Image

ഡോക്ടറുടെ കുറിപ്പ‌ടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി

Published on 31 March, 2020
 ഡോക്ടറുടെ കുറിപ്പ‌ടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിലനിൽ‌ക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പ‌ടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി. സർക്കാർ ഡോക്ടർ നൽകുന്ന കുറിപ്പടിയുള്ളവർക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽ എക്സൈസ് ഇത് ബെവ്കോയ്ക്കു കൈമാറും. മൂന്ന് ലീറ്റർ മദ്യം ബെവ്കോ അപേക്ഷകരുടെ വീട്ടിലെത്തിക്കും.
   റമ്മിനും ബ്രാൻഡിക്കുമാണ് കൂടുതൽ അപേക്ഷകരുള്ളത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആശയക്കുഴപ്പം നിലനിന്നിരുന്നു. വ്യക്തമായ മാർഗ നിർദേശം പുറത്തു വന്നശേഷം അപേക്ഷകൾ പരിഗണിച്ചാൽ മതിയെന്നായിരുന്നു എക്സൈസ് തീരുമാനം. ഇന്ന് എറണാകുളത്തും അങ്കമാലിയിലും വാരാപ്പുഴയിലും പാലക്കാട്ടും ഡോക്ടർമാരുടെ കുറിപ്പടികളുമായി ആവശ്യക്കാരെത്തി. എന്നാൽ എറണാകുളത്ത് എത്തിയ അപേക്ഷകൻ സമർപ്പിച്ചത് റിട്ടയർ ചെയ്ത ഡോക്ടറുടെ കുറിപ്പടിയാണെങ്കിൽ പലരും സമർപ്പിച്ചത് സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികൾ. 
          എന്നാൽ ഇവയൊന്നും പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായാണു വിവരം. ഡോക്ടറുടെ കുറിപ്പടിയിൽ ‘ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രം’ എന്ന് എഴുതി നൽകിയാൽ മതി എന്നാണു സർക്കാർ ഉത്തരവിലുള്ളത്.എന്നാൽ ഇതിന്റെ തുടർ നടപടികളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എത്ര ദിവസത്തേയ്ക്കു നൽകണമെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. തുടർന്നാണ് മാർഗരേഖ പുറത്തിറങ്ങിയത്.വ്യാജ കുറിപ്പടികൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ലഭിക്കേണ്ടതുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക