Image

അമേരിക്കക്കു ഇത് വന്നല്ലോ, സഹതാപം, ഉള്ളാലെ സന്തോഷം; കേട്ടതെല്ലാം ശരിയോ? (ബിന്ദു ടിജി )

Published on 03 April, 2020
അമേരിക്കക്കു ഇത് വന്നല്ലോ, സഹതാപം, ഉള്ളാലെ സന്തോഷം; കേട്ടതെല്ലാം ശരിയോ?  (ബിന്ദു ടിജി )
എംടി യുടെ പ്രശസ്തമായ സിനിമയാണ് സുകൃതം. മരണത്തിലേക്ക് വീഴുന്നരോഗിയുടെ നിസ്സഹായാവസ്ഥയും പിന്നീട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ചുറ്റും അദ്ദേഹത്തെ സ്‌നേഹിക്കുന്നു, കാത്തിരിക്കുന്നു, എന്ന് നാം കരുതുന്നവരുടെ അപ്രതീക്ഷിതമായ പ്രതികരണവും ആണ് കഥാതന്തു.

കഥാനായകന്‍ എഴുത്തുകാരനും ജേര്‍ണലിസ്റ്റുമാണ്.സിനിമ കണ്ടു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും മനസ്സില്‍ മുഴങ്ങുന്ന ഒരു തത്വചിന്തയുണ്ട് 'സഹതാപം എന്നത് നിനക്ക് ഇത് വന്നല്ലോ' എന്ന സന്തോഷമാണ്.

മനുഷ്യ മനസ്സിന് അടക്കി നിര്‍ത്താനാവാത്ത ചില ദുര്‍മുഖങ്ങളുണ്ട്. എത്ര മറച്ചു പിടിച്ചാലും ഒടുവില്‍ മറ നീക്കി അത്പുറത്തു ചാടും. അസൂയ, സ്വാര്‍ത്ഥത, അഹങ്കാരം, അവസരവാദം ഇങ്ങനെ പോകുന്നു ആ സുന്ദരമായ മുഖം മൂടിയ്ക്കകത്തെ ദുര്‍ഭൂതങ്ങള്‍.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുംകേരളത്തിലെ പ്രബുദ്ധജനവും അമേരിക്കയുടെ പ്രതിസന്ധിയില്‍ ആഘോഷിക്കുന്ന കാഴ്ച രസകരമായി വീക്ഷിച്ച ഒരാളാണ്ഞാന്‍.'നിനക്ക് ഇത് വന്നല്ലോ' എന്ന സന്തോഷമാണോഇതെന്ന സംശയം എന്നില്‍ ബലപ്പെടുന്നു. സമൂഹമാധ്യമങ്ങളില്‍ അമേരിക്കയുടെ ഹെല്ത്ത് സിസ്റ്റത്തെ പറ്റി വളരെ വിമര്‍ശനാത്മകമായവോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും വിഹരിക്കുന്നു. ഈ ഹെല്ത്ത് സിസ്റ്റത്തേക്കാള്‍നൂറുമടങ്ങ് കാര്യക്ഷമമാണ് കേരളത്തിന്റെ ആരോഗ്യരംഗം എന്നാണ് അവരുടെ പക്ഷം. അമേരിക്കയുടെ ഹെല്ത്ത് സിസ്റ്റം കേരളത്തോടോ, ഇന്ത്യ യോടോ അല്ലെങ്കില്‍ അമേരിക്കക്ക് സമാനമായ കാനഡയോടോ യൂറോപ്യന്‍ രാജ്യങ്ങളോടോ ആണോ താരതമ്യം ചെയ്യേണ്ടത്? ഇനി മാത്രമല്ല ഇത്രകാലം അമേരിക്കയെ തോളിലേറ്റി, ഈ പ്രതിസന്ധി ഘട്ടത്തിലാണോ അമേരിക്കയെ വിമര്‍ശനങ്ങളാല്‍ കല്ലെറിയേണ്ടത്? പല രാഷ്ട്രീയ നേതാക്കന്മാരും സിനിമാതാരങ്ങളും മറ്റു സെലിബ്രിറ്റികളും എന്തുകൊണ്ട് കേരളത്തെ അഥവാ ഇന്ത്യയെ ഉപേക്ഷിച്ചു ചികിത്സക്കായി അമേരിക്കയിലേക്ക് വരുന്നു?

ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത മഹാമാരി വന്നു ഭൂമിയെ സ്തംഭിപ്പിക്കുമ്പോള്‍ കാര്യങ്ങളെല്ലാം അതീവ ഭദ്രമാക്കണം എന്ന്സ്വര്‍ഗ്ഗലോകത്തോട് പോലുംഒരു മനുഷ്യന് ആവശ്യപ്പെടാന്‍ അവകാശമില്ല.

സ്വപ്നംകാണുന്ന കൗമാരത്തിലോ, നല്ലൊരു ഉദ്യോഗം തേടിയലഞ്ഞ യൗവ്വനത്തിലോ പലരിലും അമേരിക്ക മനസ്സില്‍ മിന്നി മറഞ്ഞിട്ടുണ്ടാകും. എന്നാല്‍ അതില്‍ ചെറിയൊരു വിഭാഗത്തെ നിയതി തോളിലേറ്റി ഇവിടെയെത്തിക്കുന്നു. എന്നാല്‍ ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടാതെ പൊലിഞ്ഞുപോയ മറ്റൊരു വിഭാഗം സ്വന്തം നാട്ടില്‍ ചെറുതും വലുതുമായ അസംതൃപ്തിയോടെ അമേരിക്കയെ വിമര്‍ശനബുദ്ധ്യാ വീക്ഷിക്കുന്നു. അടുത്തതായി കേരളത്തിന്റെ സാമൂഹ്യ രാഷ്ടീയ സാമ്പത്തികാവസ്ഥയില്‍ഒരു കാലത്ത് നിര്‍ണ്ണായകമായ പങ്കു വഹിച്ച പ്രത്യയ ശാസ്ത്രത്തിന്റെ വേരുകള്‍ ആണ് . സത്ത്പൂര്‍ണ്ണമായും പിഴിഞ്ഞ് മാറ്റപ്പെട്ട് വെറുംതൊണ്ടായിതീര്‍ന്ന പ്രത്യയ ശാസ്ത്രം ഇന്നും കേരള ജനതയുടെ സിരകളെ ത്രസിപ്പിക്കുന്നു . അവര്‍ക്കു മുതലാളിത്ത സംസ്‌കാരത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കേണ്ടത് ചരിത്രപരമായ ആവശ്യമാണ് . പക്ഷേഅവര്‍ വിശ്വസിച്ചിരുന്ന പരുക്കന്‍ പ്രത്യയ ശാസ്ത്രത്തിന്റെകഠിനമായ പാത സ്വീകരിക്കുവാന്‍ഇന്ന് തയ്യാറുമല്ല.ഇങ്ങിനെയൊരു അന്തരാള ഘട്ടത്തില്‍ വീര്‍പ്പുമുട്ടുകയാണ് ഈ പാവം ബുദ്ധിജീവികള്‍. ഇവരില്‍പലരും ഇന്ന് കനത്ത തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായിതീര്‍ന്നതോടെഅവര്‍ സ്വയം മുതലാളികളായി, മുതലാളിത്തം എന്ന പഴയ ശത്രു ചത്തുപോയെന്നവര്‍ക്ക്സമ്മതിക്കാതെ തരമില്ല.എന്നാലും പ്രത്യക്ഷത്തില്‍ മോരിലെ പുളിപോയിട്ടില്ല എന്ന് വാദിക്കുകയും വേണം.

എഴുത്തുകാരുടെ ധര്‍മ്മസങ്കടം മനസ്സിലാക്കാവുന്നതേയുള്ളൂ . പ്രധാനമായും ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എഴുത്തുകാരായി തീര്‍ന്ന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്തങ്ങളുടെവായനക്കാര്‍ എന്ന കസ്റ്റമേഴ്‌സിന് ഇഷ്ടവിഭവം വിളമ്പേണ്ടി വരുന്നു എന്നൊരു വെല്ലുവിളിയുണ്ട് . വായനക്കാര്‍ ഭൂരിഭാഗവും ഞാന്‍ നേരത്തെ വിശദീകരിച്ച രണ്ടു വിഭാഗങ്ങളില്‍ പെടുന്നവരാണ് . ഒന്ന് മനുഷ്യസഹജമായ അസംതൃപ്തി അഥവാ അസൂയ കൈമുതലായവര്‍, പിന്നെമുതലാളികളായി പരിണാമം പ്രാപിച്ചപഴയ പ്രത്യയശാസ്ത്ര ബുദ്ധിജീവികള്‍എന്ന രണ്ടാമത്തെ കൂട്ടര്‍ .'മിണ്ടിയാല്‍ അച്ഛന്‍ അമ്മയെ കൊല്ലും അല്ലെങ്കില്‍ പട്ടിയിറച്ചി തിന്നും' .ഇങ്ങനെയൊരു വാള്‍ മുനയിലാണ്അമേരിക്കന്‍ മലയാളി എഴുത്തുകാര്‍. അമേരിക്കയെ അനുകൂലിച്ചാല്‍ വായനക്കാര്‍ അഥവാ അവരെ വളര്‍ത്തുന്ന മാധ്യമങ്ങള്‍ പിണങ്ങും. അപ്പോള്‍ കേരളത്തെ അനുകൂലിക്കുകയാകും തല്‍ക്കാലത്തേക്ക് ബുദ്ധി എന്നൊരു കണക്കുകൂട്ടിയുള്ള നിലപാട്സ്വീകരിച്ചു .ലജ്ജാകരമാണെങ്കിലും എഴുത്തു ജീവിതവും പ്രതിച്ഛായയും നിലനിര്‍ത്താന്‍ നട്ടെല്ല് വളഞ്ഞു കൊടുത്തേ മതിയാവൂ അവര്‍ക്ക് .

അമേരിക്കയെ ഒറ്റുകൊടുത്ത്തല്ക്കാലം രക്ഷപ്പെടാം . അവസരവാദത്തിന്റെ ദാരുണാവസ്ഥ!
നിങ്ങള്‍ പാടുന്ന പാട്ട്നല്ലതാണെങ്കില്‍ മരുഭൂമിയില്‍ ഒറ്റയ്ക്ക് ഇരുന്നു പാടിയാലും കേള്‍ക്കാന്‍ ആളുകള്‍ വരും എന്ന ജിബ്രാന്റെ പ്രശസ്തമായ വാക്കുകളില്‍ വിശ്വസിക്കാനാണ്എനിക്കിഷ്ടം . എഴുത്തില്‍അതാണ് എന്റെ മതം .

ഒരു മനുഷ്യന് അവന്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട രാജ്യത്തിന്റെ , ഭരണ വ്യവസ്ഥയുടെ ഗുണ ദോഷങ്ങള്‍ , ആ നാട്ടിലെ കാലാവസ്ഥ പോലെ തന്നെ അനുഭവിക്കേണ്ടി വരിക എന്നൊരു തലവരയുണ്ട് . ആന്‍ ഫ്രാങ്കിന് ഒരു ഡയറി എഴുതേണ്ടി വന്നത് അവള്‍ ഒരു മുറിയില്‍ അടച്ചിരിക്കേണ്ടി വന്നത് കൊണ്ടാണ് .ഹിറ്റ്‌ലര്‍ ജനിക്കാതിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പിടാനേ നമുക്കാവൂ.സ്വപ്നത്തില്‍ ഒരു ഉട്ടോപ്യ സൂക്ഷിക്കാമെന്നല്ലാതെ അത് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്നിരിക്കില്ല .

അമേരിക്കയുടെ സുഖ സൗകര്യങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ അവന്റെ പേടിസ്വപ്നമാണ് ഹെല്ത്ത് ഇന്‍ഷുറന്‍സ്. എംപ്ലോയ്മെന്റിലൂടെ മാത്രമേ താങ്ങാവുന്ന തുകയ്ക്ക് ഒരു ഹെല്ത്ത് ഇന്‍ഷുറന്‍സ് ഒരുവന് ലഭ്യമാകൂ. ജോലി നഷ്ടപ്പെടുമ്പോള്‍ സാമ്പത്തിക ബാധ്യതയ്ക്കൊപ്പം നഷ്ടപ്പെടുന്ന ഹെല്ത്ത് ഇന്‍ഷുറന്‍സും അവനെ നിസ്സഹായനാക്കുന്നു. മനുഷ്യന്റെ അടിസ്ഥാന അവശ്യമായ ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മാര്‍ഗ്ഗം സ്വന്തം ജനതയ്ക്ക് നല്‍കാന്‍ കഴിയാത്ത ത് ഒരു വികസിത രാജ്യത്തിന്റെ പരാജയം തന്നെയാണ് . മഹാമാരി മുഖേന ജോലി നഷ്ടപ്പെട്ടതാണ് കാര്യങ്ങള്‍ വഷളാക്കിയ മറ്റൊരു കാര്യം. നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടുക എന്നത് അത്യന്തം ദുഷ്‌കരമാണ്.

ഒബാമ കെയറിനു അപേക്ഷിക്കാന്‍ കാലിഫോര്‍ണിയ പോലുള്ള ചില സ്റ്റേറ്റ്കള്‍ഒഴികെ മറ്റാരും അവസരം നല്‍കുന്നില്ല . ചുരുക്കത്തില്‍ കോവിഡ് വ്യാപനത്തില്‍ ജോലി നഷ്ടപ്പെട്ട ഭൂരിഭാഗവും ഇന്‍ഷുറന്‍സ്ഇല്ലാതെ കഷ്ടപ്പെടുന്ന സ്ഥിതി വരുന്നു. ഭരണകൂടത്തിന്റെ അനാസ്ഥ തന്നെ. ചുരുക്കത്തില്‍മറ്റേതു വികസിത രാജ്യത്തെ അപേക്ഷിച്ച് അമേരിക്കയുടെ ഹെല്ത്ത് കെയര്‍ സിസ്റ്റം സാധാരണക്കാരന് അനുകൂലമല്ല . ആഗോള മഹാമാരിക്കായി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതല്ല അമേരിക്കയുടെ ഹെല്ത്ത് കെയര്‍ സിസ്റ്റം . കോവിഡ് ടെസ്റ്റ് മാത്രമാണ് സൗജന്യമാക്കിയിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട മറ്റെല്ലാ ചികിത്സകളും എമര്‍ജന്‍സിറൂം വിസിറ്റ്പോലും ബില്‍ചെയ്യപ്പെടും.

ഇന്‍ഷുറന്‍സ് ഇല്ലാത്ത കൊറോണ രോഗികളുടെ ചിലവ് ആശുപത്രികള്‍ക്ക് നേരിട്ട് കൊടുക്കുമെന്ന വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം കാത്തിരുന്ന് കാണാം . സാധാരണ നിലയില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിക്കുന്ന ഏകദേശം 28 മില്ല്യണ്‍ ആളുകള്‍ ഉണ്ടെന്നാണ് കണക്ക്.ഇപ്പോഴത് എത്രയോ വര്‍ധിച്ചു കാണും, എന്ത് ചെയ്യാം വൈറസ് പോലെ തന്നെ മറ്റൊരു പൊതുജനാരോഗ്യ പ്രശ്‌നം തന്നെ ഇതും . ഈ മഹാമാരി ഭാവിയില്‍ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുമെന്നു നമുക്ക് ആശിക്കാം .

എന്നാല്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ഹെല്ത്ത് ഇന്‍ഷുറന്‍സിലൂടെ ഉന്നതനിലവാരമുള്ള പരിചരണം ലഭ്യമാകുന്നു. അടിയന്തിര ആവശ്യങ്ങളില്‍ഒരൊറ്റ 911 വിളിയിലൂടെ ജീവന്‍ തിരിച്ചു കിട്ടിയവര്‍ എന്റെ കണ്മുന്നിലുണ്ട് . സ്‌ട്രോക്ക്, ഹൃദയാഘാതം, സെറിബ്രല്‍ ഹെമെറേജ്എന്നീ വിപത്തുകളില്‍ നിന്ന് നിമിഷങ്ങള്‍ കൊണ്ട് രക്ഷപ്പെട്ടവരെഎനിക്ക് നേരിട്ടറിയാം . ഒരേ സമയത്ത് വീണു തലയ്ക്കുള്ളില്‍ മുറിവേറ്റ എന്റെ ഒരു അടുത്ത ബന്ധു ഇവിടെ രക്ഷപ്പെടുമ്പോള്‍ അതെ അവസ്ഥയില്‍ ഒരു പ്രശസ്തന്റെ ഭാര്യ കേരളത്തില്‍ വിടപറയുകയായിരുന്നു. അമേരിക്കയാണ് എനിക്ക് ആ ബന്ധുവിനെ തിരിച്ചു നല്‍കിയത് എന്നുറപ്പാണ്. ഇനി ആശുപത്രിയിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും താരതമ്യം ചെയ്താല്‍ കേരളവുമായി എത്ര കാതം അകലെയാണ് അമേരിക്ക.

കടിഞ്ഞൂല്‍ സന്താനത്തെ പ്രസവിക്കാന്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ എന്റെ 'അമ്മ അരികില്‍ ഉണ്ടായിരുന്നു .കുഞ്ഞു വരാന്‍ സമയമായപ്പോള്‍ ആശുപത്രി കിടക്കയും ഞാനും മുഴുവനായി മറ്റൊരു മുറിയിലേക്ക് നീക്കം ചെയ്യപ്പെടുന്നത് നോക്കിനിന്ന് 'ശാസ്ത്രത്തിന്റെ ഒരു കേമത്തം' എന്ന് പണ്ട് നമ്പൂരി പറഞ്ഞത് പോലെ 'അമ്മ ആത്മഗതം ചെയ്തതോര്‍ക്കുന്നു. കുഞ്ഞിനെ വൃത്തിയാക്കി കയ്യില്‍ വാങ്ങി ഓടി വന്ന് 'അമ്മ സന്തോഷത്തോടെ പറഞ്ഞത് നാട്ടിലെ പോലെയല്ല ഈ കുഞ്ഞിനെ ഓടിച്ചെന്നു കുളിപ്പിക്കേണ്ട കാര്യമില്ല . കുട്ടപ്പനാക്കിയാണ് നേഴ്സ് തന്നത് . ഒരുപാട് കുഞ്ഞുങ്ങളെ കയ്യിലെടുത്തിട്ടുള്ള അമ്മയ്ക്ക് അതൊരു മഹാത്ഭുതമായിരുന്നു . നവജാത ശിശുക്കള്‍ക്ക് വന്നു കാണാറുള്ള എനിക്കറിയാത്ത എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഇല്ലാതായത് പരിചരിച്ച നേഴ്‌സിന്റെ കൃത്യത കൊണ്ടാണെന്ന് അമ്മ യുടെ നാടന്‍ മനസ്സ്പറഞ്ഞതായോര്‍ക്കുന്നു . ഒരു ബൈ സ്റ്റാന്‍ഡേര്‍ ഇല്ലാതെ ഒരു രോഗിക്ക് ആശുപത്രിയില്‍ കഴിയാം , ഭക്ഷണത്തിനും മരുന്നിനും ഓടിനടക്കേണ്ട ആവശ്യമില്ല. ചുരുക്കത്തില്‍ ഒരു ഫൈവ് സ്റ്റാര്‍ ചകിത്സാ സൗകര്യം രോഗിക്ക് ലഭിക്കുന്നു.

പരാതി പറയുന്ന മറ്റൊരു കാര്യംഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് കിട്ടുവാനുള്ള കാലതാമസം ആണ് . സത്യത്തില്‍ അത് നാം എടുക്കുന്ന ഇന്‍ഷുറന്‍സ് പ്ലാന്‍ന്റെ നടത്തിപ്പ് നയം പോലെ ഇരിക്കും . എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒരുപോലെയല്ല അക്കാര്യത്തില്‍. ജനറിക് മരുന്നുകളുള്‍പ്പടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ഉപയോഗത്തിലുമുള്ള കഠിനമായ എഫ് ഡി എ യുടെ നിയന്ത്രണ സംവിധാനങ്ങള്‍ ആണ് മറ്റൊരു നന്മ.

ഇനി കേരളത്തിന്റെ കാര്യമെടുക്കാം . ഇന്‍ഷുറന്‍സ് കമ്പനികളുടെ കയ്യിലേക്ക് തീറെഴുതിയിട്ടില്ല എന്നത് ശരിയാണ്.ഓടിച്ചെന്നാല്‍ ഒരു ഡോക്ടറെ കാണാം . സ്വകാര്യ പരിശീലനം മുക്കിലും മൂലയിലും , ഫീസ് കൊടുക്കണം എന്ന് മാത്രം . പ്രിസ്‌ക്രിപ്ഷന്‍ഇല്ലാതെ ഏതു ആന്റി ബയോട്ടിക്കും ലഭ്യമാണ് .പക്ഷെ പാവപ്പെട്ടവന്റെ കഥയോ . സര്‍ക്കാര്‍ ആശുപത്രി തത്വത്തില്‍ സൗജന്യമാണെന്നേ ഉള്ളൂ . അതിന്റെ പിന്നാമ്പുറ കളികള്‍ ആര്‍ക്കാണ് അറിയാത്തത് . സ്വകാര്യമായി ഡോക്ടറെ ചെന്ന് പ്രീതിപെടുത്താതെ ഏതു രോഗിയ്ക്കാണ് രക്ഷ ലഭിച്ചിട്ടുള്ളത് . പ്രൈവറ്റ് ആശുപത്രികള്‍ ഒരു സാധാരണക്കാരന്റെ വരുമാനത്തിന് താങ്ങാന്‍പറ്റുന്നസ്ഥിതിയിലാണോ .കേരളത്തിലെത്തുമ്പോള്‍ ചകിത്സക്ക് കഷ്ടപ്പെട്ട് സാമ്പത്തിക സഹായം അന്വേഷിക്കുന്നവരാണ് ചുറ്റിലും . ഒരു ബൈസ്റ്റാന്‍ഡര്‍ ഇല്ലാത്ത ആശുപത്രി വാസം കേരളത്തില്‍ സ്വപ്നം കാണാന്‍ സാധിക്കുമോ . അണുകുടുംബത്തിലേക്കു വളര്‍ന്ന കേരളത്തില്‍ ഇതുണ്ടാക്കുന്ന ദുരിതം ചെറുതല്ല .

മറ്റൊരു വലിയ വ്യത്യാസം മരുന്നിന്റെഗുണനിലവാര നിയന്ത്രണമാണ്.അമേരിക്കയിലെ എഫ് ഡി എ യുടെ കഠിന നിയന്ത്രണങ്ങളല്ല മറ്റു പല രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയില്‍ .വളരെ എളുപ്പത്തില്‍ മരുന്ന് കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിന് അപ്പ്രൂവല്‍ ലഭിക്കുന്നു. ഇങ്ങനെയുള്ളമരുന്ന് കമ്പനികളുടെ കനത്ത ഉപഹാരങ്ങള്‍ വാങ്ങി അവരുടെ ഗുണമേന്മ കുറഞ്ഞ മരുന്നുകള്‍ ഡോക്ടര്‍ രോഗിക്ക് എഴുതിത്തരുന്നതും , ഡോക്ടറുടെ സ്വകാര്യ പ്രാക്ടിസിനു അടുത്ത് അല്ലെങ്കില്‍ ആശുപത്രിയ്ക്കടുത്തുള്ള മെഡിക്കല്‍ ഷോപ്പുമായി അവിഹിത ബന്ധം സ്ഥാപിച്ച് ആ കടയില്‍ മാത്രം കിട്ടുന്ന മരുന്ന് എഴുതുന്നതും നമുക്ക് പരിചിതമല്ലേ . രസകരമായി പറഞ്ഞാല്‍ തൃശൂര്‍ നിന്ന് ഒരു ഡോക്ടര്‍ തന്ന പ്രിസ്‌ക്രിപ്ഷന്‍എറണാകുളത്തെ മെഡിക്കല്‍ സ്റ്റോറില്‍ വാങ്ങാമെന്നോര്‍ത്താല്‍ നടക്കണമെന്നില്ല. എന്തിനു എറണാകുളം വരെ ഒരഞ്ചു കിലോമീറ്റര്‍ നീങ്ങി അന്വേഷിച്ചാല്‍ ആ മരുന്ന് കിട്ടണമെന്നില്ല . പകരം മറ്റൊരു കമ്പനിയുടെ തരാം എന്ന് പറഞ്ഞാല്‍ അത് രോഗി വിശ്വസിച്ച് എങ്ങിനെ വാങ്ങും .ലാബ് പരിശോധനകള്‍ അടുത്ത കാര്യം . ഡോക്ടര്‍ പറയും ഏത് ലാബില്‍ ടെസ്റ്റ് നടത്തണമെന്ന് . ചെല്ലുന്ന രോഗി അല്പം സാമ്പത്തിക സൗകര്യമുള്ളതാണെന്നു കണ്ടാല്‍ അന്‍ജിയോ ഗ്രാം വരെ ചുമ്മാ ഒന്നുറപ്പ് വരുത്താന്‍ ചെയ്‌തേക്കാന്‍പറയും .

ഇതിനെല്ലാമുള്ള വിഹിതം ലാബുകള്‍ ഡോക്ടര്‍ക്കു മാസം തോറും എത്തിക്കും ഇനി മെഡിസിന്‍ പഠനത്തിലെ കനത്ത കാപ്പിറ്റേഷന്‍ തുക യും മറ്റും . അതിലേക്കു തല്ക്കാലം കടക്കുന്നില്ല. അടുത്ത ത് സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്ന് പുരാണം . ഡ്രഗ് കണ്‍ട്രോളര്‍ , ഡ്രഗ് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ പല അലങ്കാര തസ്തികകളും ഉണ്ടെങ്കിലും ഇതൊക്കെ ഒരു കൈമടക്ക് കൊണ്ട് മരിക്കാവുന്ന മരപ്പാവകളാണെന്നു ആര്‍ക്കാണ് അറിയാത്തത് .മരുന്നിന്റെ കവറിനു പുറമെ ഒരു പേരെഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ ഇത് എങ്ങിനെ എവിടെ നിര്‍മ്മിച്ചതാണെന്ന് ഉറപ്പിക്കാന്‍ വയ്യ . സൗജന്യ മരുന്നുകളില്‍ പലതും ഡ്യൂപ്ലിക്കേറ്റ് ആണോ ഒറിജിനല്‍ ആണോ എന്ന് അറിയാന്‍ മാര്‍ഗ്ഗമില്ല .മാറി മാറി വരുന്ന ഭരണ പക്ഷ വും കൂടെ നില്‍ക്കുന്ന ഡ്രഗ് പരിശോധനാവിദഗ്ധരും നിശ്ചയിക്കും അതിന്റെ യോഗ്യത.വില കുറഞ്ഞ ജനറിക് മെഡിസിന്‍ വിതരണത്തിലുള്ളതിന്റെ പിന്നാമ്പുറക്കഥ വിചിത്രമാണ് . പല ജനറിക് മെഡിസിനുകളിലും രോഗനിവാരണത്തിനാവശ്യമുള്ള കെമിക്കല്‍ ഉണ്ടാകണമെന്നില്ല ഉദാഹരണത്തിന് പ്രമേഹത്തിനു ജനറിക് മരുന്ന് കഴിക്കുന്ന ഒരാള്‍ തന്റെ ബ്ലഡ് ഷുഗര്‍ കുറയുന്നില്ല എന്ന് സങ്കടം പറയുന്നത് നാം കേള്‍ക്കും . അങ്ങിനെ വില കൂടിയബ്രാന്‍ഡ് നെയിം മരുന്നുകള്‍ തന്നെ ഉപയോഗിച്ചാലേരോഗം ഭേദമാകൂ എന്ന നില വരും . ദരിദ്രന്‍ ലോകത്തെവിടെയും ഭ്രഷ്ടനാണ് . അതിനു ദേശഭേദമില്ല എന്നതാണ് ദുഃഖസത്യം . ഇത്തരം രഹസ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് കേരളത്തിന്റെ ആരോഗ്യരംഗത്തെ കണ്ണടച്ച് വാഴ്ത്തുവാന്‍ എനിക്ക് സാധിക്കുന്നില്ല .

കോവിഡ് വൈറസ് വന്ന കാലത്ത് ഒരു മനുഷ്യ സ്‌നേഹിയായ ആരോഗ്യമന്ത്രി കേരളത്തിന് ഉണ്ടായി എന്ന ഒരൊറ്റ കാരണം കൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമെന്നു വാദിക്കാന്‍ ഞാന്‍ തയ്യാറല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ഒരു ഭരണാധികാരി അക്കാലത്തെ ജനജീവിതത്തെ ഏറെ സ്വാധീനിക്കും എന്നുമാത്രം. ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട് . കോവിഡ് -19 എന്ന വൈറസിനെ ചെറുക്കാന്‍ മരുന്നോ വാക്സിനോ ശാസ്ത്രം കണ്ടെത്തും വരെ ഈ വൈറസിനോടൊപ്പം നമുക്ക് ജീവിക്കേണ്ടി വരും . ഈ വൈറസിനുമേല്‍ ലോക്കഡൗണ്‍ കൊണ്ട് താത്കാലിക മോചനം കിട്ടി എന്ന് വ്യാമോഹിക്കാമെന്നല്ലാതെ വിജയം ഘോഷിക്കാന്‍ മാത്രം നാം വളര്‍ന്നിട്ടില്ല . കാത്തിരുന്ന് കാണേണ്ട കാര്യങ്ങള്‍ കാത്തിരുന്ന് തന്നെ കാണണം . സമ്പന്ന രാജ്യങ്ങളുടെ മനുഷ്യസ്‌നേഹത്തിനു അതീതമായ ചില നയങ്ങള്‍ നാംകാലങ്ങളായി കണ്ടിട്ടുള്ളതാണ്. ആ രാജ്യങ്ങള്‍ നല്‍കുന്ന ജീവിത സ്വാതന്ത്ര്യവും എല്ലാ മേഖലകളിലും നല്‍കുന്ന ജീവിത സൗകര്യങ്ങളും വിലയിരുത്തുക കൂടി ആവശ്യമാണ്.ഈ ഒന്നാം ക്ലാസ് സൗകര്യങ്ങളും മനുഷ്യ സ്‌നേഹവും കൈകോര്‍ത്ത് പോകാവുന്ന ഒരു ഭരണസംവിധാനം ഈ ഭൂമിയിലെവിടെയെങ്കിലും ഉണ്ടാകട്ടെ എന്ന് നമുക്ക് മോഹിക്കാം . നേരത്തെ സൂചിപ്പിച്ച പോലെ അത്തരം ഉട്ടോപ്യ സാഹിത്യകാരന്മാരുടെ ഭാവനയിലൂടെ മാത്രമേ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളൂ . 
Join WhatsApp News
Raju Mylapra 2020-04-03 19:05:24
കാര്യമാത്ര പ്രസക്തമായ ഒരു ലേഖനം. താരതമ്മ്യ പണ്ഡിറ്റുമാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ആർട്ടിക്കിൾ. ലളിതമായ ആഖിയായന ശൈലി. അഭിനന്ദനങ്ങൾ.
U.A.Naseer 2020-04-03 22:47:54
എല്ലാ ഭാഗവും പരാമർശിച്ചു നന്നായി എഴുതി. ഈ കൊറോണക്കാലത്ത് നാട്ടിലായതു കൊണ്ടു, അമേരിക്കയിൽ മഹാമാരി സംഹാര താണ്ഡവമാടിയപ്പോൾ വ്യത്യസ്ഥ പ്രതികരണങ്ങൾ കണ്ടു. പലർക്കും, അമേരിക്കയിലെ ആശുപത്രികളിലെ ചില അപര്യാപ്തതകൾ അറിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണം: ചിലർക്ക് അമേരിക്കയോട് പുച്ഛം, ഇവിടെ ജീവിക്കുന്നവരോട് അസൂയ, ചിലർക്ക് വിദ്വേഷം. ചിലപ്പോൾ ലോക പോലീസ് എന്ന നിലക്ക് ചില രാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന നിരപരാധികളുടെ മനുഷ്യക്കുരുതിയിൽ ഉള്ള മാനുഷികമായ വിയോജിപ്പായിരിക്കാം. ഏതായാലും ചില കമന്റുകൾ കണ്ടപ്പോൾ ചില നാടൻ ഗ്രൂപ്പുകളിൽ ചിലരോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. പക്ഷെ ഒരു കാര്യം. കേരളം വളരെ മാറിപ്പോയിരിക്കുന്നു. മേൽ വിവരിച്ചതു പോലെ ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള ആശുപത്രികളും, അമേരിക്കയെ വെല്ലുണ പ്രസവ ആശുപത്രികളും, പ്രസവ ശുശ്രൂഷാ കേന്ദ്രങ്ങൾ വരെ പണത്തിന്റെ തോതനുസരിച്ചു നമുക്ക് അനുഭവിക്കാം. ജനങ്ങളുടെ ആരോഗ്യ ശുഷ്ക്കാകാന്തിയും ,പൊതു ബോധവും ,അധികൃതരുടെ കരുതലും വളരെ മെച്ചം.ലോക്ക് ഡൗൺ പരിപൂർണ്ണം, പൊതുസ്ഥലത്ത് ഹാന്റ് വാഷ് കേന്ദ്രങ്ങൾ, കടകളിൽ കയറാൻ സാനി ട്ടൈസേഷൻ നിർബന്ധം. ലോക്ക് ഡൗൺ ആണെങ്കിലും വീട്ടിലിരിക്കുന്നവർക്ക് ഗ്രോസറിയും, മരുന്നും മറ്റും എത്തിക്കാൻ സന്നദ്ദ സംഘടനകൾ സജീവം. വിശക്കുന്നവർക്ക് ഭാഷാ വ്യത്യാസമില്ലാതെ സൗജന്യ ഭക്ഷണം എങ്ങും. ഇന്നലെ എനിക്ക് കോഴിക്കോട് നിന്നും മരുന്ന് കോട്ടക്കലെ വീട്ടിൽ സൗജന്യമായി എത്തിച്ചത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ. ചുരുക്കത്തിൽ, ആധുനിക സൗകര്യങ്ങൾക്കനുസരിച്ച് പൊതുജനങ്ങളുടെ അവബോധവും, പരസ്പര സഹകരണവും വളരെ കൂട്ടിയിരിക്കുന്നു. പഴയ കേരളമല്ല, അത് കൊണ്ട് ആരെങ്കിലും നമ്മളെ താരതമ്യം ചെയ്യുന്നുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാണ് നാട്ടിലെ അനുഭവങ്ങൾ നൽകുന്ന പാഠം. യു.എ.നസീർ
Indian American 2020-04-03 23:11:49
അമേരിക്കയെക്കാൾ ഭംഗിയായി ചൈന കോവിഡിനെ നേരിട്ടില്ലേ. എന്ന് കരുതി ചൈനയെപ്പോലെ ആകാനാകുമോ അമേരിക്കക്ക്? ഇന്ത്യാക്കാർ ഏകാധിപത്ത്യം സഹിക്കും പോലെ അമേരിക്കക്കാർ സഹിക്കുമോ? അത് കൊണ്ട് ഇന്ത്യയെപ്പോലെ അടച്ച് പൂട്ടാൻ പറ്റിയില്ല എന്ന് മാത്രം. അത് അമേരിക്കൻ സംസ്കാരം. അല്ലാതെ എല്ല്ലാം തകർന്നത് കൊണ്ടല്ല
Hari Namboodiri 2020-04-04 00:00:57
Well done Bindu Very crisp , comprehensive with conceptual Clarity Loved it Morrow writing
Saritha 2020-04-04 04:32:24
Well written...
Haridas Thankappan 2020-04-04 09:13:40
A very good sensible article. Truthful analysis.
Bindu Tiji 2020-04-05 10:51:11
വായനക്കും അഭിപ്രായങ്ങൾക്കും നന്ദി . അമേരിക്ക എന്നല്ല ലോകജനത ദുരന്തങ്ങളെ അതിജീവിച്ചിട്ടുണ്ട് . ശാസ്ത്രം മാനവരാശിയെ രക്ഷിക്കും . കാത്തിരിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക