Image

വിളക്കുമായൊരാള്‍ (രമ പ്രസന്ന പിഷാരടി, ബാംഗളൂര്‍)

Published on 03 April, 2020
വിളക്കുമായൊരാള്‍ (രമ പ്രസന്ന പിഷാരടി, ബാംഗളൂര്‍)
(വിളക്കും കൈയിലേന്തി നില്‍ക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ  അനന്തരപരമ്പരകള്‍ക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് ആതുരരംഗത്തും, സാമൂഹികരംഗത്തും കോവിഡ് ഭീക്ഷണിക്കാലത്ത് സ്വന്തം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന  ലോകത്തിലെ എല്ലാ സഹജീവികള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.)

അരികിലുണ്ട് വിളക്കും
പിടിച്ചു കൊണ്ടൊരു
മനസ്വിനി  ഭൂമിയ്ക്കുമപ്പുറം
നിഴലുവീഴാത്ത താരാപഥങ്ങളില്‍
നറു നിലാവിന്റെ ക്ഷേത്രം തുറക്കുന്നു
ഇരുളിലാഴുന്ന ലോകമേ
കാണാത്ത ചിമിഴിലിന്നും
കെടാതെ നിന്നീടുന്ന
കനലതുണ്ട് കറുപ്പാര്‍ന്നു
വീഴുന്ന വഴികളില്‍
വന്ന് സൂര്യനാകുന്നവ
കഥകളില്‍ നിന്ന്
ഗോത്രങ്ങളില്‍ നിന്ന്
ദയ മരിക്കുന്ന
കൂട്ടങ്ങളില്‍ നിന്ന്
നിലവിളിക്കുന്ന
ശോകങ്ങളില്‍ നിന്ന്
കഴുമരത്തിലെ
കര്‍മ്മങ്ങളില്‍ നിന്ന്
നിറുകയില്‍
കത്തിയാളുന്ന
വിഭ്രമച്ചിതകളില്‍
നിന്ന് സങ്കടം നീന്തുന്ന
പുഴകളില്‍ നിന്ന്
വീണ്ടും തിമിര്‍ക്കുന്ന
മരണഗര്‍ജ്ജനം
കേട്ട് നില്‍ക്കുമ്പോഴും
മുറിവുണക്കാന്‍ വരുന്ന
വാനമ്പാടി
കനിവുണര്‍ത്തുന്ന
ദീപപ്രകാശത്തില്‍
ഇരുളു മായട്ടെ
ഇനിയുമുണ്ടുള്ളിലായ്
ചുരുളഴിക്കുന്ന വന്യമാം
കാടുകള്‍, കളകള്‍
കത്തിക്കരിഞ്ഞു
പോയീടട്ടെ
പുതിയതായ
പ്രഭാതമുണരട്ടെ
വരിക, കൈകളില്‍
ദീപവുമായ് ലോക
തിമിരമെല്ലാം
മറഞ്ഞു പോയീടട്ടെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക