Image

കുഞ്ഞുണ്ണി (കഥ-ഡോ.എസ്. രമ)

Published on 01 April, 2020
കുഞ്ഞുണ്ണി (കഥ-ഡോ.എസ്. രമ)
 ഫ്ലാറ്റിലെ ജനൽ കമ്പികളിൽ മുഖം ചേർത്തുവെച്ച്  കുഞ്ഞുണ്ണി വെറുതെ പുറത്തേക്ക് നോക്കി നിന്നു. കുറേ ദിവസങ്ങളായി മുറിയിലിരുന്ന് അവനു മടുത്തു തുടങ്ങിയിരുന്നു. വടക്കേ ഇന്ത്യയിലെ ഒരു പ്രമുഖ നഗരത്തിലാണ്  അച്ഛനുമമ്മക്കുമൊപ്പം കുഞ്ഞുണ്ണിയുടെ  താമസം...  ആ നഗരത്തിലെ തന്നെ ഒരു പ്രമുഖ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണവൻ...  നഗരത്തിന്റെ  ഹൃദയഭാഗത്ത് തന്നെയാണ് കുഞ്ഞുണ്ണിയുടെ അച്ഛന്റെ ഫ്ലാറ്റ്. ഏഴാം നിലയിൽ കിഴക്ക് ഭാഗത്ത്...  അടുത്തയിടെ നാട്ടിൽനിന്ന് എത്തിയ അമ്മൂമ്മയും  കൂടെയുണ്ട്.  തൊട്ടപ്പുറത്ത് മറ്റൊരു ഫ്ലാറ്റ് സമുച്ചയം.. അതിനപ്പുറം റോഡ്..  റോഡിനപ്പുറം കുറെ തുറസ്സായ സ്ഥലം..കൂടുതലും  ചതുപ്പാണ്.   തീപ്പെട്ടി കൂടുകൾ  പോലെ കൊച്ചു കൊച്ചു വീടുകളും ഉണ്ട് .

                      വിജനമായ റോഡിലേക്ക് കുഞ്ഞുണ്ണി നിസ്സംഗതയോടെ നോക്കി.  ഒരുപറ്റം ആടുകൾ   റോഡിലൂടെ നടന്നു പോകുന്നു.  ഏഴെണ്ണം ഉണ്ട്. കുഞ്ഞുണ്ണി എണ്ണി.പിറകേ കറുത്തുമെലിഞ്ഞ ഒരാൺകുട്ടി. അവന് തന്റെ  അത്രയും പ്രായം കാണുമെന്ന് കുഞ്ഞുണ്ണി  ഊഹിച്ചു. 10 ദിവസം മുമ്പ് വാഹനങ്ങൾ  ചീറിപ്പാഞ്ഞ നിരത്ത്. എത്ര പെട്ടെന്നാണ് ശൂന്യം  ആയത്... എതിരെയുള്ള അപ്പാർട്ട്മെന്റിൽ  നിന്ന് കനിഷ്ക കൈവീശി കാണിക്കുന്നതവൻ കണ്ടു. കനിഷ്ക അവന്റെ ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്.കയ്യിൽ എന്തോ ഉണ്ട്. അവൾ വരച്ച ചിത്രം ആണെന്ന് തോന്നുന്നു. സത്യത്തിൽ കുഞ്ഞുണ്ണിക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. എത്ര ദിവസം ന്ന് വെച്ചാ  ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാതെ ഇങ്ങനെ.... തൊട്ടടുത്ത ഫ്ലാറ്റിൽ ഉള്ള അർജ്ജുനേയും അരവിന്ദനേ  യും കണ്ടിട്ട് ദിവസങ്ങളായി. പോകാൻ അനുവാദമില്ല. അഥവാ അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് പോകാമെന്ന് വെച്ചാൽ സെക്യൂരിറ്റി സമ്മതിക്കില്ല. ഒഴിഞ്ഞുകിടക്കുന്ന ക്രിക്കറ്റ് ഗ്രൗണ്ട് കാണുമ്പോൾ അവന്  സങ്കടം വരും.
        10 ദിവസം മുമ്പ് പരീക്ഷ മാറ്റിവെച്ച് സ്കൂൾ അടച്ചപ്പോൾ എന്ത് സന്തോഷമായിരുന്നു. കനിഷ്ക പറഞ്ഞതാണ് ശരി കുഞ്ഞുണ്ണി ഓർത്തു. "കുഞ്ഞുണ്ണി നീ അത്ര കണ്ട് സന്തോഷിക്കേണ്ട.. അതെയ്...  കൊറോണ വൈറസ് കാരണമാ സ്കൂൾ അടക്കുന്നേ.. അടുത്ത്  ഇരുന്നാലും തൊട്ടാലും ഒക്കെ വൈറസ് പകരും. നമ്മളൊക്കെ പനിപിടിച്ചു ചത്തുപോകും. നിനക്കറിയോ... ഇനി ഗവൺമെന്റ് പറയാതെ നമുക്ക് ആർക്കും പുറത്തിറങ്ങാൻ പറ്റില്ല."

 കുഞ്ഞുണ്ണിക്ക് ഇപ്പോഴാണ് അതിന്റെ പൊരുൾ ശരിക്കും പിടികിട്ടിയത്.. ഉണ്ടായിരുന്ന കോമിക്സ് അത്രയും വായിച്ചുതീർത്തു. ഗെയിം കളിച്ച് മടുത്തു. ടി വി എപ്പോഴും കാണാനും പറ്റില്ല.. അച്ഛന്  ന്യൂസ് കാണണം . അല്ലെങ്കിലും ടിവി കാണുന്നതിൽ  കുഞ്ഞുണ്ണി ക്കും ഇപ്പോൾ  താല്പര്യം ഇല്ല. ഡ്രോയിങ് റൂമിൽ അമ്മ പരീക്ഷാപേപ്പർ നോക്കുകയാണ്...  ഇപ്പോഴെങ്ങാനും അടുത്ത് ചെന്നാൽ തലയ്ക്കു നല്ല കിഴുക്ക്  കിട്ടും. ജോലി ചെയ്യുമ്പോൾശല്യപ്പെടുത്തുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. അച്ഛൻ ലാപ്ടോപ്പിന്റെ മുന്നിലാണ്.  അച്ഛന് ഒരു അമേരിക്കൻ കമ്പനിയിലാണ് ജോലിയെന്നവനറിയാം. അച്ഛന്റെ ശബ്ദം കേൾക്കുന്നുണ്ട്..
    " നീതു.. വീഡിയോകോൺ ഫറൻസ്  ആണ്.. അമേരിക്കയിൽ കൊറോണ വല്ലാണ്ട് സ്പ്രെഡ് ചെയ്തിട്ടുണ്ട്... എന്തെങ്കിലും കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമോ എന്തോ? "

"ലോകം മുഴുവൻ നേരിടുന്ന പ്രശ്‍നം... സഹിക്കാതെന്തു ചെയ്യും? " അമ്മയുടെ സ്വരത്തിൽ  നിസ്സഹായതയുണ്ടായിരുന്നു..

 ശബ്ദമുണ്ടാക്കാതെയവൻ മുത്തശ്ശിയുടെ അടുക്കലേക്ക് ചെന്നു. മുത്തശ്ശി ഉച്ചയുറക്കത്തിനുള്ള തുടക്കമാണ്.  അടുത്തയാഴ്ച നാട്ടിലേക്ക് തിരിച്ചുപോകാൻ ഇരുന്നതാണ്.

"ഇനിയിപ്പോ എന്താ ചെയ്യുക ഇവിടെ കുടുങ്ങി പോയല്ലോ.." കഴിഞ്ഞദിവസം മുത്തശ്ശി  അച്ഛനോട് പറയുന്നുണ്ടായിരുന്നു.
"അമ്മ സമാധാനിക്കൂ.. കുറച്ചുദിവസം ഞങ്ങളുടെ കൂടെ നിൽക്കണമെന്നുണ്ടാകും.... ഇനിയിപ്പോൾ ലോക്ക്  ഡൗൺ കഴിയട്ടെ..."

 "അല്ലാതെ ഇനി എന്ത് ചെയ്യാൻ...
എന്നാലും എന്റെ കുട്ടിയുടെ പിറന്നാളിന്ന് അമ്പലത്തിൽ വഴിപാട് പോലും കഴിക്കാൻ പറ്റാതെ പോയല്ലോ... കലികാലം തന്നെ യിത്... ഇങ്ങനെ മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന കാലം വരും എന്ന് ആരെങ്കിലും കരുതിയോ.."
. മുത്തശ്ശി അപ്പോൾ കുഞ്ഞുണ്ണിയെ ഒന്നു കൂടി  ചേർത്ത് പിടിച്ചു.... ആഘോഷിക്കാൻ പറ്റാതെ പോയ തന്റെ പിറന്നാളിനെ പറ്റിയാണ് മുത്തശ്ശി പറഞ്ഞതെന്ന് കുഞ്ഞുണ്ണിക്കപ്പോൾ  മനസ്സിലായി. കൂട്ടുകാർക്ക് ഒരു മിഠായി പോലും കൊടുക്കാൻ പറ്റാതെ കടന്നുപോയ ജന്മദിനത്തെ പറ്റിയോർത്തപ്പോൾ അവനും  സങ്കടം വന്നു.

"എന്താ കുട്ടി ഒന്നും മിണ്ടാത്തെ... എന്റെ കുട്ടിക്ക് കളിക്കാനും കൂടി ആരും ഇല്ലാണ്ടു പോയല്ലോ.. ഇങ്ങു  അടുത്തിരിക്കൂ..  മുത്തശ്ശി കഥ പറഞ്ഞു തരാം..."
 കുഞ്ഞുണ്ണി മുത്തശ്ശിയോടു  ചേർന്നിരുന്നു.. മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി. താഴ്  വര കളിലെ ഉറുമ്പിൻ കൂട്ടങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് രാക്ഷസന്റെ കഥ.

ഒരിടത്തൊരിടത്ത് ഒരു പറ്റം ഉറുമ്പുകൾ ഉണ്ടായിരുന്നു. പല തരത്തിലുള്ള ഉറുമ്പുകൾ...  കുന്നിൻചെരുവിലെ താഴ് വര കളത്രയും ഉറുമ്പുകൾ  സ്വന്തമാക്കി. ചുവന്നുറുമ്പ്, കട്ടുറുമ്പ്, പുളിയനുറുമ്പ്, ചോനലുകൾ...  തരം
അനുസരിച്ച് അവ  കൂട്ടം കൂടി.. കട്ടുറുമ്പ് കട്ടുറുമ്പിനോടു  മാത്രം... പുളിയനുറുമ്പ് പുളിയുറുമ്പിനോട് മാത്രം...  അവരിൽ അടിമകളുണ്ടായിരുന്നു.... രാജാവും റാണിയും ജോലിക്കാരും ഉണ്ടായിരുന്നു. അവ വലിയ വൃക്ഷങ്ങളുടെ ചുവട്ടിൽ  മണ്ണ് തുരന്നു മാളങ്ങൾ തീർത്തു. വൃക്ഷങ്ങൾ   കടപുഴകി വീണു.  കൂട്ടംകൂടി വലിയ മൃഗങ്ങളെ കടിച്ചുകൊന്നു.

 അങ്ങനെയങ്ങനെ  എല്ലാ മൃഗങ്ങളും പക്ഷികളും ഉറുമ്പുകളെ പേടിക്കാൻ തുടങ്ങി. ചിലപ്പോഴൊക്കെ ഉറുമ്പുകൾക്ക് ചിറകുകൾ വെച്ചു. പറന്നു നടന്നു.. അങ്ങനെ ഇരുന്നപ്പോഴാണ് രാക്ഷസൻ വന്നത്. രാക്ഷസന്  രൂപം ഇല്ലായിരുന്നു.

"രാക്ഷസനെ ഉറുമ്പ് കടിച്ചില്ലേ... "കുഞ്ഞുണ്ണി ചോദിച്ചു..
 "കാണാൻ പറ്റാത്ത രാക്ഷസനെ ഉറുമ്പിന്  എങ്ങനെ കടിക്കാൻ പറ്റും?"മുത്തശ്ശി പറഞ്ഞു..

 രാക്ഷസനാകട്ടെ കൂട്ടം കൂടി നിന്ന ഉറുമ്പുകളെയത്രയും കൈയ്യിൽ പിടിച്ച് ഞെരിച്ചും ചവിട്ടിയും  കൊന്നു  കളഞ്ഞു. ബാക്കി വന്ന  ഉറുമ്പുകൾ  പേടിച്ച് മാളത്തിൽ ഒളിച്ചു...  രൂപമില്ലാത്ത രാക്ഷസനിൽ നിന്നും രക്ഷപെടേണ്ടെ...  മാളത്തിൽ ഒളിച്ച ഉറുമ്പുകളെ രാക്ഷസന് ഒന്നും ചെയ്യാൻ  പറ്റിയില്ല. ഉറുമ്പുകൾ മാളത്തിൽ ഒളിച്ചപ്പോൾ  മറ്റു മൃഗങ്ങളും പക്ഷികളും ഒക്കെ തിരിച്ചു വരാൻ തുടങ്ങി... അവയ്ക്ക് രാക്ഷസനെ പേടിയില്ലായിരുന്നു. കാരണം രാക്ഷസന് വേണ്ടത് ഉറുമ്പുകളെ മാത്രമായിരുന്നു. അവസാനം ഉറുമ്പുകളെ ഒന്നും കാണാഞ്ഞപ്പോ രാക്ഷസൻ മെല്ലെ മെല്ലെ തിരിച്ചു പോകാൻ തുടങ്ങി. രാക്ഷസൻ പോയെന്നറിഞ്ഞപ്പോൾ ഉറുമ്പുകൾ പതുക്കെപ്പതുക്കെ പുറത്തുവന്നു. പിന്നീട്  ഉറുമ്പുകൾ മറ്റു മൃഗങ്ങളെയും പക്ഷികളെയും  ഉപദ്രവിച്ചതേയില്ല..  താഴ്  വ രകൾ അവർക്ക്‌  കൂടെ യുള്ളതാണെന്ന്  ഉറുമ്പുകൾ തിരിച്ചറിഞ്ഞു ..

" കുഞ്ഞുണ്ണീ..  "മുത്തശ്ശി വിളിച്ചു. കുഞ്ഞുണ്ണി ഉറങ്ങി കഴിഞ്ഞിരുന്നു.. ഉറക്കത്തിലവ ൻ   സ്വപ്നം കണ്ടു..റോഡിൽ കൂടി വാഹനങ്ങൾ പാഞ്ഞു പോകുന്നത്...  യൂണിഫോം  ഇട്ട്  സ്കൂൾബസിൽ യാത്ര ചെയ്യുന്നത്... ജന്മദിനത്തിൽ   കൂട്ടുകാർക്ക് മിട്ടായി  പങ്കുവയ്ക്കുന്നത്.....
കുഞ്ഞുണ്ണി (കഥ-ഡോ.എസ്. രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക