Image

പത്തനംതിട്ടയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ കേന്ദ്രം

Published on 05 April, 2020
 പത്തനംതിട്ടയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ കേന്ദ്രം
പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ടക്ക് കേന്ദ്രത്തിന്റെ പ്രശംസ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തിലാണ് പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടത്.

കൊവിഡ് വ്യാപനം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെലുകള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. നേരത്തെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ജില്ലയാണ് പത്തനംതിട്ട.

ഇറ്റലിയില്‍ നിന്നുള്ള പ്രവാസി കുടുംബത്തിന്റെ വരവാണ് പത്തനംതിട്ടയെ കൊവിഡ് പ്രതിസന്ധിയിലാക്കിയത്. നിരീക്ഷണത്തില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്‌ ഇവര്‍ ഇറങ്ങി നടന്നതോടെ മൂവായിരത്തോളം പേരാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം നിരീക്ഷണത്തിലായത്. ഇവരുടെ കുടുംബത്തില്‍ നിന്ന് നേരിട്ടു തന്നെ ആറോളം പേരിലേക്ക് രോഗം പടര്‍ന്നിരുന്നു.

എന്നാല്‍ ഈ വെല്ലുവിളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം മുന്‍പോട്ട് പോയി. സാമൂഹിക അകലം ഉറപ്പാക്കാനായി 144 പ്രഖ്യാപിക്കുകയും വിദേശത്തു നിന്നെത്തിയ എല്ലാവരേയും കണ്ടെത്തി സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇത് തെറ്റിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയും സ്വീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍  കൊവിഡ് ബാധ സ്ഥിരീകരിച്ച13 പേരില്‍ എട്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക