Image

ആഡംബരമില്ലാത്ത ആള്‍ത്തിരക്കില്ലാത്ത ശാന്തമായ അന്ത്യയാത്രകൾ!! (അനില്‍ പുത്തന്‍ചിറ)

Published on 05 April, 2020
ആഡംബരമില്ലാത്ത ആള്‍ത്തിരക്കില്ലാത്ത ശാന്തമായ അന്ത്യയാത്രകൾ!! (അനില്‍ പുത്തന്‍ചിറ)
! ന്യൂയോർക്കിൻറെ പടി വാതിലിൽ കൊറോണ മുട്ടിയപ്പോൾ അവർ ചിന്തിച്ചു, എന്റെ സ്റ്റേറ്റിൽ അല്ലല്ലോ....
!! ന്യൂജേഴ്സിയിൽ കൊറോണ കരാള ഹസ്തം നീട്ടിയപ്പോൾ അവർ ആശ്വസിച്ചു, എന്നെ അറിയുന്ന ആർക്കും പകർന്നിട്ടില്ലല്ലോ....
!!! കൂട്ടുകാർ കൊറോണയാൽ കഷ്ടപ്പെടുന്നത് കേട്ടപ്പോൾ അവർ വിചാരിച്ചു, താൽക്കാലികമാണെങ്കിലും  രക്ഷപെട്ടല്ലോ....

അഗ്നിയുടെ അടുത്ത് ചെന്നാൽ വെന്തെരിയും, ജീവൻ പോലും അപകടത്തിലാകും എന്നറിഞ്ഞിട്ടും,  വേണമെങ്കിൽ ഒന്ന് മുട്ടിനോക്കാമെന്ന് കരുതി തീയിലേക്ക് കുതിക്കുന്ന ഈയാംപാറ്റകളെപ്പോലെയാണ് ചില മനുഷ്യർ! കൊറോണയല്ല എന്തുവന്നാലും എന്നെ ബാധിക്കില്ല, ഞാൻ അസുഖങ്ങൾക്കെല്ലാം അതീതനാണെന്ന ഭാവം. കാലം മാറി കഥ മാറി, പാലം കുലുങ്ങിയാൽ കേളനും കുലുങ്ങിയേ പറ്റൂ!!

'ആർക്കോ ചിലർക്ക് കൊറോണ' എന്ന ആശങ്ക, 'നമ്മളിലും സംഹാര താണ്ഡവമാടാൻ മഹാമാരി തയ്യാറെടുക്കുകയാണോ' എന്ന വേവലാതിയിലേക്ക് മാറി! അദൃശ്യനായ ശത്രുവിന്റെ മുന്നിൽ മിത്രങ്ങളുടെ മിത്രങ്ങളും, പൊതുരംഗത്തു സഹകരിച്ചു പ്രവർത്തിച്ചിരുന്ന പലരുടേയും പ്രീയപ്പെട്ടവരും, മുന്നണി പോരാളികളും ഒന്നിനൊന്നായി വീഴുന്നു!! അവസാനം മനുഷ്യൻ തിരിച്ചറിയുന്നു, തന്നത്താൻ സൂക്ഷിച്ചില്ലെങ്കിൽ ആരെ വേണമെങ്കിലും കൊറോണ കണ്ടുപിടിക്കുമെന്ന്.

ഇന്ന് അവരാണെങ്കിൽ നാളെ ഞാൻ... അത് പണ്ടും അങ്ങനെതന്നെ!! 

കഴിഞ്ഞു പോയ കാലങ്ങളിൽ നിന്നുള്ള മാറ്റം മറ്റൊന്നാണ്...ജ്ഞാനപീഠ പുരസ്കാരം ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പിൻറെ കണ്ണുകൾ അന്നേ കണ്ട ആ യാത്ര!!

ആഡംബരമില്ലാത്ത ആള്‍ത്തിരക്കില്ലാത്ത ശാന്തമായ അന്ത്യയാത്ര!!

ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം, “ഇന്നു ഞാന്‍, നാളെ നീ

ധനികൻ കാണിച്ചുകൂട്ടുന്ന ആഡംബര പ്രദര്‍ശനങ്ങൾ അതേ പടി പകർത്തി താനും സമ്പന്നനാണെന്ന് കാണിക്കാനായിരുന്നു ഒരിക്കൽ ലോകത്തിനു വെമ്പൽ! പക്ഷേ കൊറോണ വൈറസ് അതിനെ മാറ്റി മറിച്ചു. ദരിദ്രൻ എന്ത് ചെയ്തുവോ അതേ വിടവാങ്ങൽ പണക്കാരനും അനുകരിക്കേണ്ടി വന്നു. ആർഭാടങ്ങളില്ലാത്ത ഒരു അന്ത്യ പ്രയാണം!!

ധനികനായ ക്രിസ്ത്യാനി മരിച്ചു കഴിഞ്ഞാൽ പൂക്കളാൽ അലങ്കരിച്ച വിലയേറിയ ശവമഞ്ചം; മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ഗാനങ്ങൾ മുഴക്കി മന്ദമായി നീങ്ങുന്ന വാദ്യവാഹനങ്ങൾ; ദുഃഖസൂചകമായി കറുത്ത ബാഡ്ജ് കുത്തി, നാടും വീടും ഒന്നടങ്കം അനുഗമിക്കുന്ന വിലാപയാത്രകൾ; പുഷ്പചക്രം സമർപ്പിക്കാൻ പ്രമുഖരുടെ നീണ്ട നിര; ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി മുഴങ്ങുന്ന ആചാരവെടി!

ധനത്തിന്റെ അളവുകോലിൽ അംഗമായ ദേവാലയത്തിലെ വൈദികരെ കൂടാതെ, സഹോദര സഭയിലെ പട്ടക്കാരും അതിലും മൂത്ത തിരുമേനിമാരും, എന്തിനു പറയുന്നു സഭയുടെ പരമോന്നത അധ്യക്ഷൻ തന്നെയും നേതൃത്വം നൽകുന്ന, സ്വർഗ്ഗത്തിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാനുള്ള മധ്യസ്ഥപ്രാർത്ഥനകൾ; നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ശവസംസ്കാരശുശ്രൂഷകൾ!

മറുപുറത്തു തന്റെ പ്രിയതമൻറെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്ന, പണമില്ലാത്തതിനാൽ ശവപ്പെട്ടി വാങ്ങാൻ കഷ്ടപ്പെടുന്ന ദരിദ്രന്റെ ജീവിതപങ്കാളി! അവന്റെ ഭാര്യയുടെ നെഞ്ചിടിപ്പാകും അവിടുത്തെ പെരുമ്പറ!! വിജനമായ നിരത്തുകളോ, അശ്രുക്കളിറ്റുവീഴുന്ന വിലാപയാത്രകളോ ഇല്ലാതെ, പിതാവിനെ നഷ്ടപ്പെട്ട മക്കളുടെ വേദനയിൽനിന്ന് പൊഴിയുന്ന കണ്ണുനീരാകും, മൃതദേഹത്തിലേക്കുള്ള അവിടുത്തെ പൂവർഷം!!

പലതും വിഭിന്നമാണെങ്കിലും, അയ്യപ്പനാണെങ്കിലും കോശിയാണെങ്കിലും, ഏറ്റവും അവസാനം രണ്ടാൾക്കും വേണ്ടത് ഒന്ന് തന്നെ. വെറും ആറടി മണ്ണ്!!
Join WhatsApp News
Jinesh Thampi 2020-04-05 21:58:59
Beautifully crafted dear Anil .... Perfectly portraying the poignant scenario which has engulfed us and your lucid narration style waves the thread of severity of the occasion so vividly May God be kInd to mankind and humanity Take care and pls keep writing
Cherian Jacob 2020-04-05 23:00:41
True reality. Well presented Anil. Our prayers for everyone who is working forefront in this crisis especially the healthcare workers. Prayers for everyone who is going through the struggle. May God bless and comfort everyone.
Rajasree Pinto 2020-04-05 23:21:24
പച്ചയായ യാഥാർഥ്യങ്ങളിലേക്കു വെളിച്ചം വീശുന്ന രചന !!
അനിൽ പുത്തൻചിറ 2020-04-06 13:04:51
ബഹുമാനപ്പെട്ട രാജശ്രീ പിന്റോ, തോമസ് കൂവള്ളൂർ ജി, ചെറിയാൻ ജേക്കബ് & ജിനേഷ് തമ്പി: നിങ്ങളുടെ സമയത്തിനും, പ്രോത്സാഹനത്തിനും, പ്രതികരണങ്ങൾക്കും, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി... വളരെയധികം വിലമതിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക