Image

മെര്‍ക്കലിന്റെ പരിശോധനാഫലം മൂന്നാമതും നെഗറ്റീവ്

Published on 31 March, 2020
മെര്‍ക്കലിന്റെ പരിശോധനാഫലം മൂന്നാമതും നെഗറ്റീവ്

ബര്‍ലിന്‍: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തിന്റെ പേരില്‍ ക്വാറന്റൈനില്‍ കഴിയുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പരിശോധനാ ഫലം മുന്നാമതും നെഗറ്റീവ് ആയി.എങ്കിലും ഈയാഴ്ച അവസാനം വരെ അവര്‍ ക്വാറന്റൈനില്‍ തുടരും.

അറുപത്തഞ്ചുകാരിയായ മെര്‍ക്കല്‍ ബര്‍ലിനിലെ അവരുടെ ഫ്‌ളാറ്റില്‍ ഒരാഴ്ചയായി സ്വയം ഒറ്റപ്പെടലിലാണ്. മാര്‍ച്ച് 20നാണ് മെര്‍ക്കലിന് വാക്‌സിനേഷന്‍ നല്‍കിയ ഡോക്ടര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ 14 ദിവസത്തേയ്ക്ക് സ്വയം പ്രതിരോധം തീര്‍ത്തത്.

മെര്‍ക്കല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകുമോ എന്ന് ഉടന്‍ വ്യക്തമല്ല. വരും ദിവസങ്ങളില്‍ ഹോം ക്വാറന്റൈനില്‍ തുടരുമെന്ന് വക്താവ് സ്റ്റെഫെന്‍ ബൈബര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ മെര്‍ക്കല്‍ വീഡിയോ ലിങ്ക് വഴി പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ മീറ്റിംഗുകള്‍ നടത്തുകയും ചെയ്തു. രാജ്യത്ത് നടപ്പിലാക്കിയ അദ്ഭുതപൂര്‍വമായ നടപടികള്‍ക്ക് ചെവികൊടുത്തതിനും അനാവശ്യമായ സാമൂഹിക സന്പര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ജര്‍മന്‍കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അവര്‍ ശനിയാഴ്ച ഒരു ഓഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. നിയന്ത്രണങ്ങള്‍ എപ്പോള്‍ ലഘൂകരിക്കാമെന്ന് പറയാന്‍ കഴിയില്ലെന്നും വളരെ വേഗം കഴിയുമെന്നും അതിനു ക്ഷമയോടെ കാത്തിരിക്കണമന്നെും അവര്‍ അഭ്യര്‍ഥിച്ചു.

റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രകാരം ജര്‍മനിയില്‍ 57,000 കൊറോണ വൈറസ് കേസുകളും 455 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം ജര്‍മനിയില്‍ ഇതുവരെയായി 67051 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മരണം 682 ആയി ഉയര്‍ന്നു. ജര്‍മനിയില്‍ കോവിഡ് ബാധിച്ച പുതിയ കേസുകളുടെ കാര്യത്തില്‍ കുറവു വന്നിട്ടുണ്ട്.

കോവിഡ് 19 ജര്‍മനിയില്‍ പുതിയ ഘട്ടത്തിലേയ്ക്ക്

ജര്‍മനിയിലെ കൊറോണ പകര്‍ച്ചവ്യാധി പുതിയ ഘട്ടത്തിലേയ്ക്കു കടന്നതായി ബര്‍ലിനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് വീലര്‍ ഡ്രോസ്റ്റണ്‍ വെളിപ്പെടുത്തി. മരണനിരക്ക് വര്‍ധിക്കാന്‍ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ, ജര്‍മനി ഭാഗ്യകൊണ്ടു പിടിച്ചു നിന്നു. ചെറുപ്പക്കാര്‍ക്ക് ആദ്യം രോഗം ബാധിച്ചു. ഈ ആളുകളില്‍ ഭൂരിഭാഗവും നേരിയ രോഗങ്ങള്‍ അനുഭവിച്ചു.നിലവിലെ മരണ നിരക്ക് 0.4 സാവധാനം 0.8 ശതമാനത്തിലേയ്ക്കു കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കൊറോണ വൈറസിനെതിരെ രാജ്യത്തു പ്രഖ്യാപിച്ച കടുത്ത നടപടികള്‍ ഏപ്രില്‍ 20 വരെ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജര്‍മനിയില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീവ്രപരിചരണ കിടക്കകള്‍ നിറയുമെന്നാണ് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ എല്ലാവരും സംരക്ഷണ മാസ്‌ക്കുകള്‍ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. നിലവില്‍ പൊതുജനങ്ങള്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കാത്ത അവസ്ഥയാണുള്ളത്. ആശുപത്രികളും ഡോക്ടര്‍മാരും മെഡിക്കല്‍ മെറ്റീരിയലുകള്‍ കൂടുതലായി കരുതണമെന്നും മന്ത്രി അറിയിച്ചു.

ജര്‍മനിയിലെ ട്യൂബിംഗന്‍ ആസ്ഥാനമായുള്ള ക്യുറി വാക് എന്ന കന്പനി ജൂണ്‍ മാസത്തോടുകൂടി കൊറോണ വാക്‌സിന്‍ പുറത്തിറക്കുമെന്ന് അവകാശപ്പെട്ടു.

വോള്‍ഫ്‌സ്ബുര്‍ഗിലെ മെഡിക്കല്‍ കോളജില്‍ അത്യാഹിത രോഗികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജര്‍മനിയിലെ ഓള്‍ഡ് ഏജ്‌ഹോമില്‍ തല്‍ക്കാലും പുതിയ പ്രവേശനങ്ങള്‍ നിര്‍ത്തി വയ്ക്കാനും നീഡര്‍സാക്‌സണ്‍ സംസ്ഥാനം ഉത്തരവായി. കൊറോണബാധയെ പ്രതിരോധിയ്ക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ഇന്നുമുതല്‍ ആരംഭിച്ചു. 9,000 മുതല്‍ 15,000 വരെ യൂറോയാണ് ഉത്തേജന പാക്കേജ്. അര്‍ഹതപ്പെട്ടവര്‍ക്ക് അടുത്ത മൂന്നുമാസത്തേയ്ക്കാണ് ഇത് ലഭിക്കുന്നത്.

അതേ സമയം ഓസ്ട്രിയില്‍ അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇവിടെ ആകെ 10,019 പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മരണം 128 കടന്നു.

റഷ്യയില്‍ കഴിഞ്ഞയാഴ്ചയില്‍ ഓഫീസുകള്‍ക്ക് എല്ലാംതന്നെ അവധി നല്‍കിയിരുന്നു. അവിടെ ആകെ എട്ടു മരണം മാത്രമാണ് ഇതുവരെ സംഭവിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1600 ഓളം പേരെയാണ്. പക്ഷെ പുതിയ കേസുകള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്നു മുതല്‍ പ്രഖ്യാപിച്ചു. രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടം കൂടാനോ അനുവാദമില്ലാതായിരിയ്ക്കുകയാണ്.

ഇറ്റലിയിലെ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെയായി 11,591 പേരാണ് അവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,01,731 കടന്നു.പുതിയ കേസുകളുടെ കാര്യത്തില്‍ അല്‍പ്പം കുറവുണ്ട്.

സ്‌പെയിനില്‍ ആകെ മരിച്ചത് 8189 പേരാണ്. പുതിയതായി 473 മരണമാണ് ഇവിടെയുണ്ടായിരിയ്ക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 94417 കടന്നു. അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്. 7.4 ശതമാനം എന്ന നിരക്കിലാണ് വെള്ളിയാഴ്ച രോഗബാധ വര്‍ധിച്ചത്. വ്യാഴാഴ്ച ഇത് എട്ടു ശതമാനമായിരുന്നു.

ഫ്രാന്‍സില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 45000 ഓളമെത്തി. ആകെ മരണം 3024 ആണ്.

യുകെയില്‍ സ്ഥിതി വീണ്ടും വഷളാവുകയാണ്.പുതിയ കേസുകള്‍ 2700 ഓളം ആയി. രോഗബാധിതരുടെ എണ്ണം 22,000 കടന്നു. അവിടെ ഒരു 19 കാരി ഉള്‍പ്പടെ മരണം 1798 കടന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ ആകെ മരണം 395 ആയി.രോഗബാധിതരുടെ എണ്ണം 17000 ഓളമെത്തി.

ആഗോള തലത്തില്‍ 804061 പേര്‍ക്ക് രോഗം ബാധിച്ചതായും മരണ സംഖ്യ 39074 ആയും 172 435 പേര്‍ സുഖം പ്രാപിച്ചതായും വെളിപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക