Image

കഥയിതു തുടരുന്നു... ( ആൻസി സാജൻ)

Published on 02 April, 2020
കഥയിതു തുടരുന്നു... ( ആൻസി സാജൻ)
കുറെ നാൾ മുമ്പ് ധനുഷ് കോടിയിൽ പോയപ്പോൾ ആ തരിശു ഭൂമിയും അതിലെ അപൂർവം അവശിഷ്ട സ്മൃതികളുമൊക്കെ കണ്ടപ്പോൾ ഹൃദയം എത്രയോ ശൂന്യമായത് ഓർത്തു പോകുന്നു. ഇന്ന് ചാവു നഗരം എന്നാണ് അവിടത്തെപ്പറ്റി പറയുന്നത്. ജനങ്ങൾ സാധാരണയെന്ന പോലെ അവിടെയും ജീവിച്ചിരുന്നു. സുനാമിത്തിരകൾ ഒഴുക്കിക്കൊണ്ടു പോയതാണ് ധനുഷ് കോടിയെ. റെയിൽവേ സ്റ്റേഷനും റെയിൽ ലൈനുകളുമൊക്കെ ഒഴുക്കെടുത്തു. മനുഷ്യർ കൂടി പ്രാർത്ഥിച്ചിരുന്ന ഒരു പള്ളിയുടെ അവശേഷിപ്പ് ഉണ്ടവിടെ.. ഇന്ന് ജനവാസമില്ലാതെ നിരന്നു കിടക്കുന്ന മൃതനഗരമായി ധനുഷ്കോടി.
   ഇങ്ങനെ ഒരു പാട് ചരിത്രാവശിഷ്ടങ്ങൾ ലോകത്തിൽ പലയിടത്തും കാണും.എന്നാൽ അതൊക്കെ എന്നോ നടന്ന ദുരന്തങ്ങളെന്ന പേരിൽ കാഴ്ചക്കാരായി നിശ്ശൂന്യരായി കണ്ടു നിൽക്കയേ ഉള്ളു നാം. എന്നോ നടന്നുവെന്ന് പറയുന്ന കാര്യങ്ങൾ എന്ന മട്ടിൽ നിസ്സംഗതയോടെ നമ്മളതെല്ലാം കണ്ടു നടക്കും.
     ഈ ലോക ജീവിതത്തിനിടയ്ക്ക് പ്രപഞ്ചം അടിച്ചു വാരുന്ന പ്രക്രിയയ്ക്കും സാക്ഷിയാവുകയാണ് ഇപ്പോൾ ജീവിക്കുന്ന മനുഷ്യർ. ഓരോ നൂറ്റാണ്ടിലും പ്രകൃതി ഇത്തരമൊരു വൃത്തിയാക്കൽ നടത്തുമായിരിക്കും.
     ഈ മഹാപ്രപഞ്ചത്തിലെ ഏറ്റം ചെറിയ കണികയാവണം വലിപ്പം ഭാവിച്ചു നടക്കുന്ന നമ്മൾ മനുഷ്യർ. തലച്ചോറിന്റെ കഴിവു കൊണ്ട് എന്തും മാറ്റിമറിക്കാൻ ത്രാണിയുണ്ടെന്ന ഭാവമായിരുന്നു നമുക്ക്.
എന്നാലിന്ന് പരിഭ്രമവും വേവലാതിയും മനുഷ്യനെ തളർത്തുന്നു.
     കുറച്ചു നാളിനകം കൊറോണ വൈറസ് വ്യാപനം അവസാനിച്ച് ലോകം വീണ്ടും തെളിയുമെന്ന് പ്രത്യാശിക്കാം. മരിച്ചു വീഴുന്ന ഓരോ ജീവനും ബാക്കിയുള്ളവർക്ക് വേണ്ടിയാണ് ജീവിതം വെടിഞ്ഞതെന്ന് മനസ്സിലാക്കാം. എന്റെ ജീവനുതകി നീ പ്രാണൻ വെടിയുന്നു എന്ന് ഹൃദയപൂർവം ഓർമ്മ വയ്ക്കാം. ചരിത്രത്തിന്റെ താളുകളിൽ, 'ഇത്ര പേർ മരണപ്പെട്ടു'' എന്ന കണക്കിൽ അവരുടെ പേരുകൾ എഴുതിച്ചേർക്കും. ആ പേരുകളുടെ ഓർമ്മയിൽ നിർമ്മലമായ മെഴുക് തിരി വെളിച്ചങ്ങൾ നമുക്ക് കൊളുത്തിവയ്ക്കാം.
     ഈ കൊച്ചു കേരളത്തിന്റെ മണ്ണിലിരുന്ന് ഇല്ലായ്മകളിൽ വീർപ്പുമുട്ടിയ പഴയ ഒരു തലമുറ അന്യദേശങ്ങളിലേക്ക് കുടിയേറി മോഹങ്ങളും സ്വപ്നങ്ങളും കൈപ്പിടിയിലൊതുക്കിയ ചരിത്രമുണ്ട്. കേരളത്തിന്റെ പ്രവാസ ചരിത്രം. ഇപ്പോൾ ലോകമാകെ മഹാവ്യാധിയുടെ ദുരിതങ്ങളിൽ ഉഴലുമ്പോൾ മലയാളിക്ക് അഭയവും ആശ്വാസവും അഭിവൃദ്ധിയുമേകിയ ആ നാടുകൾ നമ്മുടെ ആശങ്കകൾക്കിടയിലും വലിയ വേദനയാണ് നൽകുന്നത്. അന്നാടുകളിലെല്ലാം നമ്മുടെ ജനതയുണ്ട്. അതു കൊണ്ട് തന്നെയും ലോകമാകെ ഒരു കുടയുടെ ചോട്ടിലിരുന്ന് സങ്കടമനുഭവിക്കുന്ന ചിത്രമാണിപ്പോൾ കാണുന്നത്. ദുരിതമെല്ലാം വേഗത്തിൽ ഒഴിഞ്ഞു പോകട്ടെ...
     ചരിത്ര നിയോഗങ്ങളുടെ ആവർത്തനമാവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കടൽ വറ്റി കരയാവുകയും കര പിന്നെ കടലാവുകയും ചെയ്യുമ്പോഴും
കഥയിത് തുടർന്നേ  മതിയാവൂ....

നമ്മൾ മദിച്ചു കണ്ട സ്വപ്നങ്ങളൊന്നും യാഥാർത്ഥ്യമല്ലായിരുന്നു.''
മോഹം കണ്ട മോഹങ്ങളൊന്നും സത്യമല്ലായിരുന്നു...
ദു:ഖിപ്പിച്ച ദു:ഖങ്ങളൊന്നും
സ്ഥായിയല്ലായിരുന്നു ...
ഇന്ന് ഇതാണ് സത്യം;ഇതൊക്കെ മാത്രം ...!
    ഒരു ശ്വാസം പോലും സ്വന്തമായി പിടിച്ചു വയ്ക്കാൻ നമുക്ക് കഴിയില്ല. അകത്തേയ്ക്കെടുത്ത ശ്വാസം പുറത്ത് പോയേ മതിയാവൂ... അതിനിടയിൽ തങ്ങിക്കിടന്നാൽ വീർപ്പുമുട്ടി പിടയേണ്ടി വരും.

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക