Image

മാസ്ക് ധരിക്കില്ലെന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്താവനയിൽ വൻ വിവാദം

Published on 04 April, 2020
മാസ്ക് ധരിക്കില്ലെന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്താവനയിൽ വൻ വിവാദം

കൊവിഡ് ഭീതിയിൽ വിറങ്ങലിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം മാത്രം 1480 പേരാണ് രോഗബാധമൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. കഴിഞ്ഞ ബുധനാഴ്ചയാണ്  ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.  അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയിൽ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്‍റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവിൽ അമേരിക്കയിൽ ആകെ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

   മാസ്ക് ധരിക്കില്ലെന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്താവനയിൽ  വൻ വിവാദമാണ് രാജ്യത്ത് ഉയരുന്നത്. സിഡിസി(സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ) എന്ന അമേരിക്കൻ ആരോഗ്യ ഏജൻസി ജനങ്ങളോട് മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചതിൽ ‘voluntarily’ (സ്വയംസന്നദ്ധമായി) എന്ന വാക്ക് എടുത്തു പറഞ്ഞ ട്രംപ് ആവർത്തിച്ചത് ‘നിങ്ങൾ വേണമെങ്കിൽ മാസ്ക്’ ധരിച്ചാൽ മതി എന്നാണ്. താൻ തീ‍ർച്ചയായും മാസ്ക് ധരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

  ”ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കൻമാരെ, റാണിമാരെ ഒക്കെ കാണുമ്പോൾ ഞാൻ മാസ്ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാൻ മാസ്ക് ധരിക്കാൻ പോകുന്നില്ല, നിങ്ങളും വേണമെങ്കിൽ ധരിച്ചാൽ മതി”- ട്രംപ്.

     ലോക്ക് ഡൗൺ ആയല്ലെങ്കിലും വീട്ടിലിരിക്കാൻ നിർദേശം നൽകുന്ന ഉത്തരവുകൾ വിവിധ സ്റ്റേറ്റുകൾ പുറത്തിറക്കുമ്പോഴും ട്രംപിന് ഇതിൽ അയഞ്ഞ നിലപാടാണ്. വീട്ടിലിരിക്കണമെന്ന ഉത്തരവ് (സ്റ്റേ അറ്റ് ഹോം) വേണമെന്ന് താൻ നി‍ർബന്ധം പിടിക്കില്ലെന്നും അതാത് സ്റ്റേറ്റുകളിലെ ഗവർണർമാർക്ക് തീരുമാനിക്കാമെന്നും ട്രംപ്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞ രാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞു. ന്യൂയോർക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുമാണ്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാത്രമല്ല, വെറുതെ സംസാരിക്കുമ്പോൾപ്പോലും കൊവിഡ് പകരാൻ സാധ്യതയുണ്ടെന്ന് സിഡിസി വൈറ്റ് ഹൗസിന് റിപ്പോർട്ട് നൽകിയത് ഇന്നലെയാണ്. ഇപ്പോഴും എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം പോലും വ്യക്തമായി ട്രംപ് നൽകാതിരിക്കുന്നത് സിഡിസിയിലും അത‍ൃപ്തിയുണ്ടാക്കുന്നുണ്ട്.

   സിഡിസിയുടെ പുതിയ നിർദേശം ട്രംപ് അംഗീകരിച്ചെങ്കിലും അതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന ചില ഉദ്യോഗസ്ഥരടക്കം മാസ്ക് ധരിക്കണമെന്ന നിർദേശത്തോട് വിയോജിച്ചെന്നാണ് സൂചന. മാസ്ക് ധരിക്കണമെന്ന നിർദേശം നാട്ടുകാരിൽ ഭീതിയുണ്ടാക്കിയേക്കാമെന്നും, എല്ലാവരും മാസ്ക് ധരിക്കേണ്ട അത്യാവശ്യമില്ലെന്നും സിഡിസിയോട് വൈറ്റ് ഹൗസ് തിരികെ നിർദേശം നൽകിയെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപിപോർട്ട് ചെയ്യുന്നത്. ആവശ്യമെങ്കിൽ രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂയോർക്ക് സിറ്റിയിലോ അലബാമയിലോ മാത്രം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാമെന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നു. സിഡിസിയും വൈറ്റ് ഹൗസും തമ്മിൽ ഇക്കാര്യത്തിലടക്കം നിലനിൽക്കുന്ന അഭിപ്രായഭിന്നതകളാണ് ഇവിടെയും തുറന്നു കാട്ടപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക