Image

കൊറോണ വൈറസ് രോഗികള്‍ക്ക് ശ്വസന സഹായ സാങ്കേതികവിദ്യയുമായി യുകെ

Published on 30 March, 2020
 കൊറോണ വൈറസ് രോഗികള്‍ക്ക് ശ്വസന സഹായ സാങ്കേതികവിദ്യയുമായി യുകെ

ലണ്ടന്‍: യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ എന്‍ജിനിയര്‍മാര്‍, യുസിഎല്‍എച്ച്, മെഴ്സിഡസ് ഫോര്‍മുല വണ്‍ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐസിയുവിന്റെ സഹായമില്ലാതെ ഉപയോഗിക്കാവുന്ന ഒരു ശ്വസന സഹായ ഉപകരണം യുകെ എന്‍ജിനിയര്‍മാര്‍ പുറത്തിറക്കി. വെന്റിലേറ്ററിന്റെ ആവശ്യമില്ലാതെ തന്നെ ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്‌സിജന്‍ എത്തിക്കുവാന്‍ ഈ ഉപകരണത്തിനു സാധിക്കും.

കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനായി സ്ലീപ് അപ്നിയയും കൂര്‍ക്കം വലിയും കൈകാര്യം ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്ന ശ്വസന യന്ത്രങ്ങളുടെ ഒരു പുതിയ രൂപ ഘടനയും സാങ്കേതിക വിദ്യയും ചേര്‍ന്നതാണ് ഈ ഉപകരണം. സിഎപിപി എന്നറിയപ്പെടുന്ന തുടര്‍ച്ചയായ പോസിറ്റീവ് എയര്‍വേ പ്രഷര്‍ മെഷീനുകള്‍ ഓക്‌സിജന്‍ അടങ്ങിയ വായു ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നു, വെന്റിലേറ്ററുകളേക്കാള്‍ വളരെ വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ ഒരു ബദല്‍ സംവിധാനമാണ്. ഇത് ഉപയോഗിക്കുന്ന രോഗികള്‍ക്ക് തീവ്രപരിചരണത്തില്‍ കിടത്തേണ്ട ആവശ്യമില്ല.

തുടര്‍ച്ചയായ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (സിഎപിപി) ടെക്‌നോളജി ഉപയോഗിച്ചുള്ള ഓക്‌സിജന്‍ തള്ളുന്ന ഈ ഉപകരണങ്ങള്‍ ഇതിനകം ആശുപത്രികളില്‍ നിര്‍മിച്ചു നല്‍കി പരീക്ഷണ ഘട്ടത്തിലാണ്. പുതിയ നാല്‍പത് ഉപകരണങ്ങള്‍ യുഎല്‍സിഎച്ചിലേക്കും മറ്റു മൂന്ന് ലണ്ടന്‍ ആശുപത്രികളിലേക്കും എത്തിച്ചു കഴിഞ്ഞു. ട്രയലുകള്‍ ശരിയായ ദിശയില്‍ നടക്കുന്നുവെങ്കില്‍, ഒരാഴ്ചയ്ക്കുള്ളില്‍ ഉത്പാദനം ആരംഭിക്കാനുദ്ദേശിക്കുന്ന മെഴ്സിഡസ്-എഎംജി-എച്ച്പിപിക്ക് സംയുക്ത പ്രോജക്ടില്‍ പ്രതിദിനം 1,000 വരെ സിഎപിപി മെഷീനുകള്‍ നിര്‍മിക്കാന്‍ കഴിയും എന്നത് ലോകത്തിനു വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ഇതിനകം തന്നെ അവയുടെ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നത് ടെക്‌നോളജിയുടെ അംഗീകാരത്തെയാണ് ചൂണ്ടിക്കാണിക്കുക.

അതേസമയം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്റന്‍സീവ് കെയര്‍ മെഡിസിന്‍ പ്രഫ. ഡങ്കന്‍ യംഗ്, ' ശ്വാസകോശ സംബന്ധമായ അണുബാധയുള്ള രോഗികളില്‍ സിഎപിപി മെഷീനുകള്‍ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെയാവണം. കാരണം മാസ്‌കിനു ചുറ്റും ചെറിയ ചോര്‍ച്ച ഉണ്ടായാല്‍ ക്ലിനിക്കല്‍ സ്റ്റാഫുകളുടെമേല്‍ സ്രവങ്ങള്‍ തെറിക്കുവാന്‍ സാധ്യതയേറെയാണ്.

മാസ്‌കില്‍ ഒരു ഇറുകിയ സീല്‍ ഘടിപ്പിച്ചാലോ, ഹെല്‍മെറ്റ് ധരിക്കുകയോ അല്ലെങ്കില്‍ ക്ലിനിക്കല്‍ സ്റ്റാഫിന് ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ധരിച്ചാലോ,ഈ അപകടസാധ്യത കുറയ്ക്കുമെന്ന് പ്രഫ. മെര്‍വിന്‍ സിംഗര്‍ പറഞ്ഞു.

പുതിയ മെഷീനുകളുടെ ഉത്പാദനത്തില്‍ സഹകരിക്കുവാനുള്ള അഭ്യര്‍ഥനയോടു ഫോര്‍മുല വണ്‍ കമ്യൂണിറ്റി സന്തോഷമായി പ്രതികരണം പ്രകടിപ്പിച്ചുവെന്ന് മെഴ്സിഡസ്-എഎംജി ഹൈ പെര്‍ഫോമന്‍സ് പവര്‍ട്രെയിനുകളുടെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡി കോവല്‍ പറഞ്ഞു.'ഏറെ അഭിമാനം തോന്നുന്ന ഈ ഉദ്യമത്തില്‍ ഉയര്‍ന്ന നിലവാരത്തിലും സമയപരിധിക്കുള്ളിലും നിര്‍മിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധവുമാണ്. '

ഓക്സ്ഫോര്‍ഡ് ഒപ്‌ട്രോണിക്സ് എന്ന ചെറുകിട ബിസിനസും ഈ ഉപകരണത്തിനായി ഓക്സിജന്‍ മോണിറ്ററുകള്‍ നിര്‍മിക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക