Image

ഡൽഹി നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയവരെ കണ്ടെത്താൻ യുദ്ധകാല അടിസ്ഥാനത്തിൽ കേന്ദ്രനടപടി

Published on 02 April, 2020
ഡൽഹി  നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയവരെ കണ്ടെത്താൻ യുദ്ധകാല അടിസ്ഥാനത്തിൽ കേന്ദ്രനടപടി

നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ എണ്ണായിരത്തിലധികം പേരെ കണ്ടെത്താൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയെടുക്കുകയാണ് കേന്ദ്രം. 

കൊവിഡിനെ ചെറുക്കാന്‍ രാജ്യം പെടാപ്പാട് പെടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത സമ്മേളനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വലിയ വ്യാപനത്തിലേക്ക പോകുന്നതിന് മുമ്പ്  പ്രതിവിധി കാണാന്‍ സമ്മേളനത്തിനുണ്ടായിരുന്നവർ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ സഹയാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

നിസാമുദ്ദിൻ സമ്മേളനം കാരണമുളള രോഗവ്യാപനമാണ് കൊവിഡ് കേസുകൾ രണ്ട് ദിവസത്തിൽ കൂടിയതിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നല്ലൊരു പങ്ക് നിസാമുദ്ദിനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.  സമ്മേളനത്തിലുണ്ടായിരുന്ന 138 പേർക്കാണ് ഇന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത്.

സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ നിരീക്ഷണ ചുമതല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറി. അജിത് ഡോവൽ മർക്കസിൽ 28ന് പുലർച്ചെ എത്തി സംസാരിച്ച ശേഷമാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. 

സമ്മേളനത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ 8000 പേരെ കണ്ടെത്തുന്നതിന് യുദ്ധകാലടിസ്ഥാനത്തിൽ നടപടി എടുക്കാൻ കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ പങ്കെടുത്തവർ മടങ്ങിയ ആറു ട്രെയിനുകളിലെ സഹയാത്രക്കാരുടെ പട്ടിക തയ്യാറാക്കാനും കേന്ദ്രം നടപടി തുടങ്ങി. വിസചട്ടം ലംഘിച്ച് മതപ്രബോധനം നടത്തിയ വിദേശികൾക്കെതിരെ നടപടി എടുക്കാനും കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. 20 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കുമാണ് സമ്മേളനത്തിൽ പങ്കെടുത്തവർ മടങ്ങിയത്.

ഇന്ത്യൻ വംശജനായ ഒരു ഫ്രഞ്ച് പൗരൻ ഉൾപ്പടെ 20ലധികം വിദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23ന് മർക്കസിൽ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന നോട്ടീസ് പൊലീസ് നല്കിയിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ആയിരത്തിലധികം പേർ താമസമുണ്ടെന്ന് സംഘാടകർ പോലീസിനോട് ദൃശ്യങ്ങളിൽ സമ്മതിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക