Image

സുരക്ഷാ കിറ്റുകളില്ല, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്ന്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published on 05 April, 2020
സുരക്ഷാ കിറ്റുകളില്ല, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും   രോഗികളെ പരിചരിക്കുന്നതെന്ന്‌  ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇംഗ്ലണ്ട്:  അപ്രതീക്ഷിതമായി  കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍  പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. 


കൊറോണ വ്യാപിച്ചാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങള്‍ ബ്രിട്ടനില്‍ സത്യമായിരിക്കുകയാണ്.


രോഗികളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയുണ്ടായപ്പോള്‍ കിടക്കാനുള്ള ബെഡ്ഡുകൾ പോലും ഇല്ലാത്ത അവസ്ഥ. സുരക്ഷാ കിറ്റുകളില്ലാത്തതിനാല്‍ , പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് യുകെയിലെ ഡോക്ടര്‍മാര്‍. 


ബിബിസിയാണ് കൊറോണക്കാലത്തെ ആരോഗ്യ പ്രതിസന്ധി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടര്‍ വെളിപ്പെടുത്തുന്നു.


രോഗികളുടെ എണ്ണം കൂടിയതോടെ 13 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. അതും പിപി കിറ്റുകള്‍ ലഭിക്കാത്തതിനാല്‍ പ്ലാസ്റ്റിക് കവറു കൊണ്ട് മുഖവും ശരീരവും മറച്ചും സ്‌കൈ ഗോഗിള്‍സ് ഉപയോഗിച്ച്‌ കണ്ണുകള്‍ മറച്ചുമാണ് ഐസിയുകളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.


ആശുപത്രികള്‍ നിറഞ്ഞ് കവിയുകയും, ഐസിയുകള്‍ കോവിഡ് രോഗികള്‍ക്കായി മാത്രം മാറ്റവെയ്‌ക്കേണ്ട അവസ്ഥയിലാവുകയും ചെയ്തു. കൊറോണയല്ലാത്ത മറ്റ് അടിയന്തിര പരിചരണങ്ങളെല്ലം നിര്‍ത്തി വെച്ചു. കാന്‍സര്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചു. 


ആന്റിബയോട്ടികളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതക്കുറവുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഡോക്ടര്‍ ബിബിസിയോട് പറഞ്ഞു. 


 പൗരന്മാരെ സേവിക്കുന്ന കാര്യത്തിലും സാമ്ബത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന യുകെയുടെ സ്ഥിതി ഇങ്ങനെയെങ്കില്‍ മറ്റുള്ള രാജ്യങ്ങളില്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് ആശങ്കപ്പെടുത്തുന്നത്.


യുകെയിലെ അവസ്ഥ ഏപ്രില്‍ മധ്യമാകുമ്ബോള്‍ എന്തായിരിക്കുമെന്നത് പ്രവചിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നത്. ഐസിയുവില്‍ നിലവില്‍ പരിചരിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയലധികം രോഗികളെ പരിചരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് നഴ്‌സുമാര്‍. 


ഇത് പരിചരണത്തിന്റെ നിലവാരത്തെയും ബാധിക്കുന്നു. ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഇറ്റലിയും സ്‌പെയിനും കടന്നു പോയ വഴികളിലൂടെ യുകെയും കടന്നു പോകേണ്ടി വരുമെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക