Image

പത്തനംതിട്ടയില്‍ ഇന്ന് വന്ന 90 പരിശോധന ഫലങ്ങളും നെഗറ്റീവ്

Published on 05 April, 2020
പത്തനംതിട്ടയില്‍ ഇന്ന് വന്ന 90 പരിശോധന ഫലങ്ങളും നെഗറ്റീവ്

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഇന്ന് വന്ന 90 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ്. 


ഇക്കൂട്ടത്തില്‍ നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരുടെ പരിശോധന ഫലവും ഉണ്ട്. ഇനി പുറത്ത് വരാനുള്ളത് 95 പേരുടെ പരിശോധന ഫലമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.


കഴിഞ്ഞ് മൂന്ന് ദിവസമായി ജില്ലയില്‍ നിന്നുള്ള 201 പേരുടെ കൊവിഡ് 19 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇക്കൂട്ടത്തില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് വന്ന 16 പേരുടെയും ഫലം ഉള്‍പ്പെടുന്നു. 


സ്രവ സാംപിള്‍ അയച്ചതില്‍ 95 പേരുടെ ഫലങ്ങള്‍ വരാനുണ്ട്. കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ തുടര്‍ ഫലങ്ങളും കിട്ടാനുണ്ട്.


19 പേരാണ് ജില്ലയില്‍ ആശുപത്രി ഐസോലേഷനിലുള്ളത്.ആകെ 7676 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.


 നിസാമുദ്ദീനില്‍ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ള 5 ല്‍ അധികം ട്രെയിനുകളില്‍ സഞ്ചരിച്ച ജില്ലയില്‍ നിന്നുള്ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. റെയില്‍വേയില്‍ നിന്ന് യാത്രാ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെയും നീരീക്ഷണത്തിലാക്കാനാണ് തീരുമാനം.


അതിനിടെ നിരോധനാജ്ഞാ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് 129 പേര്‍ ജില്ലയില്‍ അറസ്റ്റിലായി. കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ തുടര്‍ച്ചയായി വരുന്നുണ്ടെങ്കിലും മുന്‍ കരുതല്‍ നടപടികളില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 


ജില്ലയില്‍ കൊവിഡ് കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. നെഗറ്റീവ് ആയ 4 പേരെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.


പത്തനംതിട്ടക്ക് മാത്രമല്ല സംസ്ഥാനത്താകെയും കൊവിഡ് വ്യാപനത്തിന്‍റെ കാര്യത്തില്‍ ആശ്വാസ വാര്‍ത്തകളാണ് പുറത്ത് വരുന്നത് . സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൊവിഡ് പരിശോധനാ ഫലങ്ങളില്‍ കൂടുതല്‍ പേരുടെ ഫലങ്ങളും നെഗറ്റീവാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക