Image

സൗദിയില്‍ ആഭ്യന്തര യാത്രക്ക് പെര്‍മിറ്റ് നല്കാന്‍ പ്രത്യേക സമിതി

Published on 31 March, 2020
സൗദിയില്‍ ആഭ്യന്തര യാത്രക്ക് പെര്‍മിറ്റ് നല്കാന്‍ പ്രത്യേക സമിതി


റിയാദ്: സൗദി അറേബ്യയിലെ 13 പ്രവിശ്യകളിലെ യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യത്തിലുള്ള ആഭ്യന്തര യാത്രാ അനുമതി നല്‍കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മാര്‍ച്ച് 16 മുതല്‍ 21 ദിവസത്തേക്കാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സല്‍മാന്‍ രാജാവ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.

സൗദി പൊതുസുരക്ഷാ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫീസുമായി സഹകരിച്ചു കൊണ്ടാണ് ഈ സമിതി രൂപീകരിച്ചതെന്ന് പൊതുസുരക്ഷാ വിഭാഗം വക്താവ് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വളരെ അടിയന്തര ഘട്ടങ്ങളില്‍ ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ roc@ps.moi.gov.sa എന്ന ഇമെയില്‍ വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസം ഏതു വിധേനയാണ് ആശയവിനിമയം നടത്തേണ്ടത് എന്നീ വിവരങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള അടിയന്തര സാഹചര്യവും ഇമെയിലില്‍ വിശദീകരിക്കണം. അതോടൊപ്പം തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും യാത്രികന്‍ സ്വീകരിച്ചിരിക്കുന്നു എന്നു ഉറപ്പു വരുത്തുകയും വേണം എന്ന് പൊതു സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു.

തിങ്കളാഴ്ച വരെ സൗദി അറേബ്യയില്‍ 1453 കൊറോണ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 115 പേര്‍ രോഗ മുക്തരായി. 22 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. എട്ടു പേരാണ് ഇതു വരെ രാജ്യത്ത് മരണപ്പെട്ടത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക