Image

കോവിഡ് വന്നു, വന്ന പോലെ പോയി, കോവിഡ് ചിന്തകളുമായി മാർ നിക്കോളോവോസ്

Published on 05 April, 2020
കോവിഡ് വന്നു, വന്ന പോലെ പോയി, കോവിഡ്  ചിന്തകളുമായി മാർ നിക്കോളോവോസ്
രാഷ്ട്രവും സഭയും താന്‍ തന്നെയും വലിയ വിഷമതകളിലൂടേ കടന്നു പോകുമ്പോഴും സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനി സ്വതസിദ്ധമായ പുഞ്ചിരി കൈവിടുന്നില്ല. ഇതൊന്നും സാരമില്ല, ഇവയൊക്കെ കടന്നു പോകും എന്ന വിശ്വാസം, പ്രത്യാശ.

കൊറോണ വൈറസ് ബാധിച്ച് ഐസൊലേഷനിലായിരുന്നുവെങ്കിലും രോഗം അത്രയൊന്നും തന്നെ വിഷമിപ്പിച്ചില്ലെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപനായ തിരുമേനി പറഞ്ഞു. ഒരു ഘട്ടത്തില്‍ പനി 102 ഡിഗ്രി വന്നു. പിന്നെ കുറഞ്ഞു. ഇപ്പോഴും 99 ഡിഗ്രി ഉണ്ട്. എങ്കിലും രോഗം 98 ശതമാനവും ഭേദമായി.

ഫെബ്രുവരി 27-നു നാട്ടില്‍ നിന്ന് വന്നതാണ്. എന്നാല്‍ മാര്‍ച്ച് 25-നു കുര്‍ബാനക്കു ശേഷമാണു കുളിരും പനിയും തോന്നിയത്. ഡോക്ടറെ വിളിച്ചു. കൊറോണ ടെസ്റ്റിനു പോയി. പക്ഷെ ഫലം വരാന്‍ മൂന്നു ദിവസമെടുക്കും. എന്തായാലും ആന്റി ബയോട്ടിക്കായ അസിത്രൊമൈസിന്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. അതു ഗുണം ചെയ്തു എന്നാണനുഭവം. പിന്നെ പനിക്കു ടൈലനോളും. ശരീരത്തില്‍ ഓക്‌സിജന്‍ കുറവൊന്നും ഉണ്ടായില്ല. ശരീര വേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായില്ല. എന്തായാലും ഹൈഡ്രൊക്‌സി ക്ലോറൊക്വിനും ആറു ദിവസം കഴിച്ചു.

ഇപ്പോള്‍ മരുന്നില്ല. ആസ്തമ തുടങ്ങി ശ്വാസകോശ രോഗങ്ങളുള്ളവരെയാണു കൂടുതല്‍ ദോഷമായി ബാധിക്കുന്നതെന്നു തോന്നുന്നു. അതിനാല്‍ ശ്രദ്ധ വേണം. പലതരം വിറ്റമിനുകളും കഴിച്ചു. കൊറോണക്ക് എന്താണു മരുന്ന് എന്ന് ആര്‍ക്കുമറിയില്ലല്ലൊ.

ഐസൊലേഷനില്‍ ആയത് മറ്റുള്ളവരെ ഓര്‍ത്താണ്. ചെറുപ്പത്തില്‍ ചിക്കന്‍ പോക്‌സ് വരുമ്പോഴും ഇങ്ങനെ ആയിരുന്നെന്നു മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് വിളിച്ചപ്പോഴും പറഞ്ഞു ചിരിച്ചു.

ഓശാന ഞായറാഴ്ചയായ ഇന്ന്ഇങ്ങനെ അലസമായി ഇരിക്കേണ്ടി വന്നു. പള്ളികള്‍ അടഞ്ഞു കിടക്കുന്നു. ഇത്തരം വിഷമകാലത്ത് ദേവാലയങ്ങളാണു ജനത്തിനു ആശ്വാസമാകേണ്ടത്. പക്ഷെ അവ അടഞ്ഞു കിടക്കുന്നു. പക്ഷെ ഇതു കൊണ്ട് വിശ്വാസമോ സഭയോ തകരുകയൊന്നുമില്ല. ഇതിലും വലിയ പ്രതിസന്ധികള്‍ സഭ നേരിട്ടിട്ടുണ്ട്.

ലോക്ക് ഡൗണൂം ഭീതിയുമൊക്കെ കൊണ്ട് കുറേ കാലത്തേക്ക് നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരാം. പിന്നെ മറക്കും എന്നതാണല്ലോ മനുഷ്യ സ്വഭാവം. പക്ഷെ ചില മാറ്റങ്ങള്‍ വരും. വീട്ടില്‍ നിന്നു കുറെ ദിവസം ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഇത് തരക്കേടില്ലല്ലോ എന്നു തോന്നാം. ഹോട്ടല്‍ ഫുഡ് വേണ്ടേന്നു വച്ചെന്നു വരാം. പക്ഷെ റെസയോറന്റുകളും സമ്പദ്ഘടനയുടെ ഭാഗമാണെന്ന എതിര്‍ വശവുമുണ്ട്.

നമ്മൂടെ ആത്മീയ കാഴ്ചപ്പാടിലും മാറ്റം വരുമെന്ന് കരുതുന്നു. ഇപ്പോള്‍ ആത്മീയതയില്‍ ഒരു കണ്‍സ്യൂമറിസം ഉണ്ട്. പള്ളിയില്‍ പോയി പ്രാര്‍ഥിച്ച് നേര്‍ച്ചയിട്ടാല്‍ ദൈവം ബാക്കി നോക്കും, എല്ലാം നടത്തി തരും എന്ന ചിന്താഗതി. പ്രാര്‍ഥിച്ചാല്‍ അതനുസരിച്ച് എല്ലാം നടക്കണം. എന്നാല്‍ ഈ വിഷമസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, കഷ്ടതയില്‍ ദൈവസാന്നിധ്യം തിരിച്ചറിയാന്‍ നമുക്കാകണം.

ഓരോ നൂറു വര്‍ഷത്തിലും ഇതു പോലെയുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതായി കാണുന്നു. പ്രക്രുതിയോടും പരിസ്ഥിതിയോടും മറ്റുമുള്ള നമ്മുടെ നിലപടുകള്‍ക്ക് ഒരു തിരിച്ചറിവ് നല്‍കുകയാണ് ഇതു പോലുള്ള ദുരന്തങ്ങള്‍.

ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം വന്നതാണ് ന്യു യോര്‍ക്കിനെ വിഷമത്തിലാക്കിയത്. ഇന്ത്യയിലും മറ്റും ഇതു പോലെ വന്നാല്‍ എത്രയോ വലിയ പ്രശ്‌നമാകും. അതേ സമയം തന്നെ, മാസ്‌കു പോലെ നിസാരമായ കാര്യം ഇവിടെ ഇല്ല എന്നതു ഖേദകരമാണ്. എല്ലാം ചൈനയിലേക്ക് വിട്ടു കൊടുത്തപ്പോള്‍ ഇത് ആലോചിച്ചില്ല. ലാഭം മാത്രം ലക്ഷ്യമിടുമ്പോള്‍ ആണു ഇത്തരം പ്രശ്‌നം വരുന്നത്.

ലക്ഷക്കണക്കിനു ആളുകള്‍ എത്തുന്ന എയര്‍പോര്‍ട്ടുകള്‍ അടക്കുക വിഷമകരം. ആരും ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല എന്നാതാണു സത്യം-തിരുമേനി ചൂണ്ടിക്കാട്ടി
Join WhatsApp News
Raju Mylapra 2020-04-06 18:37:42
Thank you for sharing your first-hand experience and comforting words and optimistic outlook. Our prayers....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക