Image

നൈറ്റിങ്‌ഗേലിന്റെ ജന്മവാര്‍ഷികത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് സ്തുതി (ശ്രീനി)

Published on 05 April, 2020
 നൈറ്റിങ്‌ഗേലിന്റെ ജന്മവാര്‍ഷികത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് സ്തുതി (ശ്രീനി)
'സ്‌നേഹത്തിന് സുഖപ്പെടുത്താനാവാത്തത് ഒരു നേഴ്‌സിന് കഴിയും...' എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ജീവിതത്തില്‍ ഡോക്ടറുടെയും നേഴ്‌സിന്റെയും പരിചരണം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ഗോഗപീഡാ സന്ധികളെ നേരിടാന്‍ ചിലപ്പോള്‍ അവരാണ് തുണയാവുക. അങ്ങനെയാണ് സ്‌നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളില്‍ കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് നേഴ്‌സുമാര്‍ നമ്മുടെ വേദനകളില്‍ സാന്ത്വനമാകുന്നത്.

നാട്ടിന്‍പുറങ്ങളിലെ ആശുപത്രികളിലായിരിക്കും നമ്മള്‍ ആദ്യമായി അവരെ കാണുന്നത്. ഉറുമ്പു കടിക്കുന്ന വേദന മാത്രമേ ഉണ്ടാവൂ എന്നു പറഞ്ഞ് കുത്തിവച്ച നമ്മളെ പറ്റിച്ചവരുടെ മുഖം ആരും പെട്ടെന്നു മറക്കാന്‍ സാധ്യതയില്ല. സൂത്രത്തില്‍ സൂചി വച്ച് ചെറുചിരിയോടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ജീവിതത്തിന്റെ ദൈന്യതകളെ ആ പുഞ്ചിരിക്കു പിന്നില്‍ ഒളിപ്പിച്ചുവച്ചത് നാം അറിഞ്ഞിട്ടുണ്ടാവില്ല. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഒരു മലയാളിയുണ്ടാകും എന്നു പറയുന്നതു പോലെയാണ് മലയാളി നേഴ്‌സുമാരുടെ കാര്യവും. കേരളത്തില്‍നിന്നു പോയ ഒരു നേഴ്‌സെങ്കിലും ഇല്ലാത്ത ആശുപത്രികള്‍ ലോകത്ത് അപൂര്‍വമായിരിക്കും. ലോകത്തിനു മുന്നില്‍ മലയാളത്തിന്റെ ആതുര ശുശ്രൂഷയുടെയും സ്‌നേഹത്തിന്റെയും മാനവിക മുഖം തന്നെയാണ് നമ്മുടെ നേഴ്‌സുമാര്‍.

കൊറോണ വൈറസ് മനുഷ്യ ശരീരങ്ങളില്‍ ക്രൂരമായി വേരാഴ്ത്തുമ്പോള്‍ സ്വന്തം ജീവനും ജീവിതവും മറന്ന് നേഴ്‌സിങ് സമൂഹം കാലദേശ ഭേദമെന്യേ റിസ്‌ക്കുള്ള രോഗീ പരിചരണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. രോഗബാധിതരെയും ഐസൊലേഷനിലുള്ളവരെയും തങ്ങളുടെ സ്വന്തം എന്ന നിലയിലാണ് വിളക്കേന്തിയ വനിതയുടെ പിന്‍ഗാമികളായ നേഴ്‌സുമാര്‍ സ്പര്‍ശിക്കുന്നത്. ആധുനിക നേഴ്‌സിങ് സമ്പ്രദായത്തിന് ശുഭാരംഭം കുറിച്ച ചരിത്രവനിതയായ ഫ്‌ളോറന്‍സ് നൈറ്റങ്‌ഗേലിന്റെ ഇരുന്നൂറാം ജന്‍മവാര്‍ഷികത്തില്‍ കൊലയാളി കൊറോണയെ ആട്ടിപ്പായിക്കാന്‍ നേഴ്‌സുമാര്‍ നിശബ്ദം പോരാടുന്നു. 2020 അന്താരാഷ്ട്ര നേഴ്‌സിങ് വര്‍ഷം കൂടിയാണ്. ഈ കൊറോണക്കാലത്ത് നേഴ്‌സുമാര്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണയേകാന്‍ കടപ്പെട്ടവരാണ് നാം. അതാണ് അവര്‍ക്കുള്ള ആദരം.

നേഴ്‌സുമാരുടെ സ്‌നേഹ സേവനങ്ങള്‍ ദീപ്തമാവുന്ന ഈ വേളയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രേഷ്മ എന്ന നേഴ്‌സിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മൃതസഞ്ജീവനിയാണ്. കൊറോണ ബാധിതരായി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളെ സ്വന്തം മകളെപ്പോലെ പരിചരിക്കുന്നതിനിടയില്‍ രേഷ്മയെയും രോഗം പിടികൂടിയിരുന്നു. ഒടുവില്‍ കൊറോണയെ കീഴടക്കി വൃദ്ധ ദമ്പതികള്‍ക്കൊപ്പം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് പോകുമ്പോള്‍ രേഷമ പറഞ്ഞത് ഇങ്ങനെയാണ്...''പതിനാല് ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ് വരുമ്പോള്‍ കൊറോണ ചികില്‍സയ്ക്ക് ആരെങ്കിലുമുണ്ടെങ്കില്‍ എന്നെ ഡ്യൂട്ടിക്ക് നിയോഗിക്കണം...''

രേഷ്മയ്‌ക്കെന്നല്ല, എല്ലാ നേഴ്‌സുമാര്‍ക്കും ഇങ്ങനെ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. കാരണം അവരുടെ ജീവിതം രോഗാതുരര്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചിട്ടുള്ളതാണ്. രേഷ്മയുടെ വാക്കുകള്‍ വലിയൊരു മനസിനെയും മനോഭാവത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മള്‍ രോഗത്തെ അതിജീവിക്കും. അതിന് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് നൂറു ശതമാനം കരുത്തുണ്ട് എന്ന മഹത്തായ സന്ദേശമാണ് രേഷ്മ നല്‍കുന്നത്. അത് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കോവിഡ് ബാധിതരെ എത്രമേല്‍ ആശ്വസിപ്പിക്കും എന്ന് പറയാന്‍ വാക്കുകളില്ല.

കൊറോണയെ ഭയന്ന് മാറിനില്‍ക്കുന്നില്ല നേഴ്‌സുമാര്‍, ധീരമായി നേരിടുകയാണ് ചെയ്യുന്നത്. രണ്ടു കൊല്ലം നുമ്പ് നിപ്പ വൈറസ് ബാധയേറ്റവരെ ചികില്‍സിക്കുന്നതിനിടയില്‍ ജീവന്‍ പൊലിഞ്ഞ ലിനി എന്ന നേഴ്‌സിനെ വേദനയോടെ സ്മരിക്കുകയാണിവിടെ. ലിനിയെയും രേഷ്മയെയും പോലുള്ള ധീരരും നിസ്വാര്‍ത്ഥരുമായ നേഴ്‌സുമാരാണ് നമ്മുടെ നേട്ടപ്പട്ടികയെ പ്രകാശമാനമാക്കുന്നത്. അമേരിക്കയെന്ന വികസിത സമ്പന്ന രാഷ്ട്രം കൊറോണയെന്ന മഹാമാരിയില്‍ ഉലയുമ്പോള്‍ ഇടവേളകളില്ലാതെയാണ് ഓരോ നേഴ്‌സും മരുന്നിനൊപ്പം സേവനത്തിന്റെ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നത്.

നൈറ്റങ്‌ഗേലിന്റെ ഇരുന്നൂറാം ജന്‍മവാര്‍ഷികം നേഴ്‌സ് സമൂഹത്തിന് കരുത്ത് പകരട്ടെ. ആ സമര്‍പ്പിത ജീവിതം തന്നെ യാണ് വിളക്കേന്തിയ വനിതയുടെ സന്ദേശവും. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടാണ് നൈറ്റങ്‌ഗേലിന്റെ രംഗപ്രവേശശം. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ വില്യം എഡ്വേര്‍ഡ് നൈറ്റിങ്‌ഗേലിന്റെയും ഫ്രാന്‍സിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12ന് ജനനം. ധനികരായിരുന്നു മാതാപിതാക്കള്‍. അവര്‍ തങ്ങളുടെ ഓമനപുത്രിക്ക് ജന്മദേശത്തിന്റെ പേരു നല്‍കി. അഛനമ്മമാര്‍ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത് കണ്ടത് കൊച്ചു നൈറ്റിങ്‌ഗേലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിംഗേലിന് 1837 ഫെബ്രുവരി ഏഴിന് ദൈവത്തില്‍ നിന്നു വെളിപാടുണ്ടായത്രേ. ജീവിതം സേവനത്തിനു സമര്‍പ്പിക്കാനായിരുന്നു കല്‍പന. ജര്‍മനിയിലെ നേഴ്‌സുമാരെ പരിശീലിപ്പി ക്കുന്നതിനുള്ള സ്‌കൂളില്‍ ചേര്‍ന്ന നൈറ്റിങ്‌ഗേല്‍ 1853ല്‍ ലണ്ടനിലെ അപ്പര്‍ ഹാര്‍ലി സ്ട്രീറ്റിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റില്‍വുമണ്‍ ആശുപത്രിയിലെ സൂപ്രണ്ടായി.

ക്രിമിയന്‍ യുദ്ധകാലത്തെ പ്രവര്‍ത്തനമാണ് നൈറ്റിങ്‌ഗേലിനെ ആതുരസേവനത്തിന്റെ മാലാഖയാക്കിയത്. 1854ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് റഷ്യയ്‌ക്കെതിരായി ക്രിമിയന്‍ യുദ്ധമുണ്ടായപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാന്‍ നൈറ്റിങ്‌ഗേല്‍ യുദ്ധമുഖത്തെത്തി. മുറിവേറ്റവര്‍ക്ക് നൈറ്റങ്‌ഗേലിന്റെ സാമീപ്യവും ശുശ്രൂഷയും അനുഗ്രഹമായി. രാത്രികാലങ്ങളില്‍ രോഗവിവരങ്ങള്‍ അന്വേഷിക്കാന്‍ വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്‌ഗേലിനെ രോഗികള്‍ 'വിളക്കേന്തിയ വനിത' എന്ന് ആദരപൂര്‍വം വിളിച്ചു. അവര്‍ ആശ്വാസത്തിന്റെ ആ സാമീപ്യം അനുഭവിച്ചു.

ഇന്ത്യയിലെ ഗ്രാമങ്ങളിലും ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവര്‍, വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാന്‍ ശ്രമം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ നൈറ്റിങ്‌ഗേലിനെ സന്ദര്‍ശിച്ച് ഉപദേശം തേടുമായിരുന്നു. 1860ല്‍ ലണ്ടനില്‍ സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്ന് നൈറ്റിങ്‌ഗേല്‍ ട്രെയിനിംഗ് സ്‌കൂള്‍ ഫോര്‍ നേഴ്‌സസ് സ്ഥാപിച്ചു. ഡോക്ടര്‍മാര്‍ ഇല്ലാതെ വരുന്ന അവസരങ്ങളില്‍ രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ഇതുമൂലം നേഴ്‌സിങ് സമൂഹത്തിന് സാധിച്ചു.

ഇന്ത്യയിലെ നൈറ്റിങ്‌ഗേലിന്റെ സേവനങ്ങള്‍ക്ക് അതിരുകളില്ല. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ 1867ല്‍ നേഴ്‌സിങ് പരിശീലനം ആരംഭിച്ചു. ഇന്ത്യയില്‍ നൈറ്റിങ്‌ഗേലിന്റെ നേതൃത്വത്തിലാണ് നേഴ്‌സിങ് പഠനത്തിന്റെ മാര്‍ഗരേഖ ആദ്യമായി രൂപപ്പെടുത്തിയത്. 1971ല്‍ നാല് വിദ്യാര്‍ത്ഥികളുമായി മദ്രാസ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ആറു മാസത്തെ നേഴ്‌സിങ് പരിശീലനം തുടങ്ങി. 1988ല്‍ ബ്രിട്ടീഷ് പൗരന്മാരെ ശുശ്രൂഷിക്കുന്നതിനായി ഇംഗ്ലണ്ടില്‍ പരിശീലനം ലഭിച്ച പത്ത് നേഴ്‌സുമാര്‍ ഇന്ത്യയില്‍ എത്തി. അവര്‍ പിന്നീട് ഇന്ത്യക്കാര്‍ക്ക് പരിശീലനം നല്‍കുകയും നേഴ്‌സുമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ബ്രിട്ടീഷ് ഇന്ത്യയിലുടനീളം നേഴ്‌സിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇക്കാലത്ത് 'ട്രെയിന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഇന്‍ ഇന്ത്യ' എന്ന സംഘടനയും രൂപീകൃതമായി. മദ്രാസില്‍ ആദ്യമായി നേഴ്‌സിങ് രജിസ്‌ട്രേഷന്‍ നിലവില്‍ വന്ന ശേഷം 1946ല്‍ അവിടെത്തന്നെ നാലു വര്‍ഷത്തെ നേഴ്‌സിങ് കോഴ്‌സ് തുടങ്ങുകയും ചെയ്തു. 1947 ഡിസംബര്‍ 31ന് ഇന്ത്യന്‍ നേഴ്‌സിങ് നിയമം പ്രാബല്യത്തിലായി. 1949ല്‍ ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സില്‍ നിലവില്‍ വന്നു. 1960ല്‍ ഡല്‍ഹിയിലെ രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നേഴ്‌സിങ് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് തുടങ്ങി. 1963ല്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങിലാണ് രണ്ടാമത്തെ ബിരുദാനന്തര നേഴ്‌സിങ് പഠനം ആരംഭിക്കുന്നത്.

നൈറ്റിങ്‌ഗേലിനെ 1907ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഓര്‍ഡര്‍ ഓഫ് മെരിറ്റ്' നല്‍കി ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി നൈറ്റിങ്‌ഗേല്‍. 1896 ആയപ്പോഴേക്കും നൈറ്റിങ്‌ഗേല്‍ രോഗശയ്യയിലായി, ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാമത്തെ വയസ്സില്‍ നൈറ്റിങ്‌ഗേല്‍ ഈ ലോകത്തോട് വിടചൊല്ലി. ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാര്‍ഗരറ്റ് ചര്‍ച്ചാണ് അന്ത്യവിശ്രമ സ്ഥലം. നൈറ്റിങ്‌ഗേലിന്റെ അനുപമമായ കരുതലും ശുചിത്വ കാര്യങ്ങളിലുള്ള നിഷ്‌കര്‍ഷയും ലോകം എന്നും അനുസമരിക്കുന്നു.

വാല്‍ക്കഷണം

അമേരിക്കയില്‍ നേഴ്‌സുമാര്‍ക്ക് സൗജന്യ ഗ്രീന്‍കാര്‍ഡ് വിസ എന്ന 1970ലെ പ്രസിഡന്റ് നിക്‌സന്റെ പ്രഖ്യാപനം ഇന്ത്യയിലെ നേഴ്‌സിംഗ് രംഗത്തു മാത്രമല്ല, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി. വിദ്യാഭ്യാസത്തിലും സ്ത്രീ സമത്വത്തിലുമൊക്കെ ഏറെ മുന്നിലായിരുന്ന കേരളം പക്ഷേ ബിസിനസ്സു രംഗത്തു വളരെ പിന്നിലായതുകൊണ്ട് കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൂണു പോലെ നേഴ്‌സിംഗ് സ്‌കൂളുകള്‍ മുളച്ചു പൊന്തി. അവിടെയെല്ലാം ഭൂരിപക്ഷം സ്റ്റുഡന്‍സും മലയാളികളായിരുന്നു. അമേരിക്കയിലും ഇന്ത്യയിലും നേഴ്‌സസ് റിക്രൂട്ടിംഗ് ഏജന്‍സികളും മലയാളിയെ മുതലെടുത്തു. ഇന്ന് അമേരിക്കയിലെ നേഴ്‌സിംഗ് മേഖലയില്‍ മലയാളികള്‍ക്കുള്ള പ്രാമുഖ്യം വേറൊരു സമൂഹത്തിനുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക