Image

ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു

പി.പി.ചെറിയാൻ Published on 05 April, 2020
ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു
ഡാളസ് : ടെക്‌സസില്‍ ഡാളസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകള്‍ 1015 ആയി. കോവിഡ് 19 കാരണം ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 18 ആയി. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന 30 വയസുകാരനാണ് മരിച്ചത്.

ഡാലസില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴയും അതിശൈത്യവും എല്ലിസ് ഡേവിസ് ഫീല്‍ഡ് ഹൗസിലുള്ള കോവിഡ് 19 പരിശോധന തടസപ്പെടുത്തി. എന്നാല്‍, അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററിലെ പരിശോധനയ്ക്ക് തടസം നേരിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

ടെറന്റ കൗണ്ടിയില്‍ ഒന്‍പത് പേരും കോളിന്‍ കൗണ്ടിയില്‍ മൂന്നുപേരും കോവിഡ് 19 ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി. ഡാളസ് ഫയര്‍ റെസ്‌ക്യൂ ടീമിലെ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടീമിലെ അമ്പതോളം പേര്‍ ക്വാറന്റീനില്‍ കഴിയുന്നതായും അഗ്‌നിശമനസേനാധികൃതര്‍ വെളിപ്പെടുത്തി.

ഡാലസ്സില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ മുഖവും മൂക്കും മറയ്ക്കുന്നുണ്ട്. റോഡില്‍ വാഹനഗതാഗതം പരിമിതമായ തോതില്‍ മാത്രമാണുള്ളത്. സുരക്ഷാസേനയുടെ സാന്നിധ്യവും ഇവിടെ സജീവമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക