Image

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്, നഴ്‌സുമാരുടെ പങ്ക് നിസ്തുലം: മുഖ്യമന്ത്രി

Published on 07 April, 2020
സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്, നഴ്‌സുമാരുടെ പങ്ക് നിസ്തുലം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.

12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍5, എറണാകുളം4, തിരുവനന്തപുരം1, ആലപ്പുഴ1, കാസര്‍കോട്1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിപാ പ്രതിരോധ സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നഴ്‌സ് ലിനിയെയും കൊറോണബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളേജ് രേഷ്മയെയും മറ്റൊരു നഴ്‌സ് പാപ്പാ ഹെന്‍ട്രിയെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. നഴ്‌സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണങ്ങളാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഇതേ കരുതല്‍ തിരിച്ചു നല്‍കാനുള്ള ചുമതല നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. അതിനാലാണ് ഡല്‍ഹിയിലും മുംബൈയിലും കൊറോണ ബാധിച്ച നഴ്‌സുമാരെ കുറിച്ച് നമുക്ക് ഉത്കണ്ഠയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക