Image

ലോക്ക് ഡൗണിന് ശേഷം എന്ത് ചെയ്യണം? (ശിവകുമാർ)

Published on 05 April, 2020
ലോക്ക് ഡൗണിന് ശേഷം എന്ത് ചെയ്യണം? (ശിവകുമാർ)
ലോക്ക് ഡൗൺ സമയത്തിന് ശേഷം നമ്മൾ ഓരോരുത്തരും, എങ്ങിനെ കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടും എന്നതൊരു മില്യൻ ഡോളർ ചോദ്യമാണ്. ഒറ്റയടിക്ക് നിയന്ത്രണം പിൻവലിക്കാതെ, ഘട്ടം ഘട്ടമായി ഓരോ വിഭാഗങ്ങൾ, പ്രദേശങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ എന്നിവ ഒഴിവാക്കുകയാവും സാധാരണഗതിയിൽ ചെയ്യാനിടയുള്ളത്.

എന്നിരുന്നാലും, സമൂഹത്തിലേക്ക് ഒരു വലിയ വിഭാഗം ജനങ്ങൾ ഇറങ്ങുമ്പോൾ സാമൂഹിക അകലം എന്നത് ഒന്നോ രണ്ടോ ദിവസത്തിനപ്പുറം സാദ്ധ്യമാവാതെ വരും. ലോക്ക് ഡൗൺ പിരീഡിൽ പോലും, ബിവറേജസ് ഔട്ട്ലറ്റിലും ബാങ്കുകളിലും റേഷൻ ഷോപ്പുകളിലും ജനങ്ങൾ തിങ്ങിക്കൂടിയത് നമ്മൾ കണ്ടതാണല്ലോ?

ഈ സാഹചര്യത്തിൽ എങ്ങിനെ വൈറസിൽ നിന്നും രക്ഷപ്പെടാം, എന്ന് ചിന്തിക്കേണ്ട സമയമാണിത്.

നൂറ് പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം ഉദാഹരണമായെടുക്കാം. നൂറു പേരും നൂറ് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും വരുന്നവരും, യാത്രയിലും സാധനങ്ങൾ വാങ്ങുന്നതിലും സാമൂഹ്യബന്ധങ്ങളും കുടുംബവുമൊക്കെയായി ബന്ധപ്പെടുന്നതിലും ഒക്കെയായി ദിവസവും അഞ്ചോ പത്തോ പേരുമായി സമ്പർക്കത്തിലേർപ്പെടുന്നവരുമാ
വും. അങ്ങിനെ, ഈ നൂറ് പേരിൽ 4 പേർക്ക് അവർ അറിയാതെ തന്നെ, കൊറോണ ബാധിച്ചു എന്ന് കരുതുക.

6 മുതൽ 14 ദിവസം വരെ കഴിഞ്ഞതിന് ശേഷമാവും, രോഗ ബാധിതരാണെന്ന് അവർ പോലുമറിയുന്നത്. അതിൽ ചിലർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാവാതെയുമിരിക്കാം. പക്ഷേ ഈ സമയത്തിനകം, ആ നാലു പേർ കൂടെയുള്ള മറ്റു 96 പേർക്ക് രോഗം പകർന്നു കൊടുക്കാനുള്ള സാദ്ധ്യത, വളരെ വലുതാണ്. പക്ഷേ, രോഗി ആരാണെന്ന് അറിയാത്തിടത്തോളം എങ്ങിനെ അവരെ ഐസോലേറ്റ് ചെയ്യും എന്നതാണ് പ്രശ്നം.

കൊറോണ വൈറസ് പകരുന്നത്, രോഗിയുടെ സ്രവങ്ങളിലൂടെയാണ് എന്ന് നമുക്കറിയാം. അതായത് തുമ്മുമ്പോഴും, ചുമക്കുമ്പോഴും, സംസാരിക്കുമ്പോഴും, തെറിക്കുന്ന തുള്ളികളാണ് അസുഖം പടരാനിടയാക്കുന്നത്. രോഗിയിൽ നിന്നും, അവ മേശപ്പുറത്തും, പേപ്പറിലും, സീറ്റിലും ഒക്കെ വീഴുകയും, ഇരിക്കുന്ന ഒരാളോട് രോഗി നിന്ന് കൊണ്ട് സംസാരിക്കുമ്പോൾ, ഇരിക്കുന്നയാളുടെ കണ്ണിലും, മുഖത്തുമെല്ലാം നേരിയ തുപ്പൽ കണങ്ങൾ തെറിക്കുകയും ചെയ്യും. ജോലിക്കായി ബസ്, ട്രെയിൻ, മെട്രോ എന്നിവയിലെ യാത്രകളിലും ഇങ്ങിനെ സംഭവിക്കാം.

അപ്പോൾ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം, ആരുടെയും സ്രവങ്ങൾ പുറത്ത് വരാതിരിക്കുക എന്നതാണ്. ആരൊക്കെയാണ് രോഗികളും, രോഗികളോട് അടുത്ത് ഇടപഴകിയവരും എന്നറിയാത്തതിനാൽ എല്ലാവരും തന്നെ മാസ്ക് ധരിച്ചാൽ, വലിയൊരളവോളം രോഗവ്യാപനം തടയാം.

അതേ വഴിയുള്ളു. എല്ലാവരും മാസ്ക് ധരിക്കുക തന്നെ വേണം. നമ്മുടെ വാർഡിലെ എല്ലാവരും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുന്നുണ്ടെങ്കിൽ, രോഗം ഉള്ളവരിൽ നിന്നും നിന്നുമുള്ള വ്യാപനം തടയപ്പെടുന്നു. സാധാരണ ഗതിയിൽ ഒരു സർജിക്കൽ മാസ്ക്കോ പേപ്പർ മാസ്ക്കോ, കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്കോ ഒന്നും വൈറസിനെ തടയാൻ കഴിവുള്ളതല്ല. എന്നാൽ രോഗിയുടെ സ്രവങ്ങൾ പുറത്തേക്ക് വരുന്നത് തടയാൻ അവയ്ക്ക് കഴിയും. അങ്ങിനെ ചുറ്റുമുള്ളവർ സുരക്ഷിതരുമാവും.

രോഗിയാണെന്ന് അറിയാത്ത ഒരാൾ, വീട്ടിനകത്ത് മാസ്ക്ക് ധരിക്കാനിടയില്ല. അതു കൊണ്ട് തന്നെ, കുടുംബാംഗങ്ങൾക്ക് രോഗം പകരാനിടയുണ്ട്. പക്ഷേ രോഗിയും കുടുംബാംഗങ്ങളും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുന്നത് കൊണ്ട് അവരിൽ നിന്നും, മറ്റുള്ളവരിലേക്ക് വ്യാപനം നടക്കില്ല എന്നത് വലിയൊരു രക്ഷാകവചമാണ്. രോഗികളുടെ എണ്ണവും വ്യാപനവും അവിടെ നിന്നു പോകുന്നു.

നമ്മുടെ വാർഡിന് പകരം, ഒരു നാട് മുഴുവൻ ഇത്തരത്തിൽ മാസ്ക് ധരിക്കുകയാണെങ്കിൽ, ആ നാടിന് മൊത്തത്തിൽ ഒരു ഹെർഡ് പ്രൊട്ടക്ഷൻ ലഭിക്കും. അങ്ങിനെ കോവിഡ് 19 രോഗം വരുതിയിലാവും. ഇത് മാത്രമാണ് മുന്നിലുള്ള വഴി. അല്ലാതെ വൈറസിനെതിരെ, സമൂഹത്തിന് ഹെർഡ് ഇമ്മ്യൂണിറ്റി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ മരിച്ചു വീഴേണ്ടി വരാം.

ഇപ്പറഞ്ഞതിനർത്ഥം ഇതു വരെ സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങൾ മോശമാണെന്നല്ല. അവ ഗുണം ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. പക്ഷേ മാനവരാശിയെ വേട്ടയാടുന്ന വൈറസിനോടുള്ള യുദ്ധത്തിൽ നമ്മൾ ഏതറ്റം വരെയും പോകേണ്ടി വരും.

അതിൽ തുലോം നിസ്സാരമായ മാർഗ്ഗമാണ് സകലരും കുറച്ച് കാലത്തേക്ക് മാസ്ക് ധരിക്കുക എന്നത്. പക്ഷേ, പൊതു സ്ഥലങ്ങളിലെത്തുന്ന എല്ലാവരും ധരിച്ചെങ്കിൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കുകയുള്ളു എന്നു മാത്രം.

ഇനി മാസ്കിനെതിരെയുള്ള വാദഗതികൾ പരിശോധിക്കാം.

➡ കൈ കൊണ്ട് ഇടക്കിടക്ക് തൊടാനുള്ള പ്രേരണ കാരണം, മുഖത്ത് വൈറസ് എത്താനുള്ള സാദ്ധ്യത ഉണ്ട്
✅ എല്ലാവരും മാസ്ക്ക് ധരിച്ചാൽ നമ്മുടെ കൈകളിൽ സ്രവങ്ങൾ എത്താനുള്ള സാദ്ധ്യത വളരെ നേരിയതാണ്. ഗ്ലൗസ് ധരിക്കുകയും കൈ കഴുകുകയും, സാനിട്ടൈസർ ഉപയോഗിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുന്നത് തുടർന്നാൽ ഈ പ്രശ്നം ഒഴിവാകുമല്ലോ?

➡ ഇത്രയും പേർക്കുള്ള മാസ്ക് ലഭ്യത വലിയൊരു പ്രശ്നമല്ലേ?

✅ അല്ല. ഒരു വാർഡിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങേണ്ടവർ ആയിരം പേർ ഉണ്ടെങ്കിലും കഴുകി ഉപയോഗിക്കാവുന്ന തുണി കൊണ്ടുള്ള രണ്ടായിരം മാസ്കുകൾ ഉണ്ടാക്കാൻ ഒരു ടൈയ്ലർക്ക് 3 - 4 ദിവസം മതിയാകും. മറ്റ് തരത്തിലുള്ള മാസ്കുകൾ വാങ്ങൽ ശേഷി ഉള്ളവരും പ്രതിരോധ പ്രവർത്തകരും ഉപയോഗിക്കട്ടെ.

➡ മാസ്ക് എല്ലാവരും കൃത്യമായി ധരിക്കാൻ സാദ്ധ്യതയില്ല.

✅ മാസ്ക് എല്ലാവരും കൃത്യമായി ധരിക്കുന്നു എന്നുറപ്പാക്കേണ്ടത്, സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

➡ മാസ്ക് ധരിച്ചവർ, അവ മാറ്റിയ ശേഷം തുമ്മുകയോ ചീറ്റുകയോ ചെയ്യാനിടയുണ്ട്.

✅ പരസ്യമായി ചെയ്യാനിടയില്ലെങ്കിലും രഹസ്യമായി ചെയ്തേക്കാം. കൈകൾ സ്പർശിക്കുന്നയിടങ്ങൾ ശ്രദ്ധിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്ത് ഈ പ്രശ്നത്തെ മറികടക്കാം.

➡ WHO ഇങ്ങിനെയൊരു നിർദ്ധേശം മുന്നോട്ട് വച്ചിട്ടില്ലല്ലോ. അസുഖമുള്ളവർ മാസ്ക് ധരിച്ചാൽ മതിയെന്നാണല്ലോ പറയുന്നത്?

✅ WHO യുടെ നിർദ്ധേശങ്ങൾ കൊണ്ട് മാത്രം, ഇത് വരെ ഈ സാഹചര്യത്തെ പ്രതിരോധിക്കാനായിട്ടില്ല എന്നോർക്കുക. മാത്രമല്ല, ചില കാര്യങ്ങൾ പരസ്യമായി പറയാൻ അവർക്ക് പരിമിതികൾ ഉണ്ടാവും. അധികം താമസിയാതെ തന്നെ എല്ലാവരും മാസ്ക് ധരിക്കുക എന്ന പ്രതിരോധ മാർഗ്ഗത്തിൽ അവരും എത്താനിടയുണ്ട്.

2300 ൽ പരം ആളുകളുള്ള ഒരു കമ്യൂണിറ്റിയിൽ, ഇക്കഴിഞ്ഞ മാർച്ച് 16 മുതൽ 25 വരെയുള്ള ശ്രമത്തിനൊടുവിൽ, എല്ലാവരും മാസ്ക് ധരിക്കാൻ തീരുമാനിച്ച് 26 മുതൽ നടപ്പിലാക്കിരിക്കുകയാണ്.

ഹെർഡ് ഇമ്മ്യൂണിറ്റിയല്ല, ഹെർഡ് പ്രൊട്ടക്ഷനാണ് നമ്മുക്കാവശ്യം.

എല്ലാവരും മാസ്ക് ധരിക്കുക, ഏത് തരം മാസ്കായാലും മതി. വാക്സിനോ മരുന്നോ കണ്ടെത്തുന്നത് വരെ മറ്റ് മാർഗ്ഗമില്ല.

മാസ്ക് ഉപയോഗിക്കുന്നത്, രോഗിയിൽ നിന്നും രോഗാണു പുറത്ത് വരാതിരിക്കാനാണ് എന്നറിയുക. ആരോഗ്യ പ്രവർത്തകരുടെ സാഹചര്യം വ്യത്യസ്തമായതിനാൽ അവർ മികച്ച തരം മാസ്കുകൾ ഉപയോഗിക്കുക തന്നെ വേണം.

ദയവായി നിങ്ങളുടെ വാളിൽ കോപ്പി പേസ്റ്റ് ചെയ്ത് പോസ്റ്റ് ചെയ്യുക. കടപ്പാടോ പേരോ വേണമെന്ന് നിർബന്ധമില്ല. കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതാണ് പ്രധാനം.

===========================
PS: അഭിപ്രായങ്ങൾ വ്യക്തിപരം.

ലോക്ക് ഡൗണിന് ശേഷം എന്ത് ചെയ്യണം? (ശിവകുമാർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക