Image

കോവിഡ് 19: അവശ്യ ഉപകരണ ഉല്‍പാദനത്തിന് യുകെ ഫോര്‍മുല വണ്‍ ടീമുകള്‍

Published on 31 March, 2020
 കോവിഡ് 19: അവശ്യ ഉപകരണ ഉല്‍പാദനത്തിന് യുകെ ഫോര്‍മുല വണ്‍ ടീമുകള്‍


ലണ്ടന്‍: ദേശീയ ആവശ്യങ്ങള്‍ക്കനുസൃതമായി ശ്വസന ഉപകരണങ്ങള്‍ നിര്‍മിക്കാനും ആരോഗ്യ മേഖലയില്‍ ആവശ്യമുള്ള ഇതര ഉപകരണങ്ങള്‍ക്കായുള്ള ഉല്‍പ്പാദനത്തിലും യുകെ വ്യാപകമായ വ്യവസായ ശ്രമത്തിന്റെ ഭാഗമായ 'പ്രോജക്ട് പിറ്റ്ലെയ്ന്‍'ല്‍ കൈകോര്‍ക്കാന്‍ ഏഴ് ഫോര്‍മുല വണ്‍ ടീമുകളുടെ സംയോജിത സഹകരണം യുകെ ഗവണ്‍മെന്റിനു വാഗ്ദാനം ചെയ്തു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റെഡ് ബുള്‍ റേസിംഗ്, ബിഡബ്ല്യുടി റേസിംഗ് പോയിന്റ് എഫ് വണ്‍ ടീം, ഹാസ് എഫ് വണ്‍ ടീം, മക്ലാരന്‍ എഫ് വണ്‍ ടീം, മെഴ്‌സിഡസ്-എഎംജി പെട്രോനാസ് എഫ് വണ്‍ ടീം, റിനോ ഡിപി വേള്‍ഡ് എഫ് വണ്‍ ടീം, റോക്കിറ്റ് വില്യംസ് റേസിംഗ് എന്നീ ടീമുകളാണ് സംയുക്ത സംരംഭത്തില്‍ ആരോഗ്യമേഖലക്കു കരുത്തേകുക.

യുകെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ആഹ്വാനത്തെത്തുടര്‍ന്നു ഫോര്‍മുല വണ്‍ ടീമുകള്‍ 'പ്രോജക്റ്റ് പിറ്റ്ലെയ്‌നില്‍ ' മൂന്ന് വര്‍ക്ക് സ്ട്രീമുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും. 'വെന്റിലേറ്റര്‍ ചലഞ്ച്' യുകെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി നിലവിലുള്ള വെന്റിലേറ്റര്‍ ഡിസൈനുകളെ ലഘൂകരിക്കുവാനും സര്‍ട്ടിഫിക്കേഷനും തുടര്‍ന്നുള്ള ഉല്‍പാദനത്തിനുമായി, റിവേഴ്‌സ് എന്‍ജിനീയറിംഗ് നിലവിലുള്ള സാങ്കേതിക മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ഉപകരണത്തിന്റെ നിര്‍മാണമാണ് രൂപകല്‍പ്പന ചെയ്യുക.

'പ്രോജക്റ്റ് പിറ്റ്ലെയ്ന്‍' അതിന്റെ അംഗ ടീമുകളുടെ റിസോഴ്‌സുകളും വൈദഗ്ധ്യവും ഏറ്റവും മികച്ച രീതിയില്‍ സജ്ജമാക്കി എഫ് വണ്‍ എന്‍ജിനിയറിംഗ് വിദഗ്ധമായ മേല്‍നോട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവും ഉത്പാദനം നടത്തുക. ദ്രുത രൂപകല്‍പ്പന, പ്രോട്ടോടൈപ്പ് നിര്‍മാണം, ടെസ്റ്റ്, അസംബ്ലി, എന്‍ജിനീയറിംഗ് തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ പെട്ടെന്നുള്ള പരിഹാരം കാണുവാനുള്ള എഫ് വണ്ണിന്റെ അതുല്യമായ സാങ്കേതിക വൈദഗ്ദ്യം സമാനമായി ഉല്‍പ്പാദനം നടത്തുവാന്‍ പോകുന്ന ഇതര എന്‍ജിനീയറിംഗ് വ്യവസായ മേഖലകള്‍ക്കും സഹായകം ആകുമെന്നാണ് കരുതുന്നത്.

പ്രോജക്റ്റ് പിറ്റ്ലെയ്‌നിന്റെ ശ്രദ്ധ ഇപ്പോള്‍ കൊറോണവൈറസ് ഉയര്‍ത്തുന്ന വ്യക്തമായ വെല്ലുവിളികളെ മറികടക്കുവാനുള്ള പരിഹാരം കണ്ടെത്തുന്നതിനാവും. COVID-19 പാന്‍ഡെമിക് ഉയര്‍ത്തുന്ന സങ്കീര്‍ണമായ വെല്ലുവിളികള്‍ക്ക് ദ്രുതവും നൂതനവുമായ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ ആവശ്യമുള്ള ഇതര ഉപകരണങ്ങള്‍ക്കുള്ള ഉല്‍പ്പാദനത്തിലും ശ്രദ്ധ ചെലുത്തും. എഫ് വണ്‍ ടീമുകള്‍ സംയുക്തമായി കൈകോര്‍ത്തത് ഏറെ പ്രതീക്ഷയാണ് യു കെ യുടെ ആരോഗ്യ രംഗത്തിനു നല്‍കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുകെ ആസ്ഥാനമായുള്ള ഏഴ് ഫോര്‍മുല വണ്‍ ടീമുകളുടെ കൂട്ടായ്മ വെന്റിലേറ്റര്‍ രൂപകല്‍പ്പനചെയ്യുന്നതിലും ഉല്‍പ്പാദനം ഏകോപിപ്പിക്കുന്നതിലും കാര്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞതായി എഫ് വണ്‍ സിഇഒ ചേസ് കാരി പ്രസ്താവിച്ചു.

COVID-19 രോഗികളുടെ ചികിത്സക്കായി മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം ത്വരിത ഗതിയില്‍ നടത്താന്‍ കഴിയുമെന്നും NHS ന്റെ മൊത്തം ആവശ്യകതയുടെ പകുതിയോളം കൈവരിക്കുവാന്‍ ഈ സംരംഭത്തിലൂടെ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക