Image

പൊതുമാപ്പ്; ജലീബില്‍ രണ്ട് അധിക കേന്ദ്രങ്ങള്‍ തുറന്നു

Published on 06 April, 2020
പൊതുമാപ്പ്; ജലീബില്‍ രണ്ട് അധിക കേന്ദ്രങ്ങള്‍ തുറന്നു

കുവൈറ്റ് സിറ്റി: പൊതുമാപ്പ് കാലയളവില്‍ റെസിഡന്‍സി നിയമലംഘകര്‍ക്കായി ജലീബില്‍ രണ്ട് അധിക കേന്ദ്രങ്ങള്‍ കൂടി തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് കേന്ദ്രങ്ങളില്‍ നിന്നും രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ താമസ നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ പറഞ്ഞു. സ്ത്രീകള്‍ക്ക് ജലീബ് ബ്ലോക്ക് നാലിലെ ഗേള്‍സ് റുഫൈദ ഇസ്ലാമിക് പ്രൈമറി സ്‌കൂളും, പുരുഷന്‍മാര്‍ക്ക് ബ്ലോക്ക് നാലിലെ തന്നെ നയിം ബിന്‍ സ്‌കൂള്‍ മസൂദ് എലിമെന്ററി സ്‌കൂളുമാണ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമാപ്പ് തുടങ്ങിയതിന് ശേഷം ഫര്‍വാനിയയിലെ കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധിക കേന്ദ്രങ്ങള്‍ ആരംഭിച്ചത് .

താമസാനുമതി കാലഹരണപ്പെട്ടവര്‍ക്കും നിയമലംഘകര്‍ക്കും പിഴയൊന്നും കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. മാതൃ രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള യാത്ര ചിലവുകള്‍ വഹികുന്നതും കുവൈത്ത് സര്‍ക്കാരാണ്. മാത്രവുമല്ല പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കുന്ന വിദേശികള്‍ക്ക് പുതിയ വിസയില്‍ തിരികെ വരുന്നതില്‍ യാതൊരു തടസവുമില്ല. കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ എല്ലാവരുടെയും സുരക്ഷയും ആരോഗ്യ പരിരക്ഷയും സംരക്ഷിച്ചാണ് പൊതുമാപ്പ് കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിയമ ലംഘകരായ വിദേശികള്‍ക്ക് മാതൃ രാജ്യത്തേക്ക് മടങ്ങുംവരെ സൗജന്യ ഭക്ഷണവും പാനീയങ്ങളും അടങ്ങുന്ന എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക