Image

ലോക് ഡൗണ്‍ ലംഘിച്ച്‌ രാത്രി കാറില്‍ യാത്ര : പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തില്‍ പരിക്കേറ്റു

Published on 05 April, 2020
ലോക് ഡൗണ്‍ ലംഘിച്ച്‌ രാത്രി കാറില്‍ യാത്ര : പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തില്‍ പരിക്കേറ്റു

ബെംഗളൂരു : ലോക് ഡൗണ്‍ ലംഘിച്ച്‌ രാത്രി കാറില്‍ യാത്ര ചെയ്ത പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തില്‍ പരിക്കേറ്റു . കന്നട നടി ഷര്‍മിള മണ്‍ഡ്രേയും സുഹൃത്ത്‌ ലോകേഷുമാണ് അപകടത്തില്‍പ്പെട്ടത്. 


കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. നടിയും സുഹൃത്തും സഞ്ചരിച്ച കാര്‍ വസന്ത്‌നഗറിലെ മേല്‍പ്പാലത്തിലെ തൂണുകളില്‍ ഇടിക്കുകയായിരുന്നു, വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ കാറിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത് നടിയാണെന്ന വിവരം വ്യക്തമാക്കിയത്. 


ട്രാഫിക് പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ഇവര്‍ പിന്നീട് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കണ്ണിങ്ങാം റോഡിലെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടന്നും സ്ഥലം വിട്ടു. 


നടിയുടെ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റതായാണ് വിവരം. സുഹൃത്തായ ലോകേഷിന്റെ കൈകള്‍ക്ക് പൊട്ടലുണ്ട്.


അല്പസമയത്തിനുശേഷം അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ ചികിത്സയ്‌ക്കെത്തിയതായി സ്വകാര്യാശുപത്രിയില്‍നിന്ന് ഹൈഗ്രൗണ്ട് പൊലീസിന് വിവരം ലഭിച്ചു. നടിയും സുഹൃത്തുമാണ് ചികിത്സതേടിയെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 


ജെ.പി. നഗറിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്നാണ് നടിയും സുഹൃത്തും ആശുപത്രിയില്‍ നല്‍കിയ വിവരം. എന്നാല്‍ വസന്ത് നഗറിലുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്നത് ഇവര്‍തന്നെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. 


ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള പാസുണ്ടായിരുന്നില്ല. ലോക്ഡൗണ്‍ ലംഘിച്ചതിനും തൂണുകള്‍ തകര്‍ന്നതിനും ഇരുവരുടെയും പേരില്‍ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ഇരുവരെയും ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക