Image

കുഞ്ഞനന്തന്‍ പിടിയിലായാല്‍ സിപിഎം നേതൃത്വം കുടുങ്ങും

Published on 22 May, 2012
കുഞ്ഞനന്തന്‍ പിടിയിലായാല്‍ സിപിഎം നേതൃത്വം കുടുങ്ങും
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനായി (60) അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ പിടിയിലാകുന്നതോടെ ടി.പിയുടെ വധവുമായി സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനു വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണു സൂചന.

പാനൂര്‍ മേഖലയിലെ സിപിഎമ്മിന്റെ മുഖമാണ് കുഞ്ഞനന്തന്‍. ഏരിയാ സെക്രട്ടറിയുടെ അഭാവത്തില്‍ സെക്രട്ടറിയുടെ ചുമതലയും ഇയാള്‍ വഹിക്കാറുണ്ട്. പ്രസംഗപാടവമൊന്നുമില്ലാത്ത ഇയാള്‍ക്കു പാര്‍ട്ടിയുടെ പുറമെയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ റോള്‍ ഉണ്ടാകാറില്ലെങ്കിലും ഉള്‍തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നതു കുഞ്ഞനന്തനായിരുന്നുവെന്നു പറയുന്നു. 

പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ക്രിമിനല്‍ സംഘങ്ങളുടെയും അവരുടെ ഓപ്പറേഷനുകളുടെയും ചുമതല ഇയാള്‍ക്കായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ട്. പാനൂര്‍ പാറാട് സ്വദേശിയാണെങ്കിലും വളയം, നാദാപുരം മേഖലകളുമായി ഇയാള്‍ക്കു നല്ല ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സിപിഎം ഉള്‍പ്പെട്ട് നടന്നിട്ടുള്ള മിക്ക സംഘര്‍ഷങ്ങളുടെയും സൂത്രധാരന്‍ കുഞ്ഞനന്തനായിരുന്നുവെന്നും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുഞ്ഞനന്തനെ സിപിഎമ്മിന്റെ വക്താവെന്ന നിലയിലാണ് ചില പോലീസുന്നതര്‍ കരുതിയിരുന്നതത്രെ. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മിക്കപ്പോഴും ഇയാള്‍ ഓഫീസില്‍ പോയി കണ്ടിരുന്നു. ഇയാള്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നാണ് അറിയുന്നത്. പാനൂര്‍ കുന്നോത്ത്പറമ്പ് ലോക്കല്‍കമ്മിറ്റിയംഗമായ ജ്യോതിബാബുവിനെ ചോദ്യം ചെയ്തപ്പോഴാണു ടി.പി വധക്കേസിന്റെ ഗൂഢാലോചനയില്‍ കുഞ്ഞനന്തനുള്ള പങ്ക് തെളിഞ്ഞത്. കുഞ്ഞനന്തന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം രാമചന്ദ്രനു കൊടി സുനിയെ പരിചയപ്പെടുത്തിക്കൊടുത്തതെന്നു ജ്യോതിബാബു സമ്മതിക്കുകയായിരുന്നു. ടി.പിയെ വധിക്കാനുള്ള പദ്ധതിയുമായി രാമചന്ദ്രന്‍ ആദ്യം പോയത് കുഞ്ഞനന്തന്റെ അടുത്തേക്കായിരുന്നുവത്രെ. 

പാര്‍ട്ടി തീരുമാനമുണെ്ടന്ന് ഉയര്‍ന്ന നേതാക്കളെ വിളിച്ച് ഉറപ്പാക്കിയ കുഞ്ഞനന്തന്‍ കൊടി സുനിയെ രാമചന്ദ്രനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ ജ്യോതിബാബുവിനെ ഏര്‍പ്പെടാക്കുകയും ചെയ്തു. കൊല നടത്തിയ ശേഷം പ്രതികള്‍ കുഞ്ഞനന്തനെ ബന്ധപ്പെട്ടുവെന്നും കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലേക്കു പോകാന്‍ പ്രതികള്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞനന്തന്‍ പിടിക്കപ്പെടുന്നതോടെ ടി.പി വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നുള്ള സിപിഎം നേതൃത്വത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും പൊളിയുമെന്നും പോലീസ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞനന്തന്‍ വിദേശത്തേക്കു കടക്കാതിരിക്കാനുള്ള പഴുതുകളെല്ലാം പോലീസ് അടച്ചുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക