Image

മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

Published on 06 April, 2020
മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.


ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. സൗത്ത് മുംബൈയിലെ വോക്ക്ഹാര്‍ട് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.


നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.


മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച്‌ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.


ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്.

ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്.


കൊറോണ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ ഐസോലേഷന്‍ വാര്‍ഡുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം വിദേശീയരടക്കമുള്ള പതിനഞ്ചോളം കൊറോണ ബാധിതരായ രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ട്.


ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന നഴ്സുമാര്‍ക്കും പരിശോധന നടത്തണമെന്ന ആവശ്യവും നഴ്സുമാര്‍ ഉന്നയിക്കുന്നു.


ആശുപത്രിയില്‍ ആദ്യം മലയാളി നഴ്സിന് രോഗം സ്ഥിരീകരിച്ചിട്ട് വിവരം മറ്റുള്ളവരെ അറിയിക്കാന്‍ താമസിച്ചു, ഇപ്പോള്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന നഴ്സുമാരെക്കൊണ്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു, ഭക്ഷണം കഴിക്കുന്നതിനോ കൈ കഴുകുന്നതിനോ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ നേരത്തെ ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക