Image

റാപ്പിഡ്‌ ടെസ്‌റ്റ്‌ ആരംഭിക്കും ; കോവിഡ്‌–- 19 പരിശോധന വിപുലമാക്കും

Published on 04 April, 2020
റാപ്പിഡ്‌ ടെസ്‌റ്റ്‌  ആരംഭിക്കും ; കോവിഡ്‌–- 19 പരിശോധന വിപുലമാക്കും

സംസ്ഥാനത്ത്‌ കോവിഡ്‌–- 19 പരിശോധന വിപുലമാക്കും. നിലവിൽ  രോഗബാധിതപ്രദേശത്തുനിന്ന്‌ എത്തിയവരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ തുടങ്ങിയ അഞ്ച്‌ രോഗലക്ഷണങ്ങൾ ഉള്ളവർക്കാണ്‌ പരിശോധന.  ഒന്നോ രണ്ടോ ലക്ഷണം ഉള്ളവരെയും പരിശോധനയ്‌ക്ക്‌ വിധേയരാക്കും.

സാമ്പിൾ പരിശോധിക്കൽ വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീൻ വാങ്ങും. ഇതിൽ ഏഴെണ്ണം ലഭ്യമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 14 പിസി ആർ മെഷീനുകളുണ്ട്‌. ഇവ അനുമതി ലഭിച്ച ലാബുകളിലേക്ക്‌ മാറ്റി കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും ആലോചനയുണ്ട്‌. കാസർകോട്‌ കേന്ദ്ര സർവകലാശാലയിൽ നിലവിൽ 20 സാമ്പിളുകളാണ്‌ ഒരു ദിവസം പരിശോധിക്കുന്നത്‌. ഇത്‌ 100 ആയി ഉയർത്തും.

സംസ്ഥാനത്ത്‌ പ്രതിദിനം 2000 സാമ്പിളുകൾ പരിശോധിക്കാൻ ശേഷിയുണ്ട്‌. എന്നാൽ, സർക്കാർ തീരുമാനിച്ചാൽപോലും പ്രതിദിനം ഇത്രയും പരിശോധന നടത്താനാകില്ല. ഐസിഎംആർ മാനദണ്ഡപ്രകാരം മാത്രമേ ടെസ്‌റ്റുകൾ ചെയ്യാനാകൂ.

റാപ്പിഡ്‌ ടെസ്‌റ്റ്‌ ശനിയാഴ്ച ആരംഭിക്കും. എന്നാൽ, വൈറസിനെതിരെ ശരീരത്തിൽ ആന്റി ഡി രൂപപ്പെട്ടാൽമാത്രമേ  റാപ്പിഡ്‌ ടെസ്‌റ്റിൽ വ്യക്തമാകൂ. അതിനാൽ റാപ്പിഡ്‌ ടെസ്‌റ്റ്‌ ഫലം നെഗറ്റീവായാലും നിരീക്ഷണത്തിൽ തുടരേണ്ടിവരും.  റാപ്പിഡ്‌ ടെസ്‌റ്റ്‌ ഫലം പോസിറ്റീവായ വ്യക്തികളെ ആർടി പിസിആർ പരിശോധനയ്‌ക്കും വിധേയരാക്കും.

1000 റാപ്പിഡ് ടെസ്‌റ്റ്‌ കിറ്റ്‌ എത്തി
കോവിഡ് –-19 രോഗബാധ അതിവേഗം കണ്ടെത്താനുള്ള  1000 ദ്രുത പരിശോധനാ കിറ്റ്‌ (റാപ്പിഡ് ആർടിപിസിആർ കിറ്റ്‌)  സംസ്ഥാനത്ത്‌ എത്തി.  ഇതോടെ രണ്ടര മണിക്കൂറിൽ പരിശോധനഫലം കിട്ടും. നേരത്തെ ഏഴുമണിക്കൂർ വേണ്ടിയിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌  ദ്രുത പരിശോധന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക