Image

കേളി അന്താരാഷ്‌ട്ര കലാമേളക്ക്‌ കൊടിയിറങ്ങി

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 22 May, 2012
കേളി അന്താരാഷ്‌ട്ര കലാമേളക്ക്‌ കൊടിയിറങ്ങി
ഫെറാള്‍ട്ടോര്‍ഫ്‌: കലയുടെ സഹസ്രഭാവങ്ങള്‍ കണ്ണിനും കാതിനും കുളിര്‍മയേകി കേളിയുടെ ഒന്‍പതാമത്‌ രാജ്യാന്തര കലാമേളക്ക്‌ തിരശീല വീണു. നൃത്തം-രചന-ശബ്‌ദം തുടങ്ങി കലയുടെ വിവിധ ഭാവങ്ങളില്‍ യൂറോപ്പിന്റെ ഭാവി പ്രതീക്ഷകള്‍ അരങ്ങേറ്റം കുറിച്ച കലാമാമാങ്കത്തില്‍ ഓസ്‌ട്രിയയില്‍നിന്നെത്തിയ ബ്ലുവിന്‍സ്‌ ചൊവ്വാറ്റുകുന്നേല്‍ കലാതിലകപട്ടം നേടി. മേളയിലെ മിന്നുംതാരമായ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നെത്തിയ ശില്‍പ്പ തളിയത്തിന്‌ നൃത്തവിഭാഗങ്ങളിലെ പ്രതിഭയ്‌ക്കുളഅള കലാരത്‌നപട്ടം നേടി. നൃത്തേതര വിഭാഗങ്ങളിലെ പ്രതിഭയ്‌ക്കു നല്‍കുന്ന ഫാ. ആബേല്‍ ട്രോഫി സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്റ്റീജ ചിറയ്‌ക്കലിനു ലഭിച്ചു.

യൂറോപ്പിന്റെ കലാശിരസില്‍ മൂന്നാംവട്ടമാണ്‌ ബ്ലുവിന്‍സ്‌ മുത്തമിടുന്നത്‌. പോയവര്‍ഷങ്ങളില്‍ ദീപിക കലാരത്‌ന പട്ടം കരസ്ഥമാക്കിയവരാണ്‌ ബ്ലുവിന്‍സും ശില്‍പ്പയും ഫാ. ആബേല്‍ ട്രോഫി നേടിയ സ്റ്റീജയും മുന്‍വര്‍ഷങ്ങളില്‍ മികവ്‌ തെളിയിച്ചിട്ടുണ്‌ട്‌.

മേയ്‌ 19ന്‌ വൈകുന്നേരം ചേര്‍ന്ന സമാപന സമ്മേളനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ സാംസ്‌കാരിക വിഭാഗം തലവന്‍ ഡോ. നാഗേന്ദ്ര പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. സൂറിച്ചിലെ ഫെറാള്‍ട്ടോര്‍ഫിലെ നഗരപിതാവായ വാള്‍ട്ടര്‍ ഷൗയ്‌സര്‍ മുഖ്യാതിഥിയായിരുന്നു.

2011-ലെ കേളിയുടെ കലാപൂര സംസ്‌കാരത്തിന്‌ അര്‍ഹനായ കേരളത്തിന്റെ പ്രിയ ഗായകന്‍ വിതു പ്രതാപിന്റെ സാന്നിധ്യം സമാപന സമ്മേളനത്തിന്‌ നിറംപകര്‍ന്നു. സമാപനസമ്മേളനത്തോടനുബന്ധിച്ച്‌ ഗാനമേളയും നടന്നു. മലയാളത്തിന്റെ മഹാരുചിയുടെ കലവറകൂട്ടുമായ്‌ കേരളത്തിനിന്നെത്തിയ ബിഗ്‌ഷെഫ്‌ നൗഷാദിനെയും കലാമേളയുടെ സമാപന സമ്മേളനത്തില്‍ കേളി ആദരിച്ചു.

സെക്രട്ടറി ജോസഫ്‌ ചേന്നംപറമ്പില്‍ സദസിന്‌ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ജോയ്‌ വെള്ളൂക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജോയ്‌ വില്ലന്താനം സദസിന്‌ നന്ദി പറഞ്ഞു. യുവജനവിഭാഗം കണ്‍വീനര്‍മാരായ ആതിര മ്‌ളാവില്‍, ജീവന്‍ അരീക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 25ഓളം കലാകാരന്മാര്‍ അണിനിരന്ന അവതരണ നൃത്തം സമാപന സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

33ഓളം ജഡ്‌ജിമാരുടെ സംഘമാണ്‌ വിധിനിര്‍ണയം നടത്തിയത്‌. വിധി കര്‍ത്താക്കളെ വേദിയിലേക്ക്‌ ക്ഷണിച്ച്‌ സദസിനു പരിചയപ്പെടുത്തി.

യൂറോപ്പിന്റെ വാണിജ്യനഗരത്തിന്‌ ഭാരതീയ കലകളുടെ വര്‍ണാഭ ലഹരി പകര്‍ന്നാണ്‌ കേളിയൊരുക്കിയ ഒന്‍പതാമത്‌ കലാമേളക്ക്‌ കൊടിയിറങ്ങിയത്‌. ജോര്‍ജ്‌ നടുവത്തേട്ട്‌, ജുബിന്‍ ജോസഫ്‌ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
കേളി അന്താരാഷ്‌ട്ര കലാമേളക്ക്‌ കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക