Image

വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ 400 ബില്യണ്‍ യൂറോയുടെ പദ്ധതിയുമായി ഇറ്റലി

Published on 07 April, 2020
വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ 400 ബില്യണ്‍ യൂറോയുടെ പദ്ധതിയുമായി ഇറ്റലി


റോം: കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ വ്യവസായങ്ങളെ സഹായിക്കുന്നതിന് ഇറ്റലി നാനൂറ് ബില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടല്‍ എന്നാണ് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ ഈ ഉത്തേജന പാക്കേജിനെ വിശേഷിപ്പിച്ചത്.

നേരത്തെ 340 ബില്യണ്‍ യൂറോയുടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വായ്പകളും ഇറ്റലി പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജില്‍ പകുതി തുകയും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ തുക പോലീസ് വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആളുകളെ വീട്ടില്‍ തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ താത്കാലിക നടപടി. 75 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ഏകദേശം 23,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ആരോഗ്യ പ്രവര്‍ത്തകരടക്കം ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ കടുത്ത ആള്‍ക്ഷാമം നേരിടുന്നതു കണക്കിലെടുത്ത് രോഗിപരിചരണത്തിന് റോബോട്ടുകളെയും ഏര്‍പ്പെടുത്തിത്തുടങ്ങി. പള്‍സ്, ശരീരോഷ്മാവ് തുടങ്ങിയവ പരിശോധിക്കാന്‍ ഈ റോബോട്ടുകള്‍ക്കു സാധിക്കും.

ഇവിടെ റോബോട്ടുകളാണ് താരം

ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ച് രോഗികളും ആരോഗ്യപ്രവര്‍ത്തകരും മരിക്കുന്‌പോള്‍ രോഗം ലെവലേശം ഏശാത്ത റോബോട്ടുകളുടെ സഹായം ഒരു വലിയ സഹായംതന്നെയാണ്.

കൊറോണ വൈറസ് രോഗികളെ നിരീക്ഷിക്കാന്‍ ഇറ്റാലിയന്‍ ആശുപത്രികള്‍ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. വടക്കന്‍ ഇറ്റലിയിലെ ആശുപത്രികളില്‍ രോഗബാധിതരായ രോഗികളുടെ സുപ്രധാന അടയാളങ്ങള്‍ പരിശോധിക്കാന്‍ റോബോട്ടുകള്‍ സഹായിക്കുന്നു, ഇറ്റലിയിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാരം ലഘൂകരിക്കാനും റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.

കൊറോണ വൈറസിനെതിരെ മികച്ച സംരക്ഷണം ആദ്യം മുതലേ ലഭിച്ചിരുന്നെങ്കില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ഇന്നും ജീവിച്ചിരിക്കുമെന്നു രാജ്യത്തെ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇറ്റലിയിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിനായി 8,000 ത്തോളം ഡോക്ടര്‍മാരാണ് സന്നദ്ധസേവനം നടത്തുന്നത്.

രോഗം വരാന്‍ കഴിയാത്ത തളരാത്ത സഹായികള്‍ എന്നാണ് സര്‍ക്കോളോ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ഡെന്റാലി റോബോട്ടുകളുടെ പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്. റോബോട്ടുകള്‍ക്ക് രോഗം വരാന്‍ കഴിയില്ല എന്നത് ഒരു വലിയ നേട്ടമാണ്.

തീവ്രപരിചരണ വിഭാഗങ്ങളില്‍ നിന്നും മെഷീനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യേക മുറികളിലെ കന്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ എത്താനും അടയാളങ്ങള്‍ നിരീക്ഷിക്കാനും റോബോട്ട് മെഡിക്‌സുകള്‍ സഹായിക്കുന്നുണ്ട്.

അതേസമയം ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 3599 പേരാണ് തിങ്കളാഴ്ച രോഗം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 636 ഉം ആകെ മരണം 16,500 കവിഞ്ഞു. രോഗം ഭേദമായവരുടെ എണ്ണം 23,000 ആണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക