Image

ഞെട്ടിവിറച്ച് അമേരിക്കന്‍ മലയാളികള്‍, രണ്ടു പേര്‍ മരിച്ചു, കൂടുതല്‍ പേര്‍ രോഗാവസ്ഥയില്‍ (ജോര്‍ജ് തുമ്പയില്‍)

Published on 01 April, 2020
ഞെട്ടിവിറച്ച് അമേരിക്കന്‍ മലയാളികള്‍, രണ്ടു പേര്‍ മരിച്ചു, കൂടുതല്‍ പേര്‍ രോഗാവസ്ഥയില്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക്: രണ്ട് അമേരിക്കന്‍ മലയാളികളുടെ ജീവന്‍ കോവിഡ് 19 കവര്‍ന്നതോടെ ഭയപ്പാടോടെ മലയാളി സമൂഹം. നിരവധി പേര്‍ക്ക് ഇപ്പോള്‍ തന്നെ രോഗബാധയുണ്ട്. ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമായാണ് ഓരോ മലയാളികള്‍ കഴിഞ്ഞ ദിവസം മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു) വാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ന്യൂജേഴ്‌സിയില്‍ കുഞ്ഞമ്മ സാമുവല്‍ (89) എന്ന സ്ത്രീയും മരണപ്പെട്ടു. വിവിധ ആശുപത്രികളിലായി നിരവധി മലയാളികള്‍ ന്യയോര്‍ക്ക്, ന്യൂജേഴ്‌സി, വെര്‍ജീനിയ എന്നിവിടങ്ങളിലായി ചികിത്സയിലുണ്ട്.

അതേസമയം, ആരോഗ്യ പരിരക്ഷാ സംവിധാനം ഉയര്‍ത്തുന്നതിനായി അഞ്ഞൂറിലധികം പാരാമെഡിക്കുകളും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരും 2,000 നഴ്‌സുമാരും 250 ആംബുലന്‍സുകളും മറ്റു വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ന്യൂയോര്‍ക്ക് നഗരത്തിലേക്ക് എത്തുന്നുണ്ടെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ ചൊവ്വാഴ്ച പറഞ്ഞു. നഗരത്തിലെ മരണസംഖ്യ 932 ആണെന്നും 40,000 ല്‍ അധികം വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായും മേയര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്ക് ശേഷം 1,096 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി നഗര അധികൃതരും അറിയിച്ചു. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 4055 ആയി. 177,286 രോഗബാധിതരായി ആശുപത്രികളിലുണ്ട്.

ക്യൂന്‍സിലെ ഫ്‌ലഷിംഗിലെ ബില്ലി ജീന്‍ കിംഗ് നാഷണല്‍ ടെന്നീസ് സെന്റര്‍, ബറോയിലെ വൈറസ് രോഗികളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് എല്‍മ്ഹര്‍സ്റ്റ് ഹോസ്പിറ്റല്‍ എന്നിവ അത്യാഹിത ആശുപത്രിയായി മാറ്റി. ഇവിടെ 350 ആശുപത്രി കിടക്കകളായിട്ടുണ്ട്. 135 അധിക ആംബുലന്‍സുകളും 270 പാരാമെഡിക്കുകളും ഇതിനകം ഇവിടെയെത്തിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. കേസുകളുടെയും ആശുപത്രികളുടെയും എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, വെന്റലേറ്ററുകള്‍ക്കും മരുന്നുകള്‍ക്കും മെഡിക്കല്‍ തൊഴിലാളികള്‍ക്കുമുള്ള ആവശ്യങ്ങള്‍ അത്യാവശ്യമാണെന്ന് ഡി ബ്ലാസിയോ പറഞ്ഞു. 1,000 നഴ്‌സുമാര്‍, 350 റെസ്പിറ്റോറി തെറാപ്പിസ്റ്റുകള്‍, സൈന്യത്തില്‍ നിന്നും 150 ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ന്യൂയോര്‍ക്ക് സിറ്റിക്ക് അടിയന്തിരമായി അനുവദിക്കണമെന്ന് വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത 10 മൈതാനങ്ങള്‍ അടച്ചിടുമെന്നും മേയര്‍ പറഞ്ഞു. നഗരത്തിലെ കാര്‍ ഉടമകള്‍ വാഹനഗതാഗതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇപ്പോഴുള്ള പാര്‍ക്കിംഗ് നിയമങ്ങള്‍ രണ്ടാഴ്ച കൂടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച രാത്രി വരെ ന്യൂയോര്‍ക്കില്‍ 332 പേര്‍ കൂടി മരണമടഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറഞ്ഞു. വൈറസുമായി ബന്ധപ്പെട്ട മരണസംഖ്യ ഇതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 1,550 ആയി. സിഎന്‍എന്‍ അവതാരകന്‍ കൂടിയായ 49 കാരന്‍ ഇളയ സഹോദരന്‍ ക്രിസ് ക്യൂമോ കൊവിഡ് 19 ബാധയെത്തുടര്‍ന്നു ചികിത്സയിലാണ്. സഹോദരന് പനി, ശ്വാസതടസ്സം, ജലദോഷം എന്നിവയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ ദിവസേന പുതിയ മരണങ്ങളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 31 ശതമാനം വര്‍ദ്ധിച്ചു. പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ നാല് ദിവസത്തിനുള്ളില്‍ മൂന്നിരട്ടിയായി. സംസ്ഥാനത്തൊട്ടാകെയുള്ള സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 9,298 വര്‍ദ്ധിച്ച് 75,795 ആയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം ചൊവ്വാഴ്ച 15 ശതമാനം ഉയര്‍ന്ന് 10,900 കടന്നു. അതില്‍ 2,710 പേര്‍ വെന്റിലേറ്ററുകളുള്ള തീവ്രപരിചരണ മുറികളിലാണ്.

ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി 2,196 പുതിയ വൈറസ് കേസുകള്‍ പ്രഖ്യാപിച്ചു. ഇത് സംസ്ഥാനത്തെ രോഗികളുടെ ആകെ എണ്ണം 18,696 ആയി ഉയര്‍ത്തി. 69 പുതിയ മരണങ്ങള്‍ സംഭവിച്ചു, 30 വയസ്സിനിടയില്‍ രണ്ടുപേര്‍ ഉള്‍പ്പെടെ, ആകെ 267 പേര്‍ ഇതിനോടകം മരിച്ചു. കണക്റ്റിക്കട്ടിലെ ഗവര്‍ണര്‍ നെഡ് ലാമോണ്ട് 557 പുതിയ വൈറസ് കേസുകള്‍ പ്രഖ്യാപിച്ചു, ഇത് സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,128 ആയി ഉയര്‍ത്തി. വൈറസ് ബാധിച്ച് മുപ്പത്തിമൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 69 ആയിയെന്നു സംസ്ഥാന ആരോഗ്യ അധികൃതര്‍ പറഞ്ഞു.

ഞെട്ടിവിറച്ച് അമേരിക്കന്‍ മലയാളികള്‍, രണ്ടു പേര്‍ മരിച്ചു, കൂടുതല്‍ പേര്‍ രോഗാവസ്ഥയില്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക