Image

നൂതനാശയങ്ങളുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജോര്‍ജ്‌

ജോയ് തുമ്പമണ്‍ Published on 22 May, 2012
നൂതനാശയങ്ങളുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജോര്‍ജ്‌
ചോദ്യം: ആദ്യമായിട്ടാണല്ലോ ഒരു മലയാളി അമേരിക്കയിലെ പരമോന്നത സമിതിയിലൊന്നായ യു.എസ്. കോണ്‍ഗ്രസിലേയ്ക്കു മത്സരിക്കുന്നത്. വിജയസാദ്ധ്യതയെപ്പറ്റി എന്തു പറയുന്നു?

ഉത്തരം:  യുഎസ് കോണ്‍ഗ്രസ് ഡിസ്ട്രിറ്റ് 22ല്‍ നിന്നാണ് ഞാന്‍ മത്സരിക്കുന്നത്. പണ്ട് ഈ മണ്ഡലം വെളളക്കാരുടെ കുത്തകയായിരുന്നു. ഇന്നു അതില്‍ വെളളക്കാര്‍ ന്യൂനപക്ഷമാണ്. ഏഷ്യക്കാരും മറ്റുമാണ് ഭൂരിപക്ഷം അവര്‍ ജാഗ്രതയോടെ
വോട്ട് ചെയ്താല്‍ വിജയം സുനിശ്ചയമാണ്. എന്റെ എതിരാളി പണം കൊണ്ടും സ്വാധീനം കൊണ്ടും സമര്‍ത്ഥനാണ് എന്നാലും വിജയം ഞാന്‍ സ്വപ്നം കാണുന്നു.

ചോദ്യം: താങ്കളുടെ പ്രൊഫഷണല്‍ യോഗ്യതകള്‍ ഇതിനെ എങ്ങനെ സഹായിയ്ക്കും?

ഉത്തരം: എന്റെ വിദ്യാഭ്യാസ, തൊഴില്‍ പശ്ചാത്തലം ബിസിനസ്സ് ആന്റ് ഫൈനാന്‍സ് ആണ്. ഈയിടെ ഞാന്‍ ഒരു ലേഖനം വായിക്കുകയുണ്ടായി. അതില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം യു.എസ് കോണ്‍ഗ്രസ്സില്‍ കേവലം 8 ശതമാനം മാത്രമെ ഫൈനാസില്‍ പ്രാമുഖ്യമുള്ളവരുള്ളൂ. ബാക്കിയുള്ളവര്‍ എല്ലാം ലോയേസ് ( Lawyers) ആണ്. സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അവസരത്തില്‍ നമുക്കാവശ്യം സാമ്പത്തിക വശത്തെക്കുറി
ച്ചറിയുന്നവരെയാണ്. അവിടെയാണ് എന്റെ യോഗ്യതയുടെ പ്രസക്തി ഏറുന്നത്.

ചോദ്യം: നാട്ടിലെ വളര്‍ന്നുവന്ന സാഹചര്യം, മാതാപിതാക്കള്‍, ബാല്യം, വിദ്യാഭ്യാസം ഇത് ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് അറിഞ്ഞാല്‍ കൊള്ളാം?

ഉത്തരം: ഞാന്‍ ജനിച്ചതും വളര്‍ന്നതും കോന്നിക്കടുത്ത് കോക്കത്തോട് എന്ന ഗ്രാമത്തില്‍ കേളയില്‍ എന്ന കുടുംബത്തിലാണ്. മാതാപിതാക്കള്‍ കെ.റ്റി. ജോര്‍ജ്, ഏലിയാമ്മ. എന്റെ പിതാവ് ഒരു ട്രക്ക് ഡ്രൈവര്‍ ആയതിനാല്‍ വീട്ടില്‍ നിന്നു അനേക ദിവസങ്ങള്‍ മാറി നില്‍ക്കുമായിരുന്നു. സഹോദരീ സഹോദരന്മാര്‍ എട്ടുപേര്‍.
മൂത്തയാള്‍ ഞാന്‍ ആയിരുന്നതിനാല്‍ വീടിന്റെ ചുമതല എനിയ്ക്കായിരുന്നു. പറമ്പിലും ഞാന്‍ അദ്ധ്വാനിക്കുമായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും ഞങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ അവര്‍ വളരെ ഉല്‍സുഹരായിരുന്നു. ആയതിനാല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഞാന്‍ നന്നെ മനസ്സിലാക്കി. അമേരിക്കയിലെ ഓരോ പൗരനും വിദ്യാഭ്യാസത്തിന്റെ സാഹചര്യം ഒരുക്കി കൊടുക്കണം എന്നതില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.

ചോദ്യം: സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാനുള്ള പ്രചോദനം വായനക്കാരുമായി പങ്കുവയ്ക്കുമോ?

ഉത്തരം: എന്റെ പിതാവ് എന്റെ ഇരുപതാമത്തെ വയസ്സില്‍ ഈ ലോകത്തില്‍ നിന്നും വേര്‍പ്പെട്ടതിനാല്‍ ഉത്തരവാദിത്വങ്ങള്‍ എടുക്കേണ്ടിവന്നപ്പോള്‍ ഈ ലേകജീവിതം കേവലം ക്ഷണികമാണെന്നും ദൈവം തന്ന ആയുസ്സ് മറ്റുള്ളവരുടെ, സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കണമെന്ന ചിന്ത എന്നെ ഭരിച്ചിരുന്നു.


ചോദ്യം: നമ്മുടെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ താല്പര്യത്തില്‍ തൃപ്തനാണോ? അവരോടുള്ള അഭ്യര്‍ത്ഥന എന്താണ്?

ഉത്തരം: മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. കേരളത്തില്‍ നടക്കുന്ന ഇലക്ഷനുകള്‍ അതിനു ഉദാഹരണമാണ്. എന്നാല്‍ അമേരിക്കന്‍ മലയാളി അവരുടെതായ ജീവിതവിജയത്തില്‍ സംതൃപ്തനായി കഴിയുന്നു. മലയാളി സമൂഹം ഹൂസ്റ്റണില്‍ തന്നെ ഏതാണ്ട് പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ ഉണ്ട്. നാം നമ്മുടെ മൗലീക അവകാശങ്ങള്‍ വിനിയോഗിച്ചില്ലെങ്കില്‍ നമ്മുടെ ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകരും കടന്നു വരികയില്ല. നമുക്ക് വേണമെങ്കില്‍ ഇന്ത്യയില്‍ തിരിച്ചു പോകാം. എന്നാല്‍ നമ്മുടെ മക്കള്‍ എന്തുചെയ്യും. നാം അവരെ വോട്ടു ചെയ്യുവാന്‍ പഠിപ്പിക്കണം. നാം സംഘടിച്ചു ശക്തരാകണം.

ചോദ്യം:  ജയിച്ചാല്‍ സമൂഹത്തിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നാണ് താങ്കളുടെ സ്വപനം

ഉത്തരം: സമൂഹത്തിന്റെ നട്ടെല്ല് ഇടത്തരക്കാരാണ്. അവരുടെ സമൂലമായ ഉന്നമനത്തിനു വേണ്ടി ഞാന്‍ ശ്രമിക്കുന്നതാണ്. വിശിഷ്യ യുവജനങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. അവര്‍ക്കു ജോലി സാദ്ധ്യതകള്‍ ഉണ്ടാകുന്നതിനായി ശ്രമിക്കുന്നതാണ്. മലയാളികള്‍ക്ക് വലിയ മോഹന വാഗ്ദാനങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ ഏതു ആവശ്യങ്ങളും എന്റെ ആവശ്യമായി കണ്ടു പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ചോദ്യം: കഴിഞ്ഞ പ്രാവശ്യം Fortbend County Treasure സ്ഥാനത്തേയ്ക്ക് മത്സരിച്ച് ജയിച്ചില്ല. എങ്കിലും ഒരു നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിച്ചു. ആ അനുഭവത്തില്‍ നിന്നും എന്തു പാഠമാണ് പഠിച്ചത് ?

ഉത്തരം: പരാജയം വിജയത്തിന്റെ മുന്നോടിയാണ്. കഴിഞ്ഞ മത്സരത്തില്‍ നിന്നു അനേകം വിലപ്പെട്ട പാഠങ്ങളും അനുഭവങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. സംഘടനപാടവത്തിന്റെ പല പടവുകളും കടക്കുവാന്‍ സാധിച്ചു. സ്വഭാവ രൂപവല്‍ക്കരണത്തിനു മത്സരം നല്‍കുന്ന വിലപ്പെട്ട അനുഭവങ്ങള്‍ വര്‍ണ്ണനാതീതമാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം എല്ലാവരും
ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ മത്സരിക്കണം.

ചോദ്യം: കുടുംബത്തെപ്പറ്റി. അവരുടെ പ്രതികരണവുമറിയാന്‍ താല്പര്യമുണ്ട് ?

ഉത്തരം: ഭാര്യ ഷീബാ. മകന്‍ രോഹിത്. പെണ്‍മക്കള്‍ ഹെലന്‍, സ്‌നേഹാ. എന്റെ എല്ലാ തീരുമാനങ്ങളും അവരോടൊപ്പമാണ് എടുക്കുന്നത്. ഞാന്‍ പോകുന്ന സ്ഥലങ്ങളില്‍ അവരെ കൂടെ കൊണ്ടു പോകാറുണ്ട്. എന്റെ ഇലക്ഷന്‍ പ്രക്രിയയില്‍ അവര്‍ എന്നെ സഹായിക്കുന്നു. പത്തു വയസ്സു മാത്രം പ്രായമുള്ള എന്റെ ഇളയ മകള്‍ സ്‌നേഹ എനിയ്ക്കു വോട്ടു ചെയ്യുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് വോട്ടേഴ്‌സിനെ വിളിക്കാറുണ്ട്.

ചോദ്യം: വായനക്കാരോട് എന്താണ് പറയാനുള്ളത് ?

ഉത്തരം: ഒരു സഹോദരന്‍ എന്ന നിലയില്‍ നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും ഞാന്‍ മുന്നിലുണ്ടായിരിക്കും. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു എനിയ്ക്കു വേണ്ടി ഉത്സാഹിപ്പിക്കുവാനായി അഭ്യര്‍ത്ഥിക്കുന്നു. ഏഷ്യയിലെ രാഷ്ട്രീയ സന്തുലിത നിലനിര്‍ത്തുവാന്‍ ഇന്തോ അമേരിക്കന്‍ ബന്ധം സുശക്തമാക്കെണ്ടിയിരിക്കുന്നു. ആയതിനാല്‍ ഞാന്‍ ശ്രമിക്കുന്നതാണ്. താങ്കളുടെ വിജയത്തിനായി ഞങ്ങള്‍ എല്ലാം ആശംസിക്കുന്നു.
Photo: Joy Thumpamon; Ninan Mathulla
Early voting is underway in Texas. Vote for KP George

നൂതനാശയങ്ങളുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജോര്‍ജ്‌
ഫോട്ടോ വലത്തുനിന്ന് കെ.പി. ജോര്‍ജ്ജ്, നൈനാന്‍ മാത്തുള്ള, ജോയ് തുമ്പമണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക