Image

ഒബാമയും റോംനിയും ഒപ്പത്തിനൊപ്പമെന്ന് സര്‍വെ; മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തു

Published on 22 May, 2012
 ഒബാമയും റോംനിയും ഒപ്പത്തിനൊപ്പമെന്ന് സര്‍വെ;  മോട്ടോറോളയെ  ഗൂഗിള്‍  ഏറ്റെടുത്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിയിരിക്കെ ജനപിന്തുണയില്‍ പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച മിറ്റ് റോംനിയും ഒപ്പത്തിനൊപ്പമെന്ന് പുതിയ സര്‍വെ. വാഷിംഗ്ടണ്‍ പോസ്റ്റ്/എബിസി ന്യൂസ് സര്‍വെ അനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് 49 ശതമാനം പേര്‍ ഒബാമയെ പിന്തുണയ്ക്കുമ്പോള്‍ 46 ശതമാനം പേരുടെ പിന്തുണ ഉറപ്പാക്കി റോംനി തൊട്ടുപുറകിലുണ്ട്. സമ്പദ്‌വ്യവസ്ഥ ആര്‍ക്കാണ് കൂടുതല്‍ ഭംഗിയായി കൈകാര്യം ചെയ്യാനാവുക എന്ന കാര്യത്തില്‍ 47 ശതമാനം പേര്‍ ഇരുവരെയും ഒരുപോലെ പിന്തുണയ്ക്കുന്നു.

എന്നാല്‍ സ്വഭാവശുദ്ധിയുടെ കാര്യത്തിലും സ്ത്രീകള്‍ക്കിടയിലും ഒബാമ തന്നെയാണ് ജനപ്രിയനെന്ന് സര്‍വെ പറയുന്നു. സ്വഭാവശുദ്ധിയുടെ കാര്യത്തില്‍ 52 ശതമാനംപേര്‍ ഒബാമയെ പിന്തുണയ്ക്കുമ്പോള്‍ 38 ശതമാനംപേരുടെ പിന്തുണ മാത്രമെ റോംനിയ്ക്കുള്ളു. വനിതകളില്‍ 51 ശതമാനം പേര്‍ ഒബാമയെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം പേരാണ് റോംനിയെ പിന്തുണയ്ക്കുന്നത്. സാമ്പത്തികരംഗത്തെ തകര്‍ച്ചയാണ് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സര്‍വെയില്‍ പങ്കെടുത്ത 52 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മോട്ടോറോളയെ 
ഗൂഗിള്‍  ഏറ്റെടുത്തു

ന്യൂയോര്‍ക്ക്: യുഎസ് ഫോണ്‍ നിര്‍മാതാക്കളായ മോട്ടറോളയെ ഗൂഗിള്‍ ഏറ്റെടുത്തു. ഏറ്റെടുക്കലിന് ചൈനീസ് സര്‍ക്കാരിന്റെ കൂടി അനുമതി കൂടി ലഭ്യമായതോടെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. 12.5 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ ധാരണ അനുസരിച്ച് ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡ് മറ്റു മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് അഞ്ചുവര്‍ഷം കൂടി സൗജന്യമായി ലഭ്യമാക്കണം. ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഗൂഗിള്‍ ഏറ്റെടുത്തതോടെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളിലെ മുന്‍നിരക്കാരായ മോട്ടോറോള ടാബ്‌ലറ്റ് വിപണിയിലേക്കുകൂടി പ്രവേശിക്കും. മോട്ടോറോളയുടെ മൊബിലിറ്റി ഡിവിഷന്‍ ഏറ്റെടുത്തതോടെ അവരുടെ കൈവശമുള്ള 17,000 പേറ്റന്റുകള്‍ കൂടി ഗൂഗിളിന് സ്വന്തമാവും.

ഫേസ്ബുക്ക് ഓഹരിവില ഇടിയുന്നു 

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഓഹരിയോട് കൂടുതലാളുകള്‍ ഡിസ്‌ലൈക്ക് പ്രഖ്യാപിച്ചതോടെ ഓഹരിവില മൂക്കുകുത്തി താഴെവീണു. ഇന്നലെ നാസ്ഡാക് ഓഹരിവിപണിയില്‍ 10.99 % വിലയിടിഞ്ഞ് ഫേസ്ബുക്ക് ഓഹരി 34.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നലെ മാത്രം ഓഹരിയിലുണ്ടായ വിലയിടിവ് 4.2018 ഡോളറാണ്. യുഎസ് ഓഹരിവിപണി മുന്നേറ്റം നടത്തിയ ദിവസമാണ് ഫേസ്ബുക്ക് ഓഹരിവില താഴേക്കു പതിച്ചതെന്നതു ശ്രദ്ധേയമാണ്. ഈ പോക്കു പോയാല്‍ ഫേസ്ബുക്ക് ഓഹരിവില എവിടെ വരെ താഴേക്കു പോവുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.

ഫേസ്ബുക്കിന്റെ ഫ്രണ്ടുകള്‍ എവിടെ എന്നാണ് ഓഹരിനിരീക്ഷകര്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വന്‍ ഇടിവാണ് ഫേസ്ബുക്ക് ഓഹരിവില ഇടിയുന്നതു മൂലം സംഭവിക്കുന്നത്. ഫേസ്ബുക്ക് ഓഹരി കഴിഞ്ഞ വെള്ളിയാഴ്ച 42.05 ഡോളറില്‍ വ്യാപാരം തുടങ്ങിയെങ്കിലും ക്രമേണ വിലയിടിഞ്ഞ് 38.23 ഡോളറില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഫേസ്ബുക്ക് ഓഹരിയുടെ ഓഫര്‍ പ്രൈസ് ആയി നിശ്ചയിക്കപ്പെട്ട വില 38 ഡോളര്‍ ആയിരുന്നു. അതില്‍ നിന്ന് അല്‍പം ഉയരത്തില്‍ ക്ലോസ് ചെയ്യാനായി എന്നു മാത്രം. എന്നാല്‍ തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഫേസ്ബുക്ക് ഓഹരി മൂക്കുകുത്തി വീണു.

1995ല്‍ നെറ്റ്‌സ്‌കേപ്പ് ഓഹരിയും 2004ല്‍ ഗൂഗിള്‍ ഓഹരിയും ലിസ്റ്റ് ചെയ്തപ്പോളുണ്ടായ ആവേശം ഫേസ്ബുക്ക് ഓഹരി ലിസ്റ്റ് ചെയ്തപ്പോള്‍ കണ്ടില്ല എന്നതും ശ്രദ്ധേയമാണ്. നെറ്റ്‌സ്‌കേപ്പ് ഓഹരി ആദ്യ ദിവസം തന്നെ ഇരട്ടിവിലയില്‍ അധികമായി. ഗൂഗിള്‍ ഓഹരിവില ആദ്യ ദിവസം തന്നെ 18% വര്‍ധിച്ചു. എന്നാല്‍ ഫേസ്ബുക്ക് ഓഹരി ആദ്യദിവസം തന്നെ നിക്ഷേപകര്‍ വിറ്റൊഴിയുന്നതാണു കണ്ടത്.

യുഎസിലെ ചില ധനകാര്യസ്ഥാപനങ്ങള്‍ ഫേസ്ബുക്ക് ഓഹരി ഷോര്‍ട്ട് ചെയ്യുന്നതാണ് (ആദ്യം വിറ്റ ശേഷം കുറഞ്ഞ വിലയ്ക്കു തിരിച്ചുവാങ്ങല്‍) വില ഇടിയുന്നതിനു കാരണമെന്നു പറയപ്പെടുന്നു. ഫേസ്ബുക്ക് തെറ്റായ സമയത്താണ് ഐപിഒയുമായി വന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെട്ട സമയത്ത് ഐപിഒ വന്നിരുന്നെങ്കില്‍ വില കുതിച്ചുകയറുമായിരുന്നു എന്നാണു വിലയിരുത്തല്‍.


നാറ്റോ വിരുദ്ധ പ്രക്ഷോഭകര്‍ ചിക്കാഗോയില്‍ വീണ്ടും പ്രകടനം നടത്തി


ചിക്കാഗോ: നാറ്റോ വിരുദ്ധ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ചിക്കാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസിന്റെ ക്രൂരമായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വീണ്ടും തെരുവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെ പൊലീസ് എഴുപത് പേരെ അറസ്റ്റ് ചെയ്യുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലന്‍ഡ് തുടങ്ങി അറുപതോളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. പിന്നീട് വ്യത്യസ്തമായ സമരപരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.

'ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്' എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ് ബോയിംഗ് സെന്ററിനു മുമ്പില്‍ നിലയുറപ്പിച്ചിരുന്നത്. 2014ന്‌ശേഷം അഫ്ഗാനില്‍നിന്നും നാറ്റോ പിന്‍വാങ്ങിയതിന് ശേഷമുള്ള കാര്യങ്ങളുടെ തീരുമാനമാണ് നാറ്റോഉച്ചകോടിയുടെ പ്രധാന അജണ്ട.

ഞായറാഴ്ച നടന്ന പ്രക്ഷോഭത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആളുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. തൊണ്ണൂറോളം പേര്‍ അറസ്റ്റിലായതായാണ് പോലീസ് പ്രതികരിച്ചത്. അതേസമയം, കഴിഞ്ഞാഴ്ച പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ഇന്ത്യന്‍ വംശജന് ഓണററി ഡോക്ടറേറ്റ്

ന്യൂജേഴ്‌സി: ഇന്ത്യന്‍ വംശജനും ഖത്തര്‍ ആസ്ഥാനമായ ദോഹ ബാങ്കിന്റെ സിഇഒയുമായ ആര്‍. സീതാരാമന് വാഷിംഗ്ടണ്‍ കോളേജിന്റെ ഓണററി ഡോക്ടറേറ്റ്. അമേരിക്കയിലെ മെരിലാന്‍ഡില്‍ നടന്ന ചടങ്ങില്‍ കോളേജിന്റെ പ്രസിഡന്റ് മിഷേല്‍ ബി. റീസ് ബിരുദം സമ്മാനിച്ചു. ആഗോള ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ സീതാരാമന്റെ നേതൃത്വത്തില്‍ ദോഹബാങ്ക് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നതിന് ബാങ്ക് എടുത്ത നടപടികള്‍, വാണിജ്യമേഖലയിലെ നേതാക്കള്‍ക്കായി നടത്തിയ സെമിനാറുകള്‍ തുടങ്ങിയവയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇവ പരിഗണിച്ച് സീതാരാമന് മീഡില്‍ ഈസ്റ്റ് സി.ഒ. ഓഫ് ദ ഇയര്‍ പുരസ്‌കാരം രണ്ടുതവണ ലഭിച്ചിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ ലോകപ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ക്ക് വാഷിംഗ്ടണ്‍ കോളേജ് ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് വാഷിംഗ്്ടണ്‍, ഫ്രാങ്ക്‌ലിന്‍ ഡി.റൂസ് വെല്‍ട്ട്, ഹാരി എസ്. ട്രൂമാന്‍, ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ്, നൊബേല്‍ ജേതാവ് ജെയിംസ് വാട്‌സണ്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി യുഎസ്

വാഷിംഗ്ടണ്‍: ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇറാനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് സെനറ്റ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ബഗ്ദാദില്‍ ബുധനാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് യുഎസിന്റെ ഈ നീക്കം. ഇറാനും ജര്‍മനി, ഫ്രാന്‍സ്, റഷ്യ, യുഎസ്, ബ്രിട്ടന്‍, ചൈന എന്നീ ആറ് രാഷ്ട്രങ്ങളുമായാണ് ബഗ്ദാദിലെ ചര്‍ച്ച.

ഇറാനിലെ റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇറാനുമായി സഹകരിക്കുന്ന ഊര്‍ജ കമ്പനികള്‍ക്ക് പിഴ ഈടാക്കാനുമുള്ള ബില്‍ സെനറ്റ് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. യുഎസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഇറാനുമായി സഹകരിക്കുന്നുണെ്ടങ്കില്‍ ആ വിവരം യുഎസ് സാമ്പത്തിക നിയന്ത്രണ കേന്ദ്രങ്ങളെ അറിയിക്കണമെന്നും ബില്‍ വിഭാവനം ചെയ്യുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക