Image

കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ നമ്മുടെ സൗഭാഗ്യമാണ് (ഷിബു ഗോപാലകൃഷ്ണന്‍)

Published on 02 April, 2020
കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍  നമ്മുടെ സൗഭാഗ്യമാണ് (ഷിബു ഗോപാലകൃഷ്ണന്‍)
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം സമാനതകളില്ലാത്തതാണ്. അതിന്റെ മരത്തണലുകളിൽ കളിച്ചും പള്ളിക്കൂട ബഞ്ചുകളിൽ ഇരുന്നും ഉച്ചക്കഞ്ഞികളിൽ നിറഞ്ഞും അവിടുത്തെ മാഷുമ്മാരുടെ ചൂരലിൽ തിണർത്തും കരുതലിൽ തളിർത്തുമാണ് മലയാളി ലോകത്തിന്റെ എല്ലാ ചില്ലകളിലേക്കും പടർന്നത്. ലോകത്തിന്റെ ഏതുകോണിലും പിന്നോട്ട് മാറ്റിനിർത്താനാവാത്ത വിധത്തിൽ അവരെ തലയെടുപ്പുള്ളവരാക്കിയത്.

അതുപോലെ തന്നെയാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനവും, അതിന്റെ ഏറ്റവും വലിയ പ്രത്യേകത എളുപ്പത്തിൽ സാധ്യമാവുന്ന ആക്സസിബിലിറ്റി ആണ്. ആരോഗ്യപ്രശ്നങ്ങൾ എല്ലാം അടിയന്തിര പ്രശ്നങ്ങളാണ്. ഏറ്റവും അടുത്ത നിമിഷത്തിൽ ഡോക്ടറുടെ അടുത്തെത്താൻ ആഗ്രഹിക്കുന്ന സമയമാണ്. അത് സാധ്യമാക്കുന്ന സർക്കാർ, സർക്കാർ ഇതര ആശുപത്രികൾ നമുക്കുണ്ട് എന്നത് ആത്മവിശ്വാസത്തോടെ ജീവിച്ചു പോകാനുള്ള നെഞ്ചുറപ്പാണ്, അത് തരുന്ന സമാധാനം എന്താണെന്നറിയണമെങ്കിൽ അതില്ലാത്തവരോട് രഹസ്യമായി ചോദിക്കണം.

സകലതും ഇൻഷുറൻസ് കമ്പിനികൾക്കു തീറെഴുതി കൊടുത്തിട്ടില്ല എന്നുള്ളത് ചില്ലറ ആശ്വാസമല്ല നൽകുന്നത്. ഇത്തരമൊരു മഹാമാരി യാതൊരു അപ്പോയ്ന്റ്മെന്റുകളുമില്ലാതെ കേറിയിറങ്ങുമ്പോൾ ഓടിയെത്താൻ നമ്മുടെ വീടിനടുത്തൊരു താലൂക്ക് ആശുപത്രി ഉണ്ടെന്നുള്ളത് ആരോഗ്യപരിപാലനത്തിനു നമ്മൾ നാളിതുവരെ നൽകിയ ഭാവനാപ്പൂർണ്ണമായ കാഴ്ചപ്പാടുകളുടെ കരുതിവയ്പ്പാണ്, സാർത്ഥകതയാണ്.

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ അത്ര എളുപ്പമല്ല ഡോക്‌ടറെ കിട്ടാൻ. ഇളയ മകന് ഒരു ഡെർമിറ്റോളജിസ്റ്റിന്റെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ മൂന്നുമാസത്തിനു മുകളിൽ കാത്തിരുന്നിട്ടുണ്ട്. ഭാര്യക്ക് വിസ്‌ഡം ടീത്ത് മുട്ടൻ പണികൊടുത്തപ്പോൾ വീർത്തു വിങ്ങിയ മുഖവുമായി അപ്പോയിന്റ്മെന്റിനു ദിവസങ്ങളോളം കാത്തിരുന്നിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ ഒരുദിവസം കൊണ്ടു തീരുന്ന പണിയാണ്. പറഞ്ഞു വന്നത്, ആരോഗ്യസംരക്ഷണത്തിന് പണം മാത്രംപോരാ അത്രയധികം സമയവും ചെലവഴിക്കണം എന്നാണ്. ഒരിക്കൽ പഴംപൊരി ഉണ്ടാക്കിയ തിളച്ച എണ്ണ കൈയിൽ വീണുപൊള്ളി എമർജൻസി കെയറിൽ ചെന്ന എന്റെയടുത്തേക്ക് ഡോക്ടറെത്താൻ പിന്നെയും മണിക്കൂറുകൾ വേണ്ടിവന്നു.

ആധുനിക സൗകര്യങ്ങളിൽ വളരെയധികം മുന്നോട്ടു പോകുമ്പോഴും അത് എത്തിപ്പിടിക്കുക അത്ര എളുപ്പമല്ല എന്നുള്ള യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. അല്ലെങ്കിൽ അതീവ അടിയന്തിര നമ്പറിൽ വിളിച്ചു സകല സന്നാഹങ്ങളും ആവശ്യപ്പെടണം, ഓടിച്ചെന്നു താലൂക്കാശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു ഫർമസിയിൽ നിന്നും മരുന്നും വാങ്ങി വരുന്നതുപോലെയല്ല അത്, കീശകീറുന്ന കാര്യമാണ്.

മഹാമാരിക്ക് പാവപ്പെട്ടവനും പണക്കാരനും ഇല്ല, അങ്ങനെ വരുമ്പോൾ അവർക്കു രണ്ടുകൂട്ടർക്കും ഒരുപോലെ കൈയ്യെത്തിപ്പിടിക്കാനാവുന്ന അത്രയും അടുത്ത് നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ കരുതലായി കാവലായി കൂടെയുണ്ട് എന്നുള്ളത് വിളിച്ചു പറയാൻ മടിക്കേണ്ടുന്ന കാര്യമല്ല, അത് നമ്മുടെ സൗഭാഗ്യമാണ്.
Join WhatsApp News
Rema 2020-04-02 21:26:45
ദൈവമേ ..ഇത് വായിച്ചപ്പോൾ എനിക്ക് ഒരാശ്വാസം കിട്ടി . ഇതുവരെ എനിക്ക് അമേരിക്ക ക്കാരോട് ഭയങ്കര കുശുമ്പ് ആയിരുന്നു . ഫൈവ് സ്റ്റാർപോലത്തെ ആശുപത്രി അത്യാഹിതത്തിനു വിളിച്ചാൽ ഓടി വരുന്ന ആംബുലൻസ് പിന്നെ ഡിജിറ്റൽ ലോകത്തെ സ്കൂൾ . എല്ലാര്ക്കും കമ്പ്യൂട്ടർ അങ്ങനെ യൊക്കെ യാണ് ഞാൻ കേട്ടിട്ടുള്ളത് . ഇത്ര തല്ലിപ്പൊളി ആണോ അവിടെ . ഇവിടുത്തെ ഗവർമെന്റ് ആശുപത്രി സാർ ഒന്ന് കാണണം എന്റെ ചേച്ചി പ്രസവിക്കാൻ മുറിയിൽ കടന്നപ്പോൾ നേഴ്‌സ് ചീത്ത പറഞ്ഞ കണ്ണ് പൊട്ടിച്ചു . വേദന എടുത്ത് കരഞ്ഞതിന് . പിന്നെ പറഞ്ഞ ത് ഞാൻ എഴുതുന്നില്ല .മോശം വാക്കുകൾ . മൂത്രപ്പുര, കാന്റീൻ .. ഒക്കെ നമുക്ക് ഒട്ടും വൃത്തിയില്ല എന്ന് തോന്നും. ഇപ്പൊ സാർ പറഞ്ഞപ്പോ അമേരിക്ക യിലെ സ്ഥിതി എന്താകും . സാർ ഇങ്ങോട്ടു വരൂ. അവിടെ എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക