Image

ലോക രാഷ്ട്രങ്ങളില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കും: മുഖ്യമന്ത്രി

Published on 31 March, 2020
ലോക രാഷ്ട്രങ്ങളില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം :ലോക രാഷ്ട്രങ്ങളില്‍തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മലയാളി നഴ്‌സുമാരുടെ സാന്നിധ്യം വലുതാണ്. അവരാണ് ആശങ്ക അറിയിക്കുന്നത്. ഇതു കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നു   മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ നഗരങ്ങളില്‍നിന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കേരളീയര്‍ ഭീതി കാരണം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ടു പേര്‍ വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണു മരിച്ചതെന്നും

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. 1,63,129 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ലാബുകള്‍ കൂടുതല്‍ സാംപിള്‍ എടുക്കാന്‍ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാന്‍ കഴിയുന്നു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.

ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്‍കി.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്!ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കു പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് ഇതില്‍ വിശദമായ പരിശോധന നടത്തി. വേണ്ട മുന്‍കരുതല്‍ സ്വീകരിക്കും. സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. എന്നും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക്‌ശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും റേഷന്‍ നല്‍കും. കടയില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥകള്‍ പോലുള്ളവ സ്വീകരിക്കും.

ഈ മാസം റേഷന്‍ വിതരണം കൂടുതല്‍ അളവിലാണ്. ബുദ്ധിമുട്ടുണ്ടാക്കാതെ വാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടണം. സന്നദ്ധ പ്രവര്‍ത്തകര്‍ അന്ത്യോദയ വിഭാഗക്കാര്‍, മുന്‍ഗണന വിഭാഗക്കാര്‍ എന്നിവര്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. തനിയെ താമസിക്കുന്നവര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വീടുകളില്‍ റേഷന്‍ എത്തിക്കാന്‍ തയാറാകണം. സത്യസന്ധതയോടും സുതാര്യതയോടും കൂടി ഇതു ചെയ്യണം. എന്നാലും റേഷന്‍ കടകളില്‍ തിരക്കിന് സാധ്യതയുണ്ട്. അതു തടയാന്‍ ചില ക്രമീകരണങ്ങള്‍ നടത്തണം.

കാര്‍ഡ് നമ്പര്‍വച്ച് വിതരണം ചെയ്യണം. ബുധനാഴ്ച പൂജ്യം ഒന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പരുകാര്‍ക്കായിരിക്കും. ഏപ്രില്‍ രണ്ടിന് 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്. മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്, അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ വാങ്ങാം. അഞ്ച് ദിവസം കൊണ്ട് എല്ലാവര്‍ക്കും റേഷന്‍ നല്‍കാന്‍ കഴിയും. അല്ലാത്തവര്‍ക്കു പിന്നീടു വാങ്ങാന്‍ സാധിക്കാം.

കോഴി, താറാവ്, കന്നുകാലി, പന്നി എന്നിവയ്ക്ക് തീറ്റയ്ക്ക് പ്രശ്‌നമുണ്ട്. ഇതിന് പ്രാദേശിക ഇടപെടലിന് നിര്‍ദേശം നല്‍കി. ഏപ്രില്‍ ഒന്നിന് മറ്റുള്ളവരെ കളിയാക്കുകയും പറ്റിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇത്തവണ തെറ്റായ ഒരു കാര്യവും പ്രചരിപ്പിക്കാന്‍ പാടില്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ വിവരങ്ങള്‍ ശേഖരിക്കും. എഡ!ിജിപിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്യുക. 48 മണിക്കൂറില്‍ നടപ്പാക്കും.

തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ക്കു നല്‍കും. തൊഴില്‍ വകുപ്പിന്റെ 2 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികള്‍ രണ്ട് തരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടവരും. ഭക്ഷണവും മറ്റു കാര്യങ്ങളും നല്‍കുമ്പോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഒഴിവാകരുത്. ഇവര്‍ക്കും മാന്യമായ ഭക്ഷണം വേണം. വീഴ്ച വരരുത്– മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക