Image

ലോക്ക്ഡൗണ്‍ മൂന്നു ഘട്ടങ്ങളായി നീക്കാന്‍ ശിപാര്‍ശ, റിപ്പോര്‍ട്ട് കൈമാറി

Published on 06 April, 2020
ലോക്ക്ഡൗണ്‍  മൂന്നു ഘട്ടങ്ങളായി നീക്കാന്‍ ശിപാര്‍ശ, റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നല്‍കിയ ശുപാര്‍ശ.

ഇതിനര്‍ഥം സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരുമെന്നാണ്. ജില്ലകളില്‍ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളിലുള്ളതെന്നാണ് സൂചന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14നാണ് തീരുന്നത്.

വിമാനത്താവളങ്ങള്‍ വഴി എത്തുന്നവര്‍ക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിര്‍ത്തികള്‍ കടന്നെത്തുന്നവര്‍ക്ക് ഇത്തരം പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

തോട്ടംമേഖലയും വര്‍ക്‌ഷോപ്പുകളും തുറക്കാന്‍ തീരുമാനിച്ചതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കണക്കിലെടുത്താല്‍ സംസ്ഥാനത്ത് നേരിയ ഇളവുകള്‍ ഉണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രതീക്ഷിക്കേണ്ട. ഹോട്ട് സ്‌പോട്ട് അല്ലാത്തിടത്ത് ജില്ലകള്‍ക്കുള്ളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രയ്ക്ക് പരിമിതമായ ഇളവു നല്‍കിയേക്കും.

ഉടന്‍ പൊതുഗതാഗതം അനുവദിച്ചേക്കില്ല. ഇനിയും മൂന്നാഴ്ചകൂടി കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും വേണ്ടിവരും. രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയിലടക്കം പുതിയ കേസുകള്‍ പൂര്‍ണമായും ഇല്ലാതായാലേ ഇപ്പോഴുള്ള വിലക്കുകള്‍ സമ്പൂര്‍ണമായി പിന്‍വലിക്കൂ. അതിനു ശേഷമേ മുടങ്ങിയ സ്കൂള്‍, സര്‍വകലാശാലാ പരീക്ഷകള്‍ ക്രമീകരിക്കാന്‍പോലും കഴിയൂ.

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍, എത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ഇതൊക്കെ പരിഗണിച്ചുള്ള ശുപാര്‍ശകളാകും പ്രധാനമന്ത്രിക്കു നല്‍കുക. തീവണ്ടിയാത്ര അത്യാവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.

തിങ്കളാഴ്ച വൈകീട്ട് കെ.എം.എബ്രഹാം, അംഗങ്ങളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. ബി.ഇക്ബാല്‍, ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക