Image

കോവിഡ് താണ്ഡവം: ഇന്നലെവരെ മരിച്ചത് 59,162 പേര്‍: അമേരിക്കയില്‍ മരണം 7400 കവിഞ്ഞു (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 04 April, 2020
കോവിഡ് താണ്ഡവം: ഇന്നലെവരെ  മരിച്ചത്  59,162 പേര്‍: അമേരിക്കയില്‍ മരണം 7400 കവിഞ്ഞു (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: അങ്ങനെ അതും സംഭവിച്ചു. നോവല്‍ കോവിഡ് 19 രോഗബാധ മൂലം  ഒരൊറ്റ ദിവസംകൊണ്ടു  അമേരിക്കയില്‍ 1,321 പേര്‍ മരിച്ചു. ലോകം മുഴുവന്‍ കോവിഡ് 19 ബാധമൂലം ലോകത്തെ ഏതെങ്കിലുമൊരു രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ മരണസംഖ്യയാണിത്. ഇതോടെ അമേരിക്കയില്‍ കോറോണാ വൈറസ് മൂലം മരിച്ചവരുടെ എണ്ണം മൊത്തം 7,412   ആയി. ലോകത്ത് ഇതുവരെ 59,162 പേര്‍ മരണമടയുകയും 1,098,456 പേര്‍  രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ മാത്രം 82,940 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതില്‍  32,284 പേര്‍ അമേരിക്കക്കാരാണ്. ഇതോടെ  രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 277,161 ആയി.
 
 ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇന്നലെയും  ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 680 പേരാണ്. രാജ്യത്തു ഇന്നലെ  മരിച്ചവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ ന്യൂയോര്‍ക്കിലാണ്. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നകാര്യം ഉറപ്പാണ്. 
കഴിഞ്ഞയാഴ്ച്ച തന്നെ രാജ്യത്തെ ആരോഗ്യമേഖലയിലെ വിദദ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സെന്റര് ഫോര്‍ ഡിസീസ് കൊണ്ടോരല്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) അഡൈ്വസര്‍ ഡോ.ഇറ ലോഗിനിയുടെ മുന്നറിയിപ്പ് അച്ചട്ടായി സംഭവിക്കുന്നു.

 ലോകത്തെ വിവിധ രാജ്യങ്ങളിലെ രോഗ വ്യാപനത്തിന്റെയും മരണ നിരക്കിന്റ്‌റെയും ഡാറ്റകളുടെ മോഡലിംഗ് നടത്തിയാണ് അദ്ദേഹം തന്റെ നിഗമനങ്ങള്‍ സി.ഡി.സി യ്ക്കു റിപ്പോര്‍ട്ട് ചെയ്തതത്. ഇക്കാര്യം ഇ മലയാളി മാര്‍ച്ച് 26നു റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ മൂന്നാഴ്ചയ്ക്കകം അമേരിക്ക കൊറോണ രോഗത്തിന്റെ വ്യാപനത്തിലും മരണത്തിലും ലോകത്തിലെതന്നെ ഏറ്റവും മുന്‍പന്തിയില്‍ ആയിരിക്കുമെന്നാണ്. അദ്ദേഹം ഈ പഠനം നടത്തുമ്പോള്‍ രോഗവ്യാപനത്തിലും മരണത്തിലും എട്ടാം സ്ഥാനത്തായിരുന്ന അമേരിക്ക ഒറ്റയാഴ്ച്ചകൊണ്ട് രോഗവ്യാപനത്തില്‍ ഒന്നാമതും മരണസംഖ്യയില്‍ മൂന്നാമതും എത്തി. കാര്യങ്ങളുടെ പോക്ക് ഈ നിലയില്‍ തുടര്‍ന്നാല്‍ എല്ലാ ലോകരാജ്യങ്ങളെയും പിന്തള്ളി അമേരിക്ക മരണനിരക്കിലും ഒന്നാമതെത്തും. അതിനിനി അധികകാലം വേണ്ടി വരില്ല. 

 ഇറ്റലിയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ മരണപ്പെട്ടത്. 14,681 പേര്. രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 11,198 പേര്‍ മരിച്ചു. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ഫ്രാന്‍സില്‍ 6,507 പേരും മരിച്ചു. വ്യാഴാച മുതല്‍ മരണ നിരക്ക് വര്‍ധിച്ചു വരുന്ന ബ്രിട്ടനിലെ മരണനിരക്ക് ചൈനയെ പിന്തള്ളി 3,650 ആയി. ചൈനയില്‍ 3,322 പേരാണ് ഇന്നലെ മരിച്ച നാലുപേര്‍ ഉള്‍പ്പെടെ മരിച്ചത്.ഇറ്റലിയില്‍ 766 പേരും സ്‌പെയിനില്‍ 850 പേരും ബ്രിട്ടനില്‍ 684 പേരും വീതമാണ് ഇന്നലെ മരിച്ചത്, എന്നാല്‍ ഫ്രാന്‍സിലും  വ്യാഴാച അഭൂതപൂര്‍വമായ മരണ നിരക്കാണ് ഉണ്ടായത്.ഫ്രാന്‍സിസില്‍ ഇന്നലെ മാത്രം 1,121 പേര്‍ മരിച്ചു വ്യാഴാച്ചയാണ് ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 1,355 പേര്‍.  അതെ സമയം ജര്‍മ്മനിയിലും ഇറാനിലും മരണസംഖ്യ ആനുപാതികമായി കുറഞ്ഞുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ജര്‍മ്മനിയില്‍ വ്യാഴാച 168 ഉം ഇന്നലെ 176 പേരുമാണ് മരിച്ചത്. ഇന്നലെ അവിടെ 3,936 പേര്‍ ഗുരുതരാവസ്ഥയിരുന്നുവെങ്കിലും മരണനിരക്ക് വെറും 4.5  ശതമാനമായിരുന്നു. ഇറാനിലും സ്ഥിതി വ്യത്യസ്തമല്ല. ഇറാനില്‍ വ്യാഴാച 124 ലും ഇന്നലെ 134 ലുപേരുമാണ് മരിച്ചത്. ഇവിടെ വ്യാഴാച 4,035 പേര് ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കിലും ഇന്നലത്തെ മരണ നിരക്ക് വെറും 3.3 ശതമാനം മാത്രമാണ്.

 അതേസമയം, ബ്രിട്ടനില്‍ വ്യാഴാച വെറും 163 പേരായിരുന്നു ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവിടെ ഇന്നലെ 684 പേര് മരിച്ചു. അതായതു വ്യാഴാച ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന വര്‍ക്ക് പുറമെ ഇന്നലെ ഗുരുതരാവസ്ഥയില്‍ ആയ നിരവധിപേരും അവിടെ മരിച്ചിട്ടുണ്ടാകണം . കാരണം ഇന്നലെയും 163 പേര് തന്നെയാണ് അവിടെ ഗുരുതരാവസ്ഥയിലുള്ളവര്‍. ഇത് സൂചിപ്പിക്കുന്നത് ബ്രിട്ടനിലെ സ്ഥിതിയും വഷളായി വരികയെന്നതാണ്. എന്നാല്‍ ഫ്രാന്‍സ്,ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ സ്ഥിതി ഇപ്പോഴും വഷളായിതന്നെ  തുടരുകയാണ്. ഫ്രാന്‍സില്‍ വ്യാഴാച ഗുരുതരാവസ്ഥയിലായിരുന്നവര്‍ 6,399 പേര് ആയിരുന്നു. ഇന്നലത്തെ മരണ നിരക്കില്‍ അവിടെ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നവരില്‍ 18 ശതമാനം പേര്‍ മരിച്ചു. അങ്ങനെ സ്‌പെയിനില്‍ 13.5 ശതമാനവും  ഇറ്റലിയില്‍ 19 ശതമാനവും  വരുന്ന ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നവര്‍ മരണത്തിനു കീഴടങ്ങിയത്. അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന 5,428 പേരില്‍ 24.5 ശതമാനം പേരാണ് മരണമടഞ്ഞത്. അതുകൊണ്ടുതന്നെ ഈ ഡാറ്റമോഡലിംഗ് പ്രകാരം അമേരിക്കയിലെ സ്ഥിതിയാണ് ഏറെ ഗുരുതരം. ഇന്ത്യയില്‍ 2,567  പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും മരണ നിരക്ക് ഏറെ കുറവാണ്. ഇതുവരെ 72 പേര്‍ മാത്രമാണ് മരിച്ചത്.

ലോകത്തു ഇതുവരെ 228,923 പേര്‍ രോഗവിമുക്തരായിട്ടുമുണ്ട്. നിലവില്‍ 810,371 ആക്റ്റീവ് കേസുകളാണുള്ളത്. ഇതില്‍ 5 ശതമാനം പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കി 95 ശതമാനം പേര്‍ക്കും നില ഗുരുതരമല്ലെങ്കിലും പ്രവചനാതീതമാണ്. ലോകത്ത്  39,391 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്, ഇന്ന് മാത്രം ലോകത്ത് 82,972 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ ഇതുവരെ 257,486  ആക്റ്റീവ് കേസുകള്‍ ഉണ്ട്. അതില്‍ 5,787 പേരുടെ നില അതീവ ഗുരുതരമാണ്. ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ഇറ്റലിയിലെ 83,388 ആക്റ്റീവ് കേസുകളില്‍ 4,068 പേരുടെ നില ഗുരുതരമാണ്. ഇറ്റലിക്കു പുറമെ സ്‌പെയിനിലും ഫ്രാന്‍സിലുമാണ് ഏറ്റവും പേര് ഗുരുതരാവസ്ഥയില്‍ ഉള്ളത്.  സ്‌പെയിനില്‍ 77,478, ഫ്രാന്‍സില്‍ 43,823 എന്നിങ്ങനെയാണ് ആക്റ്റീവ് കേസുകള്‍ ഉള്ളത്. എല്ലാ രാജ്യങ്ങളിലും പുതിയ കേസുകള്‍ ഓരോ ദിവസവും ഏറി വരികയാണ്. അതെ സമയം മുന്‍പ് കാര്യമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ചില രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുന്നുണ്ട്.

അമേരിക്കയില്‍ ഏറ്റവും മരണ നിരക്കുള്ള സംസ്ഥാനം ന്യൂയോര്‍ക്കാണ്.അവിടെ ഇതുവരെ 3,212 പേര്‍  മരിച്ചു. ഇവിടെ മൊത്തം 103,476 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.ഇതില്‍ 10,423 കേസുകള്‍ പുതിയവയാണ്. വ്യാഴാച മാത്രം 505 പേര്‍ മരിച്ചപ്പോള്‍ ഇന്നലെ 680  പേര് മരിച്ചു. ന്യൂജേഴ്സിയിലെ മരണ സംഖ്യ 646 ആയി വര്‍ധിച്ചു. 109  പേരാണ് ഇന്നലെ ന്യൂജേഴ്സിയില്‍ മരിച്ചത്. ന്യൂ ജേഴ്സിയില്‍ ഇന്നലെ 4,305. അവിടെ മൊത്തം 29,895 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.

കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യുതുവരുന്ന ലൂസിയാനയില്‍ ഇന്നലെ 60  പേര്‍ കൂടി  മരിച്ചു. ഇവിടെ 10,298  പേര്‍ കൊറോണ ബാധിതനാണ്..മൊത്തം കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും മിഷിഗണ്‍ ആണ് ലൂസിയാനിയെക്കാള്‍ മുന്നില്‍. മിഷിഗണില്‍ 12,744 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത അവിടെ 479 പേര് മരിച്ചു. ഇതില്‍ 62 പേര് ഇന്നലെയാണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ ഇന്നലെ 41 പേര് കൂടി മരിച്ചു. ഇപ്പോള്‍ അവിടെ മരണ സംഖ്യ 275 ആണ്. അവിടെ 12,675 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചൈനയിലെ വറുഹാനില്‍ നിന്ന് കഴിഞ്ഞ നവമ്പറില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിയെ പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങള്‍ പകച്ചുനില്‍ക്കുകയാണ്. രോഗബാധിതരായുടെ എണ്ണം മില്യണ്‍ കവിഞ്ഞപ്പോള്‍ മരണ സംഖ്യ അടുത്ത ആഴ്ച്ച തന്നെ ഒരു ലക്ഷത്തോടടുക്കുമെന്നാണ് ലോക ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ കരുതുന്നത്. ഏപ്രില്‍ കറുത്ത ദിനങ്ങള്‍ ആയിരിക്കുമെന്നു സൂചന നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തിനു  ഒന്നാം തിയതി മുതല്‍  അതിവേഗം കുതിച്ചുയരുന്ന മരണ സംഖ്യയെ പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്ന് തറപ്പിച്ചു പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക