Image

വി.എസ് പാര്‍ട്ടി വിട്ടാല്‍ കൂടെപ്പോകാന്‍ സാധ്യതയുള്ള നേതാക്കളുടെ ലിസ്റ്റ് തയാറാക്കുന്നു

Published on 22 May, 2012
വി.എസ് പാര്‍ട്ടി വിട്ടാല്‍ കൂടെപ്പോകാന്‍ സാധ്യതയുള്ള നേതാക്കളുടെ ലിസ്റ്റ് തയാറാക്കുന്നു
മാന്നാര്‍: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിവിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കൂടെ പോകാന്‍ സാധ്യതയുള്ള നേതാക്കളുടെ ലിസ്റ്റ് തയാറാക്കുന്നു. ജില്ലാ, ഏരിയാ, ലോക്കല്‍ തലങ്ങളില്‍നിന്ന് പോകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റാണ് തയാറാക്കി വരുന്നത്. ഒരോ ജില്ലയിലും ഔദ്യോഗിക നേതൃത്വത്തോട് ഏറ്റവും വിശ്വസ്ഥത പുലര്‍ത്തുന്ന രണ്ടു നേതാക്കളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ഇവരാണ് കീഴ്ഘടകങ്ങളിലുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനുവേണ്ടവരെ കണ്ടുപിടിച്ച് നല്‍കേണ്ടത്. ലിസ്റ്റ് ഒരാഴ്ചയ്ക്കകം രഹസ്യമായി തയാറാക്കി നല്‍കാനാണ് നിര്‍ദേശം. പൂര്‍ണമായ ലിസ്റ്റ് കിട്ടിയശേഷമാകും വിഎസിന്റെ മേല്‍ ഏത് തരത്തിലുള്ള നടപടികളിലേക്കു നീങ്ങണമെന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍. ഇതോടൊപ്പം നെയ്യാറ്റിന്‍കര തെരെഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ബ്രാഞ്ചുകള്‍ വരെ വിളിച്ചുചേര്‍ത്ത് വി.എസിന്റെ അടുത്തകാലത്തുള്ള നിലപാടികളെകുറിച്ച് വിശദീകരിക്കും. 

ഏതെങ്കിലും തരത്തില്‍ വി.എസ് പാര്‍ട്ടിയില്‍ നിന്നുപോയാല്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികള്‍ക്ക് കടിഞ്ഞാണിടാനായിട്ടാണ് ഇത്തരത്തില്‍ കമ്മിറ്റികള്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍, ഇപ്പോള്‍ വിഎസ് നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടനാ വിരുദ്ധമാണെന്ന് ഔദ്യോഗിക പക്ഷം എല്ലായിടങ്ങളിലും പ്രചരിപ്പിച്ച് വരുന്നു. 

ഒരു ഘടകത്തിലെ ഏതെങ്കിലും സഖാവിനെകുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണെ്ടങ്കില്‍ അതാത് ഘടങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സംഘടനാ കീഴ്‌വഴക്കം. കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉള്ള ഒരു മുതിര്‍ന്ന നേതാവ് സംഘടനാ തത്വങ്ങള്‍ മറന്ന് അതേ ഘടകത്തിലുള്ള നേതാക്കള്‍ക്കെതിരേ പരാതി അയച്ചത് സംഘടനാ വിരുദ്ധമായിട്ടാണ് ഔദ്യോഗിക പക്ഷം കാണുന്നത്. 

സംഘടനയുടെ ചട്ടകൂടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അവര്‍ പ്രവര്‍ത്തിക്കുന്ന ഘടകത്തില്‍ നിന്നും ഒഴിവാക്കുകയാണ് സാധാരണ ചെയ്യുന്ന പാര്‍ട്ടി നടപടി. ഇങ്ങനെ വന്നാല്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും,സംസ്ഥാന സെക്രട്ടേറിയേറ്റില്‍നിന്നും ഒഴിവാക്കി മറ്റു ഘടകങ്ങള്‍ നല്‍കും. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളാണ് ഔദ്യോഗിക നേതൃത്വം തകൃതിയായി നടത്തികൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ വി.എസ് പക്ഷവും കൂടെ എത്രപേര്‍വരെയുണ്ടാകുമെന്നത് സംബന്ധിച്ച കണക്കുകളും എടുത്ത് തുടങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക