Image

കൊറോണ മൃഗങ്ങളിലേക്കും വ്യാപിക്കുന്നു; ന്യൂയോര്‍ക്ക് മൃഗശാലയിലെ കടുവയ്ക്കും രോഗബാധ

Published on 05 April, 2020
കൊറോണ മൃഗങ്ങളിലേക്കും വ്യാപിക്കുന്നു; ന്യൂയോര്‍ക്ക് മൃഗശാലയിലെ കടുവയ്ക്കും രോഗബാധ
ന്യൂയോര്‍ക്ക്: ലോകം കൊറോണ ഭീതിയില്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മൃഗങ്ങള്‍ക്കും വൈറസില്‍ നിന്ന് രക്ഷയില്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത.

നാലുവയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.

കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്.

അതേസമയം കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഒരുമിച്ച് പാര്‍പ്പിക്കുന്ന പൂച്ചകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു. ഇതിന് പുറമെയാണ് രോഗം വ്യാപകമായി പടര്‍ന്നുപിടിച്ച അമേരിക്കയില്‍ നിന്ന് സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക