃത്തു സംഭാഷണങ്ങളിലെ ഉല്‍ക്കണ്ഠയായി അത് അവശേഷിക്കുന്നു. കൊറോണ വീട്ടുവേലക്കാരിയെയും അകറ്റി. കോളണിയില്‍ പ്രവേശനം ഇല്ല. ആകെ വീട്ടില്‍ പ്രവേശനം ഉള്ളത് വെള്ളം സപ്ലൈ ചെയ്യുന്ന കമ്പനിയുടെ ജോലിക്കാരന് മാത്രം ആണ്. ജാര്‍ കാലിയാകുമ്പോള്‍ പറയുന്നതനുസരിച്ച് വെള്ളം കൊണ്ടുതരും. സാനിറ്ററൈസര്‍ കൊണ്ട കൈ ശുദ്ധമാക്കി ആണ് 'മാസ്‌ക്' ധാരിയായ അദ്ദേഹത്തെ ആനയിക്കുക.
എണ്ണൂറിലേറെ ഫ്‌ളാറ്റുകളുള്ള ഈ കോളനിയില്‍ ഒരു മനുഷ്യനെ കണ്ടിട്ടോ അവരുടെ ശബ്ദം വഴിയില്‍ കേട്ടിട്ടോ ദിവസങ്ങള്‍ ആയി. ആകെ ഉറങ്ങിയ ഒരു അവസ്ഥ. സൈക്കിള്‍ ചവിട്ടുന്ന കുട്ടികളെ കാണാനില്ല. ഇതുതന്നെയായിരിക്കും പാര്‍ക്കുകളുടെയും അവസ്ഥ.
ഒരു ദിവസം സോഷ്യല്‍മീഡിയയില്‍ ഒരു അമേരിക്കന്‍ ഡോക്ടറുടെ ആക്രോശം കേട്ടു. അമേരിക്കയിലെ വൈദ്യശാസ്ത്രത്തെ നയിക്കുന്നത് ഡോക്ടര്‍മാരോ നഴ്‌സുമാരോ അല്ല എം.ബി.എ.ക്കാരും അവരുടെ ക്യാഷ് രജിസ്ട്രറിയുമാണത്രെ. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ അപജയം. ഡോക്ടര്‍മാരും നഴ്‌സുമാരും ഇവരുടെ അടിമകള്‍ മാത്രമാണെന്നും ഈ ഡോക്ടര്‍ പരാതിപ്പെട്ടു. കേട്ടു, അത് കുറിച്ചിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം.കെയേഴ്‌സ് എന്ന പേരില്‍ ഒരു ചാരിറ്റി തുടങ്ങി. നല്ലതുതന്നെ. പക്ഷേ, അത് വിവാദമായി. കാരണം ചട്ടം മാറ്റി വിദേശസഹായം സ്വീകരിക്കുവാന്‍ ഈ സംഘടനയെ അനുവദിച്ചു. കേരളവും മറ്റും വെള്ളപ്പൊക്കത്തില്‍ വലഞ്ഞപ്പോള്‍ വിദേശസഹായം നിര്‍ദ്ദാക്ഷിണ്യം നിരാകരിച്ച മോദിക്ക് എന്തിനീ മനം മാറ്റം ഇപ്പോള്‍?

മറ്റൊരു വലിയ സംഭവവികാസം തബ്ലിബി ജമാനത്തിന്റെ നിസാമുദ്ദീന്‍ മര്‍ക്കസ് ആയിരുന്നു. ആയിരക്കണക്കിന് ദേശീയ- വിദേശീയ മുസ്ലീങ്ങള്‍ ആണ് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ ഇതിനായി ചേര്‍ന്നത്. അവര്‍ ദിവസങ്ങളോളം അവിടെ താമസിച്ചു. മാര്‍്ച്ച് 13, 14 തീയതികളില്‍ ആയിരുന്നു മര്‍ക്കസിന്റെ പ്രധാന പരിപാടികള്‍. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ പലരും ഇന്‍ഡ്യയിലെ പല ഭാഗങ്ങളിലേക്കും പോയിട്ടുണ്ട്. അവിടെയെല്ലാം ഒട്ടേറെ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടും ഉണ്ട്. ഇതിനെതിരെ സംഘപരിവാര്‍ യുദ്ധം അഴിച്ചു വിട്ടു. ഇന്‍ഡ്യക്കെതിരെ മുസ്ലീം ഭീകരവാദികള്‍ ബയോ-ജിഹാദ് നടത്തുകയാണെന്ന് പരക്കെ പ്രചരണം ഉണ്ടായി. അത് ഇപ്പോഴും തുടരുന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം വര്‍ഗ്ഗീയ പ്രചരണത്തെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ചു. പിറകെ, കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്ദിയൂരപ്പയും ഇതാവര്‍ത്തിച്ചു. കേരളം കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നു. കര്‍ണ്ണാടകയാകട്ടെ ബി.ജെ.പി.യും. കര്‍ണ്ണാടകയും കേരളവും തമ്മില്‍ ഒരിക്കലും സംഭവിക്കരുതാത്ത ഒരു അതിര്‍ത്തി തര്‍ക്കം ഈ കൊറോണ കാലത്ത് ഉണ്ടായി. കര്‍ണ്ണാടക കേരളം അതിര്‍ത്തി മണ്ണിട്ട് തടഞ്ഞു. കാസര്‍കോട് നിന്നുള്ള കൊറോണ രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതു തടഞ്ഞു. പത്തോളം കേരളരോഗികള്‍ ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചു. കേരളം കേന്ദ്രത്തിലും കോടതിയിലും പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല സമയത്ത്.

സംഘപരിവാര്‍ ആരോപിക്കുന്ന ബയോ ജിഹാദ് അക്ഷന്തവ്യമായ ഒരു അപരാധം ആണ്. വളരെ ക്രൂരമായ ഒരു ആക്രമണം ആണ് ഉള്ളത്. കൊറോണയെക്കാള്‍ അപകടകാരിയായ ഒരു വൈറസ് ആണ് ഇത്. ഇങ്ങനെ ഒരു വന്‍ ഗൂഢാലോചന തബ് ലിബി ജമാത്തിന്റെ നിസാമുദ്ദീന്‍ മര്‍ക്കസിന് പിറകില്‍ ഉണ്ടായിരുന്നെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് അത് കണ്ടുപിടിക്കണം, ഒരു മതവിഭാഗത്തെ മുഴുവന്‍ താറടിക്കുവാന്‍ ആരെയും അനുവദിക്കരുത്. ആരാണ് ഈ മര്‍ക്കസിന് അനുവാദം നല്‍കിയത്? ആരാണ് ഇവരില്‍ വിദേശികളായവര്‍ക്ക് വീസ നല്‍കിയത്? കേന്ദ്രഗവണ്‍മെന്റിനും അമിത്ഷായുടെ ഗൃഹമന്ത്രാലയത്തിനും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കുമോ? മര്‍ക്കസിന്റെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അരവിന്ദ് കേജരിവാളിന്റെ ദല്‍ഹി ഗവണ്‍മെന്റിന് ഒഴിഞ്ഞുമാറുവാന്‍ സാധിക്കുമോ? ഇല്ല, ഇവര്‍ക്കാര്‍ക്കും കൈകഴുകി തടിതപ്പുവാന്‍ സാധിക്കുകയില്ല. പക്ഷേ, തബ് ലിബി ജമാനത്തിനും അവരുടെ നിസാമുദ്ദീന്‍ മര്‍ക്കസിന്റെ ഭാരവാഹികള്‍ക്കും കൊറോണപോലുള്ള ഒരു സ്ഥിത വിശേഷത്തിന്റെ ഗൗരവം മനസിലാക്കി ഇതില്‍ നിന്നും  അവസാന നിമിഷം എങ്കിലും പിന്മാറാമായിരുന്നു. പക്ഷേ, പിന്മാറിയില്ല. യോഗം കഴിഞ്ഞ് ഒഴിപ്പിക്കുവാന്‍ പോലീസ് അധികൃതരോട് അഭ്യര്‍്തഥിച്ചപ്പോള്‍ സമയം വൈകിയിരുന്നു.

ഒരു കാര്യം ഓര്‍മ്മിക്കണം. നിസാമുദ്ദീന്‍ മര്‍ക്കസിന്റെ സമയത്തുതന്നെ പാര്‍ലിമെന്റും നടക്കുന്നുണ്ടായിരുന്നു. ഏകദേശം 7,000 പേര്‍ പാര്‍ലിമെന്റിന്റെ സമ്മേളനത്തില്‍ ഒരു ദിവസം അവിടെ ഉണ്ടായിരിക്കും. പ്രതിപക്ഷം പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ പറഞ്ഞെങ്കിലും അങ്ങനെ ഒരു ആരോഗ്യ അടിയന്തിരാവസ്ഥ തല്‍ക്കാലം നിലവിലില്ലെന്നാണ് ഗവണ്‍മെന്റ് പറഞ്ഞത്. അതിന് കാരണവും ഉണ്ടായിരുന്നു. മദ്ധ്യപ്രദേശില്‍ കമല്‍നാഥിനെ (കോണ്‍ഗ്രസ്) അട്ടിമറിച്ചു ശിവരാജ് സിംങ്ങ് ചൗഹാന്‍(ബി.ജെ.പി.) അധികാരത്തില്‍ വരുവാനുളഅള നീക്കങ്ങളുടെ പാരമ്യത ആയിരുന്നു ആ ദിവസങ്ങള്‍. മദ്ധ്യപ്രദേശ് നിയമസഭ പിരിച്ചു വിടാന്‍ സ്പീക്കര്‍ ഉന്നയിച്ച കാരണം. കൊറോണ മൂലമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ ആയിരുന്നു. അപ്പോള്‍ പാര്‍ലിമെന്റ് ആ പാത തുടര്‍ന്നാല്‍ ബി.ജെ.പി.യുടെ അട്ടിമറി പരിപാടി പൊളിയും. മര്‍ക്കസിലെ പോലെ തന്നെ ഒരു വന്‍ ജനക്കൂട്ടം ആണ് ശിവരാജ് സിംങ്ങ് ചൗഹാന്റെ വിജയോത്സവത്തില്‍ പങ്കെടുത്തു ഹസ്തദാനം ചെയ്തു ആലിംഗബദ്ധരായത്. അവിടെ അവര്‍ അകലം പാലിച്ചിരുന്നോ? ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാംലല്ല പ്രതിഷ്ഠയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഈ അകലം പാലിച്ചിരുന്നോ-കീപ്പ് ഡിസ്റ്റന്‍സ്-?

ഈ കൊറോണ സന്ദര്‍ഭത്തില്‍ മോദി മൂന്ന് പ്രാവശ്യം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. നല്ലത്. ആദ്യം മാര്‍ച്ച് പത്തൊമ്പതിന് ജനത കര്‍ഫ്യൂ(മാര്‍ച്ച് 22) പ്രഖ്യാപിക്കുവാന്‍. അടുത്തത്, 21 ദിവസത്തെ ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുവാന്‍. പിന്നീട് മാര്‍ച്ച് അഞ്ചിന് 9 മണിക്ക് 9 മിനിറ്റു നേരത്തേക്ക് വിളക്കു കെടുത്തി വിളക്ക് തെളിക്കുവാന്‍. ഈ അവസരങ്ങളിലെല്ലാം കൊറോണ കരുതല്‍ തടവുകാരനായ ലേഖകന് ലോകവുമായി ടെലിവിഷനിലൂടെ ബന്ധപ്പെടുവാന്‍ സാധിച്ചു. കൃതാര്‍ത്ഥത. ദേശീയ അടച്ചിടലിനെ സ്വാഗതം ചെയ്യണം. പക്ഷേ,  തയ്യാറെടുപ്പിനായി ജനങ്ങള്‍ക്ക് അല്പം, സമയം നല്‍കാമായിരുന്നു. പാട്ടകൊട്ടലും(ജനതഹര്‍ദ്ദാല്‍) വിളക്ക് കെടുത്തി വിളക്ക് തെളിയിക്കുന്നതും മറ്റും ശാസ്ത്രീയ ബന്ധമില്ലാത്ത പ്രതിരൂപാത്മകമായ ചിലതാണ്. അത് വ്യക്തികളുടെ താല്‍പര്യത്തിന് വിടാം. അകലം പാലിക്കാതെ തീപ്പന്തഘോഷയാത്ര നടത്തിയ ബി.ജെ.പി. ആര്‍വി എം.എല്‍.എ. ദാദാറാവു കിച്ചെയും(വര്‍ദ), മാര്‍ച്ച് 5-ന് 9 മണിക്ക് 9 മിനിട്ടുനേരം കൈത്തോക്കില്‍ നിന്നും നിറയൊഴിച്ച് കൊറോണയെ  നിഗ്രഹിച്ച ബി.ജെ.പി. വനിതാ നേതാവ് മജ്ജുതീവാരിയും മോദി-ഷാമാരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാകാം. ആ പ്രഹനത്തില്‍ നിന്നും വിട്ടുനിന്നതില്‍ വ്യക്തിപരമായ ചാരിതാര്‍ത്ഥ്യം ഉണ്ട്.

ദേശീയ അടച്ചിടല്‍ തുടരുകയാണ്. കൊറോണ വ്യാപിക്കുകയും ആണ്. അടച്ചിടല്‍ ഏപ്രില്‍ 14-ന് ശേഷവും തുടരും എന്ന കിംവദന്തിയും ഉണ്ട്. കരുതല്‍ തടവില്‍ നിന്നും മോചനം തേടുന്നവര്‍ക്ക് അത് വീണ്ടും ശ്വാസം മുട്ടിക്കുന്ന ഒരു അനുഭവം ആണ്. സമ്പൂര്‍ണ്ണ അടച്ചിടല്‍ ചില നിബന്ധനകളോടെ പിന്‍വലിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഭാഗീകമായി അത് തുടരുകയും ചെയ്യും. കൊറോണയെ തോല്‍പിക്കുവാന്‍ എന്തും സ്വീകരിക്കണം. അമേരിക്കയ്ക്ക് പററിയ തെറ്റ് ആരും ആവര്‍ത്തിക്കരുത്. പക്ഷേ, ഈ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്. കാരണം ആരോഗ്യപരിപാലനവും പോലീസും മറ്റും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വം ആണ്. അവരാണ് ആത്യന്തികമായി അത് നടപ്പില്‍ വരുത്തേണ്ടതും അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കേണ്ടതും. കേന്ദ്രം കേരളത്തെ പിന്തുടരട്ടെ.

സത്യത്തില്‍ കേന്ദ്രത്തിന് ആദ്യം അടിപിഴച്ചില്ലേ? കേരളം പ്രഖ്യാപിച്ചതിനുശേഷം ആണെങ്കിലും അടുത്ത ദിവസം കേന്ദ്രം ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. നന്നായി. പക്ഷേ, ഇന്‍ഡ്യയില്‍ ആദ്യത്തെ കൊറോണ കേസ് ജനുവരി 30-ന് കണ്ടുപിടിച്ചതാണ്.  തുടര്‍ന്നുള്ള ദിനങ്ങളില്‍ മോദി-ഷാദ്വയം നമസ്‌തേ ട്രമ്പിന്റെ തെരക്കില്‍ ആയിരുന്നു. കൂടെ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് അട്ടിമറിക്കലിലും. മാര്‍ച്ച് നാലിന് ആണ് കേന്ദ്രം ആദ്യ കൊറോണ മീറ്റിംഗ് വിളിച്ചു കൂട്ടിയത്. ഒരാഴ്ചയ്ക്കുള്‌ളില്‍ (മാര്‍ച്ച് 11) ലോകാരോഗ്യ സംഘടന കൊറോണയെ ഒരു ബഹുവ്യാപ്തരോഗമായി (പകര്‍ച്ചവ്യാധി) പ്രഖ്യാപിച്ചിട്ടും കേന്ദ്രം കുലുങ്ങിയില്ല. മാത്രവുമല്ല മാര്‍ച്ച് 13-ന് കൊറോണ ഒരു ആരോഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവിടെയാണ് മുമ്പ് സൂചിപ്പിച്ച മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പിടിച്ചെടുക്കലിന്റെ കഥ വരുന്നത്. മാര്‍ച്ച് പതിനൊന്നും പന്ത്രണ്ടും മദ്ധ്യപ്രദേശ് അട്ടിമറി രാഷ്ട്രീയത്തിന്റെ മുര്‍ദ്ധന്യാവസ്ഥ. മാര്‍ച്ച് പതിനഞ്ചോടെ മദ്ധ്യപ്രദേശ് നാടകത്തിന്റെ യവനിക വീണതിനുശേഷം മാര്‍ച്ച് 16-ന് സാര്‍ക്ക് രാഷ്ട്രങ്ങളെ കൊറോണ സംബന്ധിച്ച് അഭിസംബോധന ചെയ്തു. അത് നന്നായിരുന്നു. ഒരു പ്ബ്ലിക്ക് റിലേഷന്‍സ് വ്യായാമവും ആയിരുന്നു അത്. പക്ഷേ, ഏററവും പ്രധാനം ര്ാജ്യത്തിനുളളില്‍ എന്തു നടക്കുന്നുവെന്നാണ്? ഇവിടെ അമേരിക്കയുമായോ ട്രമ്പുമായോ താരതമ്യം ഇല്ല. രണ്ടാമത്തേത് വലിയ ഒരു പഠനവിഷയം ആണ്. മനുഷ്യന്റെ ജീവനാണോ സ്‌റ്റേക്ക് എക്‌സ്‌ചേഞ്ച് റേറ്റിങ്ങിനാണ് വില എന്നതാണ് വിഷയം.

 കൊറോണ കരുതല്‍ തടങ്കലിനിടയില്‍ ട്രമ്പ് മോഡിക്ക് നല്ലൊരു സമ്മാനവും നല്‍കി. ഫെബ്രുവരി സന്ദര്‍ശനത്തിലെ എല്ലാ ഹണിമൂണും അവിടെ മാഞ്ഞുപോയി. വിഷയം ഇതാണ്. ട്രമ്പിന് ഇന്‍ഡ്യയില്‍ നിന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വേണം. ഇത് മലേറിയക്ക് എതിരായുള്ള ഒരു മരുന്ന് ആണ്. കൊറോണ പ്രതിരോധത്തിനും ഉപയോഗിക്കാം. ട്രമ്പ് ഇത് മോദിയുമായി കഴിഞ്ഞ ദിവസം അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ വൈറ്റ് ഹൗസ് ബ്രീഫിംങ്ങിനു ശേഷം ഒരു മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരം ആയി ട്രമ്പ് കാര്യം സ്ഥിരീകരിക്കവെ ധിക്കാരത്തോടെ ആണ് സംസാരിച്ചത്. 'ഞാന്‍ അദ്ദേഹത്തോട്(മോദി) സംസാരിച്ചു. ഞാന്‍ പറഞ്ഞു ഞങ്ങള്‍ക്കുളഅള ഈ വസ്തുവിതരണം ചെയ്യുന്നതില്‍ ശ്ലാഘിക്കുന്നു. അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ അവിടെ തിരിച്ചടി ഉണ്ടാകും. എന്തുകൊണ്ട് പാടില്ല?' ഇത് ഭീഷണിയുടെ ഭാഷയാണ്. ഒരു സുഹൃത്ത് ഒരു സുഹൃത്തിനോട് സഹായം ചോദിക്കുന്നതിന്റെ ഭാഷ അല്ല. ഇതാണ് മോഡി-ട്രമ്പ് സൗഹൃദത്തിന്റെ പൊരുള്‍? കോണ്‍ഗ്രസ് എം.പി. ശശിതരൂര്‍ ഇതെക്കുറഇച്ച ട്വീറ്റ് ചെയ്തത് ശ്രദ്ധിക്കുക. ദശാബ്ദങ്ങളായിട്ടുള്ള അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തി പരിചയത്തില്‍(അണ്ടര്‍ സെക്രട്ടറി, ഐക്യ രാഷ്ട്രസഭ) ഒരു നേതാവും മറ്റൊരു രാഷ്ട്രനേതാവിനോട് ഈ രീതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് കേട്ടിട്ടില്ല! ട്രമ്പ് വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് മേ ബൂട്ട് എഴുതിയതുപോലെ സമീപകാല അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രസിഡന്റ് ആവുകയാണോ?

കൊറോണ ദേശീയ അടച്ചുപൂട്ടല്‍ തുടരുകയാണ്. താമസിയാതെ ഈ കരുതല്‍ തടവ് അവസാനിക്കുമെന്ന് കരുതാം. ദേശീയ അടച്ചുപൂട്ടല്‍ ഉപാധികളോടെ തുടര്‍ന്നെന്നും ഇരിക്കാം. ഏതായാലും ഹാനികരം അല്ലാത്ത ഉത്തരവാദിത്വമുളള സ്വാതന്ത്ര്യത്തിനായി കാത്തിരിക്കാം. കൊറോണയില്‍ ജീവന്‍ പോയവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ കൊറോണകുറിപ്പ് തല്‍ക്കാലം നിറുത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക