Image

കോവിഡ് 19 മരണം; തോമസ് ഡേവിഡിനു പുറമെ ന്യൂജഴ്‌സിയില്‍ മലയാളി വീട്ടമ്മയും മരിച്ചു

Published on 01 April, 2020
കോവിഡ് 19 മരണം; തോമസ് ഡേവിഡിനു പുറമെ ന്യൂജഴ്‌സിയില്‍ മലയാളി വീട്ടമ്മയും മരിച്ചു
ന്യൂയോര്‍ക്ക് :  ലോകത്തെ മുഴുവന്‍ ആശങ്കയിലേക്കു തള്ളിവിട്ട കൊറോണ വൈറസ് ബാധിച്ച് യുഎസില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ന്യൂയോര്‍ക്കിലും എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്. അപ്രതീക്ഷിതമായ വേര്‍പാര്‍ട് യുഎസിലെ മലയാളി സമൂഹത്തിനുള്ളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്നു തോമസ് ഡേവിഡ്. പനിയെ തുടര്‍ന്നു നേരത്തെ ഡോക്ടറെ കണ്ടതാണ്. എന്നാല്‍, മരുന്നു കഴിച്ചു വിശ്രമിക്കാന്‍ നിര്‍ദേശിച്ചു വീട്ടിലേക്കു വിടുകയായിരുന്നു. രോഗം കുറയാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലേറേയായി തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും മൂന്നു പുത്രിമാരുമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി എംടിഎ ഉദ്യോഗസ്ഥനായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്.

ന്യൂജഴ്‌സിയില്‍ അന്തരിച്ച കുഞ്ഞമ്മ സാമുവല്‍, രാമമംഗലം നീര്‍ക്കുന്നത്ത് വര്‍ഗീസിന്റെ ഭാര്യാ മാതാവാണ്. 20 വര്‍ഷമായി ഇവരെല്ലാം യുഎസ്സിലാണ്. നാലു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത് എന്നാണ് വിവരം.

കോവിഡ് 19 ഏറ്റവും ശക്തമായി ബാധിച്ച രാജ്യമായി ഇപ്പോള്‍ യുഎസ് മാറിയിരിക്കുകയാണ്. 259 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യയില്‍ യുഎസ് ചൈനയെ മറികടന്നു–3400. രോഗബാധിതര്‍ ഏറ്റവുമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. നടപടികളുമായി ട്രംപ് സര്‍ക്കാര്‍ രംഗത്തുണ്ടെങ്കിലും വേണ്ട രീതിയില്‍ ഫലം കാണുന്നില്ലെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക