Image

ബ്രിട്ടനില്‍ നഴ്‌സിംങ് ഹോമുകളിലേക്കും കോവിഡ് പടരുന്നു, മരണം 4000 കവിഞ്ഞു

Published on 05 April, 2020
ബ്രിട്ടനില്‍ നഴ്‌സിംങ് ഹോമുകളിലേക്കും കോവിഡ് പടരുന്നു, മരണം 4000 കവിഞ്ഞു
ലണ്ടന്‍ : ബ്രിട്ടനില്‍ ശനിയാഴ്ച കോവിഡ് 19 മൂലം മരിച്ചവരില്‍ അഞ്ചുവയസുള്ള കുട്ടിയും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന കുട്ടിയായിരുന്നു ഇതെന്ന് മുതിര്‍ന്ന കാബിനറ്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസവും 13 വയസുള്ള ബാലന്‍ ബ്രിട്ടനില്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ മാതാവിനും സഹോദരങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

ബ്രിട്ടണില്‍ കോവിഡ് 19 മരണം നാലായിരവും കടന്നു കുതിക്കുകയാണ്. 708 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ടെസ്റ്റിംങ് വിപുലപ്പെടുത്തിയതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും നാല്‍പതിനായിരം കടന്ന് വര്‍ധിക്കുകയാണ്.

രാജ്യത്ത് ഇതിനോടകം ഏഴ് ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതില്‍ മൂന്ന് ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും ഉള്‍പ്പെടുന്നു. വെന്റിലേറ്ററുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനോടകം 300 വെന്റിലേറ്ററുകള്‍ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്തുകഴിഞ്ഞു. സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യം നിര്‍മിക്കുന്ന എണ്ണായിരത്തോളം വെന്റിലേറ്ററുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍എച്ച്എസിന് ലഭ്യമായിത്തുടങ്ങും.

കോവിഡ് 19 രോഗം വൃദ്ധജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന നഴ്‌സിംങ് ഹോമുകളിലേക്കും വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഒരു നഴ്‌സിംങ് ഹോമിലെ 13 പേരാണ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. ആയിരക്കണക്കിന് നഴ്‌സിംങ് ഹോമുകളുള്ള രാജ്യത്ത് ഇത് തികച്ചും ആശങ്ക ഉളവാക്കുന്ന റിപ്പോര്‍ട്ടാണ്.

കാലാവസ്ഥ മെച്ചപ്പെട്ടതോടെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതു തടയാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംങ് വ്യവസ്ഥകള്‍ പൊലീസ് കര്‍ശനമാക്കി. കൂട്ടമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേയും കുട്ടികളെ പുറത്തുവിടുുന്നവര്‍ക്കെതിരേയും പിഴശിക്ഷയുള്‍പ്പെടെയുള്ള നടപടികളാണ് എടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക