Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 7 സന റബ്സ്

Published on 04 April, 2020
നീലച്ചിറകുള്ള  മൂക്കുത്തികൾ - 7 സന റബ്സ്


  നമ്മുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടനെ ഞാന്‍ ഡല്‍ഹിയില്‍ പോവുകയാണ്. മുന്‍പേ  പോകണമെന്ന് കരുതി. പക്ഷെ ഐപിഎല്ലിന്റെ പല തിരക്കുകളും ഉള്ളതിനാല്‍ കഴിഞ്ഞില്ല. നീ വരുന്നോ അങ്ങോട്ട്‌?”  ഒരു ദിവസം ഷൂട്ടിംഗ് ഇടവേളയില്‍ ദാസ്‌ മിലാനോട് ചോദിച്ചു. രണ്ട്പേരും മിലാന്‍റെ കാരവാനില്‍ വിശ്രമിക്കുകയായിരുന്നു.

“അത് വേണോ? ഞാനുംകൂടി വന്നാല്‍ വിദേതിന്‍റെ അമ്മ എന്ത് കരുതും?” മിലാന്‍ തിരിച്ചു ചോദിച്ചു.

“എന്ത് കരുതാന്‍? അമ്മയെ കാണാന്‍ വന്നു, വിവാഹത്തിനു മുന്നേ സമ്മതം വാങ്ങാന്‍ എന്ന് പറയണം.”

“അത് വേണ്ട വിദേത്, പാരമ്പര്യങ്ങളില്‍ കൂടുതല്‍ ഉറച്ചു നില്‍ക്കുന്നവരല്ലേ? ആദ്യം വിദേത് സംസാരിക്കണം. അല്ലാതെ ഞാന്‍ ഓടി വന്നാല്‍ എന്തെങ്കിലും അനിഷ്ടം വന്നാലോ?”

“ഒന്നും വരില്ല മൈ ഡിയര്‍ ഗേള്‍...” അയാള്‍ അവളെ നെഞ്ചിലേക്ക് ചേര്‍ത്തു. “ഞാന്‍ അമേരിക്കയില്‍ വെച്ച് റോസ്ലിനെ വിവാഹം കഴിക്കുമ്പോള്‍ ഫോണില്‍ വിളിച്ചല്ലേ സമ്മതം ചോദിച്ചത്. പിന്നീടു ഒരിക്കല്‍ മാത്രമാണ് അവള്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ അമ്മയെ കാണാന്‍ പോയത്.”

“ഉം...അപ്പോള്‍ ആദ്യത്തേതോ? ഏതോ ബന്ധുവിനെയല്ലേ ആദ്യം വിദേത് വിവാഹം കഴിച്ചത്? അവള്‍ ചോദിച്ചു.

“അതേ; എന്‍റെ അമ്മാവന്‍റെ മകളുമായി കുഞ്ഞിലേ പറഞ്ഞുവെച്ചിരുന്ന ബന്ധമായിരുന്നു. ഏതൊരു മുറപ്പെണ്ണും മുറച്ചെറുക്കനും പോലെ. വിവാഹം കഴിഞ്ഞു നാല് വര്‍ഷത്തിന്ശേഷമാണ് മൈത്രേയി ജനിക്കുന്നത്. മേനക ഹിന്ദിഅദ്ധ്യാപികയായിരുന്നു. ഹിന്ദിയില്‍ അവള്‍ക്കു അഗാധപാണ്ഡിത്യമുണ്ട്. ആദ്യകാലങ്ങളിലെല്ലാം എഴുതുന്ന എല്ലാ കാവ്യവും പരസ്പരം ഡിസ്കസ് ചെയ്യുമായിരുന്നു. പലതും കാവ്യഭംഗി തുളുമ്പുന്ന ഗീതികള്‍! ആ ബന്ധമാണ് കൂടുതല്‍കാലം നിലനിന്നത് എന്ന് പറയാം.” അയാള്‍ ഒരുനിമിഷം നിറുത്തി.

“ഇപ്പോഴും വിളിക്കാറുണ്ട്. മൈത്രേയി വിളിക്കുമ്പോള്‍, രണ്ടുപേരും ഒരുമിച്ച് വരണമെന്ന് പറയുമ്പോള്‍  അപൂര്‍വമായി ടൂര്‍ പോകാറുണ്ട്; മൂന്ന് പേരും കൂടി. വെരി റെയേര്‍ലീ....”

 “കുഞ്ഞ് ജനിക്കുംവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്രകളെല്ലാം. പിന്നീട് അവള്‍ കുഞ്ഞിന്‍റെ കാര്യങ്ങളിലേക്ക് വല്ലാതെ അറ്റാച്ച്ട് ആയി. എന്‍റെ തിരക്കുകളില്‍ ഞാനും വീണുപോയി. എന്നെ എന്‍റെ തിരക്കുകളിലേക്ക് പരിഭവങ്ങളില്ലാതെ അവള്‍ വിട്ടപ്പോള്‍ ആ ഫ്രീഡം ഞാനും ആവോളം ആസ്വദിച്ചു. അവസാനം അത് രണ്ടുപേരിലേക്കും ഒരുമിച്ചൊരു വഴിയില്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യം നല്‍കി.”

“മകളെ എന്തുകൊണ്ടാണ് അവര്‍ കൊണ്ടുപോകാഞ്ഞത്?”

“മോള്‍ക്ക്‌ അന്ന് ഏഴു വയസ്സുണ്ട്.  ആ വര്‍ഷം മുതല്‍ അവളെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തിരുന്നു. ഞങ്ങള്‍ പിരിഞ്ഞത് അവളുടെ പഠനത്തെ കൂടുതല്‍ ബാധിക്കാതെയിരിക്കാന്‍ അത് സഹായിച്ചു. എന്‍റെ അമ്മയും അന്ന് ചെറുപ്പമായിരുന്നു. അമ്മയുടെ കെയര്‍ അവളില്‍ ആവോളം ഉണ്ടായിരുന്നു. എങ്കിലും മൈത്രേയി പലപ്പോഴും മേനകയുടെ അടുത്ത് പോയിരുന്നു.  പലപ്പോഴും  മേനകയുടെ കവിതകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു കാര്യമുണ്ട്.  നഷ്ടങ്ങള്‍ അല്ലെങ്കില്‍ ദുഃഖങ്ങള്‍  കവിതകളില്‍ മാജിക്‌ കാണിക്കുന്നു എന്ന്. ഒരുപക്ഷേ ഈ ഡിറ്റാച്മെന്റ്റ് ആയിരിക്കാം അവളിലെ കവിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌.

മകളെ എനിക്ക്മാത്രം വിട്ടുതന്നു മേനക ഫ്രീഡം ആഘോഷിക്കുന്നു എന്ന് തോന്നിയിട്ടില്ല. മകള്‍ക്ക് വേണ്ടപ്പോഴൊക്കെ അവള്‍ അരികിലുണ്ടായിരുന്നു.”

“ഡു യു മിസ്സ് ഹേര്‍?” മിലാന്‍ ചോദിച്ചു.

 “വെരി മച്ച്...” അയാള്‍ മറുപടി നല്‍കി.

“വൈ...?” മിലാന്‍ അത്ഭുതത്തോടെ അയാളെ നോക്കി.

“വൈ...എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍...” ദാസ്‌ അല്‍പനേരം ആലോചിച്ചു. “എനിക്കറിയില്ല എന്തുകൊണ്ടെന്ന്...ഞങ്ങളുടെ ടേസ്റ്റുകള്‍ ഒന്നല്ല. എന്നാല്‍ ഞങ്ങളൊരിക്കലും വഴക്ക് കൂടിയിട്ടില്ല. യാത്രയിലും കിടപ്പറയിലുമൊന്നുമല്ല മിസ്സ്‌ ചെയ്യുന്നത്. പലപ്പോഴും ആഹാരം കഴിക്കുമ്പോള്‍ അവളെ ഓര്‍ത്തിട്ടുണ്ട്. ബികോസ് അവള്‍ ഉണ്ടാക്കിത്തരുമായിരുന്ന ഒരു മാസലക്കറിയുടെ രുചി പിന്നീടൊരിക്കലും ഏതൊരു രാജ്യത്തെ വിരുന്നും എനിക്ക് നല്‍കിയില്ല. 

ഓര്‍മ്മകളില്‍ ഇപ്പോഴും ഒരുമിച്ചുള്ള സോഫ്റ്റ്‌ വോയിസ്‌ മാത്രമേയുള്ളൂ. പതിഞ്ഞ സ്വരവും....പതുക്കെ ഭൂമിയെ നോവിക്കതെയുള്ള ചലനങ്ങളും....സന്ധ്യകളില്‍ ഞാന്‍ വീടിലെത്തുമ്പോള്‍ പലപ്പോഴും കണ്ടിരുന്നത് വിളക്കില്‍ എണ്ണ നിറയെ ഒഴിച്ച് ദീപം തെളിയിക്കുന്ന കാഴ്ചയാണ്. അത്രയും സാധാരണ പാരമ്പര്യരീതികളോടെ ജീവിക്കുന്ന പെണ്‍കുട്ടി. വേലക്കാരികളോടോ പുറത്തുള്ളവരോടോ ഒന്നും ഉറക്കെ സംസാരിച്ചു കേട്ടിട്ടില്ല. വഴക്കൊന്നും ഇല്ലാത്തതിനാല്‍ അല്ല മിസ്‌ ചെയ്യുന്നത്. അവള്‍ ഒഴിച്ചിട്ട സ്ഥലം നിശബ്ദമായി ഇന്നും ഫില്‍ ആവാതെ കിടക്കുന്നു. അവളുടെ സാന്നിധ്യം എപ്പോഴും നിശബ്ദതയുടെ വിശുദ്ധതയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.”

“പ്യൂരിറ്റി ഓഫ് സൈലെന്‍സ്!” മിലാന്‍ പൂരിപ്പിച്ചു.

“യെസ്; എക്സാററ്ലി!”

“ഇപ്പോള്‍ ഒരുമിച്ച് മൂന്നുപേരും പോകുമ്പോള്‍ എന്താണ് വിദേതിന്റെ മനസ്സില്‍ ഉണ്ടാവാറുള്ളത്?”

“പ്രത്യേകിച്ച് ഒന്നുമില്ല. ഇപ്പോള്‍ ഒന്നുകൂടി മേനക തന്നിലേക്ക് തന്നെ ഒതുങ്ങിയപോലെ തോന്നി. ഷോപ്പിങ്ങിനു പോകുമ്പോള്‍ മോള്‍ നിര്‍ബന്ധിച്ചാലേ എന്തെങ്കിലും വാങ്ങൂ. ഒന്നിനോടും ആഗ്രഹമില്ലെന്നു തോന്നുന്നു. മണാലിയിലേക്ക് ടൂര്‍ പോയപ്പോള്‍ ഹോട്ടല്‍ മുറിയിലെ ജനലരികില്‍ വളരെ സമയം ചെലവഴിക്കുന്നത് കണ്ടു. ദൂരെയുള്ള തണുത്തുറഞ്ഞ മലകളിലേക്ക് കണ്ണുകള്‍ നട്ട്...”

“ഒന്നും സംസാരിക്കാറില്ലേ?”

ദാസ് കുറെ നേരം ആലോചിച്ചു. പിന്നെ പറഞ്ഞു.

“ചിലപ്പോഴെല്ലാം...”

“ഇത്രയും ആലോചന വേണ്ട ചോദ്യമായിരുന്നോ അത്?”

“അല്ല; അത്....ഐ മീന്‍... അവസാനം എന്നാണ് സംസാരിച്ചത് എന്നോർത്തെടുത്തതാണ്.”

കുറേനേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല. അവസാനം ദാസ്‌ തന്നെ തുടര്‍ന്നു.

“മൈത്രേയിയെ വളരെ കാര്യമാണ്. മോള്‍ നിര്‍ബന്ധിച്ചു അന്നത്തെ യാത്രയില്‍ നോണ്‍വെജ് കഴിപ്പിക്കുന്നത് കണ്ടു.  ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ മൈത്രേയി അവളോട്‌ ‘അമ്മാ കിസ്സ്‌ തരുന്ന ഫോട്ടോ എടുക്കട്ടെ, കിസ്സ്‌ തരൂ’ എന്നൊക്കെ പറയുന്നത് കേട്ടു.” അയാള്‍ ചിരിച്ചു.

“ഉം....”

“ഫോട്ടോ എടുത്തു കഴിഞ്ഞുയുടനെ  മേനക പറഞ്ഞത് എന്താണെന്നറിയോ?” ദാസ്‌  ചിരിച്ചു മിലാനെ നോക്കി.

“ഉം..?”

“കിസ്സ്‌ ആന്‍ഡ്‌ ചുംബനം കിട്ടണമെങ്കില്‍ നീ അപ്പയോട് ചോദിക്കണം. ഉമ്മ കിട്ടണമെങ്കില്‍ അമ്മയോടും..എന്ന്...”

“ഉമ്മ  നിറയെ മുന്തിരിയും അണ്ടിപരിപ്പും  ചേര്‍ന്ന പാല്‍പ്പായസം ആണെങ്കില്‍ ചുംബനം ഹോട്ട് ആന്‍ഡ്‌ സ്പൈസി പെപ്പര്‍ ചിക്കന്‍ ആണെന്ന്..അതിന് നിന്റെ അപ്പയെ കഴിച്ചേ ആളുള്ളൂ എന്നും.”

മിലാന്‍ പൊട്ടിച്ചിരിച്ചുപോയി. ചുണ്ടിലൊരു ചെറിയ ചിരിയോടെ ദാസ്‌ അവളെത്തന്നെ നോക്കിയിരുന്നു.

“വൈ ..? വൈ ആര്‍ യൂ ലാഫിംഗ്?”

“ഏയ്‌..നതിംഗ്....” മിലാന്‍ വീണ്ടും ചിരിച്ചു.

“എന്നാലും....”

 “അല്ല, എത്ര നന്നായി അവര്‍ ചുംബനത്തെ ഡിഫൈന്‍ ചെയ്തു എന്നോര്‍ത്തിട്ട്...”

“ഓഹോ...”

“എന്നിട്ട്? അന്ന് രാത്രി അവര്‍ വിദേതിന് പാല്‍പ്പായസം തന്നോ? അതോ....”

“ഏയ്‌....നെവെര്‍...” ദാസ്‌ പറഞ്ഞു.

“അതെന്തേ...”

“അവരുടെ പേര്‍സണല്‍ സ്പേസിലേക്ക് ഞാനൊരു ചുംബനവും കൊണ്ട് ചെന്നാല്‍ ഫ്രീ എന്‍ട്രി കിട്ടുമെന്നാണോ നീ ധരിച്ചത്? ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. അത്ര വിലക്കുറഞ്ഞ രീതിയില്‍ തമ്മില്‍ ചേരാന്‍ ആയിരുന്നെങ്കില്‍ പിരിയണമായിരുന്നോ? എന്തൊരു ചോദ്യം?”

“എന്നാലും....ആ ടെഫിനിഷന്‍ സൂപ്പറബ്. എനിക്കിഷ്ടപ്പെട്ടു.” 

“ഒഹ്...എങ്കില്‍ വാ, ഞാനൊന്നു ഡിഫൈന്‍ ചെയ്തു നോക്കട്ടെ...”

“നോ..നെവെര്‍...” മിലാന്‍ ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് നീങ്ങിയിരുന്നു. “ഞാന്‍ പാല്‍പ്പായസവുമല്ല, നോണ്‍വെജും അല്ല..”

ദാസ് എഴുന്നേറ്റുവന്നു അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു മുഖം രണ്ട്കൈയിലേക്കും എടുത്തു. “ഒരു പെപ്പര്‍ സ്പൈസി ട്രൈ ചെയ്താലോ..”

മിലാന്‍ കുതറിക്കൊണ്ടിരുന്നു. “എത്ര പെപ്പര്‍ വേണം...” അവളുടെ ചുണ്ടുകളില് അമര്‍ത്തിയുമ്മവെച്ച് അയാള്‍ മന്ത്രിച്ചു. “പറ...മൈ ലിറ്റില്‍ ബട്ടര്‍ഫ്ലൈ...എത്ര വേണം?”

“ഇനിയും...ഇനിയും..” കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ട് അയാളുടെ പാദത്തില്‍ ചവിട്ടി ഉയര്‍ന്നുപൊങ്ങിക്കൊണ്ട് അവള്‍ പറഞ്ഞു.

“ഇനിയും....”

കാരവാന്‍ ഡോറില്‍ മുട്ടുന്ന ശബ്ദം കേട്ട് അവര്‍ പരസ്പരം അടര്‍ന്നു മാറി. അയാള്‍ ഡോര്‍ തുറക്കുമ്പോള്‍ പറഞ്ഞു. “ഷോട്ട് റെഡി ആയിരിക്കും.”

ദാസിന്‍റെ കൈകളോട് വളരെ ചേര്‍ന്ന് ചിരിച്ചുകളിച്ചു ഇറങ്ങിവരുന്ന മിലാനെ കണ്ട് ശാരികയും സഞ്ജയും അര്‍ത്ഥഗര്‍ഭമായ നോട്ടം കൈമാറി. കല്‍ക്കത്തയിലെ ഷൂട്ടിംഗ് അവസാനിക്കുന്ന ദിവസമായത്കൊണ്ട് അവര്‍  സെറ്റില്‍ വന്നതായിരുന്നു. ദാസും മിലാനും അവരെക്കണ്ട് വേഗം അടുത്തേക്ക് ചെന്നു.

“എപ്പോള്‍ വന്നു? വളരെ നേരമായോ?” ചോദിച്ചുകൊണ്ട് ദാസ്‌, സഞ്ജയ്‌ പ്രണോതിയ്ക്ക് ഷേക്ക്‌ഹാന്‍ഡ്‌ നല്‍കി.

“ഇല്ല, ഇപ്പോള്‍ വന്നതേയുള്ളൂ..”

ശാരിക അവര്‍ അഭിനയിക്കുന്നത് തന്നെ നോക്കിക്കൊണ്ടിരുന്നു. ആ സീന്‍ കഴിഞ്ഞപ്പോള്‍ ദാസ്‌ അവര്‍ക്കരികിലെത്തി. ഒരു ലുങ്കിയും ഷര്‍ട്ടും ആയിരുന്നു ആ സീനില്‍ ദാസിന്‍റെ വേഷം. അയാള്‍ വളരെ സിമ്പിള്‍ ആയി കാണപ്പെട്ടു ആ വേഷത്തില്‍.

“നമുക്കങ്ങോട്ടിരിക്കാം...” ടേബിള്‍ സെറ്റ്ചെയ്ത ഭാഗം ചൂണ്ടി ദാസ്‌ പറഞ്ഞു.

“എന്താണ് വിശേഷം റായ്?” ദാസിനെതിരെ ഇരുന്നുകൊണ്ട് സഞ്ജയ്‌ പ്രണോതി കുശലം ചോദിച്ചു.

“ഹ...വളരെ നന്നായി പോകുന്നു.” അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ മിലാന്‍ കോസ്റ്റ്യൂം ചേഞ്ച്‌ ചെയ്തു അവര്‍ക്കരികിലെത്തി.

“എന്താണ് നിങ്ങള്‍ വിവാഹക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചത്?” സഞ്ജയ്‌ ആരാഞ്ഞു.

“ഡല്‍ഹിയില്‍ പോയി വന്നയുടനെ നമ്മുക്ക് വിവാഹത്തീയതി ഉറപ്പിക്കാം.” ദാസ്‌ പറഞ്ഞു.

“യെസ്,ഞങ്ങള്‍ക്ക് എപ്പോഴായാലും സമ്മതമാണ് റായ്, മിലു ഏതെങ്കിലും ഏറ്റെടുത്ത വര്‍ക്ക്‌ മുഴുവനാക്കാന്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അതിനുള്ള സമയമേ വേണ്ടൂ.” സഞ്ജയ്‌ മകളെ നോക്കി പറഞ്ഞു.

“ഇപ്പോഴത്തെ ഈ വര്‍ക്ക്‌ കഴിഞ്ഞാല്‍ കുറച്ച് ഫ്രീ ആകും അച്ഛാ..” അവള്‍ പറഞ്ഞു.

നാല്പേരും കൂടിയ ആ മുഹൂര്‍ത്തം മിലാന്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. അതില്‍ നല്ലൊരു ഫോട്ടോ ദാസിനെ കാണിച്ചു അവള്‍ കണ്ണിറുക്കി. “എങ്ങനെയുണ്ടിത്?”

“ഉം...ഉം.., എനിക്കൊന്നയക്കൂ;  നല്ല ഫോട്ടോസ്...”

  നാലുപേരും ചേര്‍ന്നിരുന്നു തമാശ പറയുന്നതും ആഹാരം കഴിക്കുന്നതുമെല്ലാം സെറ്റിലെ മീഡിയാ റിപ്പോര്ട്ടെഴ്സും തങ്ങളുടെ ഫ്രെമില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

“നമ്മുടെ ഇവിടത്തെ സീനുകള്‍ ഇന്ന് കഴിയുകയാണ്. ഞാന്‍ നാളെയോ അത് കഴിഞ്ഞോ ഡല്‍ഹിയില്‍ പോകും. അത് കഴിഞ്ഞ് നമുക്ക് കാണാം.” ദാസ് പറഞ്ഞതിനോട് ഏവരും യോജിച്ചു.

അന്നത്തെ ഷൂട്ടിംഗ് കഴിഞപ്പോള്‍ മിലാനെയും കൂട്ടി ശാരികയും സഞ്ജയും യാത്രപറഞ്ഞുപോയി. രാത്രിയില്‍ മിലാന്‍റെ ഫോണില്‍ ദാസിന്‍റെ സന്ദേശം വന്നു. “മൈ സ്വീറ്റ് ഹാര്‍ട്ട്. ട്വിറ്റര്‍ നോക്കൂ...”

മിലാന്‍ പെട്ടെന്ന് തന്നെ റായ് വിദേതന്‍ദാസിന്‍റെ ഒഫീഷ്യല്‍ പേജില്‍ കയറി.

അന്ന് വൈകുന്നേരം അവളെടുത്ത ഫോട്ടോ അയാള്‍ ട്വിറ്ററില്‍ അപ് ലോഡ്  ചെയ്തിരിക്കുന്നു. താഴെ ഇങ്ങനെ എഴുതിയിരുന്നു.

“എന്‍റെ സ്വപ്നദൂരത്തിനരികെ...”

                           (തുടരും)
നീലച്ചിറകുള്ള  മൂക്കുത്തികൾ - 7 സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക