Image

അവർ അതിഥി തൊഴിലാളികൾ അല്ല: വിഷ്ണുനാഥ്

Published on 30 March, 2020
അവർ അതിഥി തൊഴിലാളികൾ അല്ല: വിഷ്ണുനാഥ്
വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ആദരപൂര്‍വം എന്ന വ്യാഖ്യാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇപ്പോള്‍ പ്രയോഗിക്കുന്ന 'അതിഥി തൊഴിലാളി' പരാമര്‍ശം കടുത്ത വിവേചനപരമാണ്; ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു നേരെ സമൂഹ മധ്യമങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ വംശീയ-പ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോള്‍ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണം.

ഒരു മലയാളി ഡല്‍ഹിയിലോ തമിഴ്‌നാട്ടിലോ കൊല്‍ക്കത്തയിലോ ബംഗാളിലോ മഹാരാഷ്ട്രയിലോ ജോലി ചെയ്യാന്‍ പോകുന്നത് അവിടുത്തെ 'അതിഥി തൊഴിലാളി' ആയിട്ടല്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ മനസിലാക്കണം; ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അയാള്‍ക്ക് കൂടി അവകാശപ്പെട്ട, സ്വത്തുള്‍പ്പെടെ ആര്‍ജിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്ന ഇന്ത്യയിലെ ഒരു പ്രദേശത്തേക്കാണ് അവര്‍ എത്തിയത്.

തിരിച്ച്, ബംഗാളുകാരനോ തമിഴ്‌നാട്ടുകാരനോ ബിഹാറുകാരനോ കേരളത്തിലേക്ക് ജോലിക്കു വരുന്നത് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമായ മണ്ണിലേക്കാണ്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവന് ഭക്ഷണം കൊടുക്കുക, തൊഴില്‍-ജീവിത സുരക്ഷ നല്‍കുക, ആശുപത്രി സേവനം നല്‍കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്; ആരുടേയും ഔദാര്യമോ കാരുണ്യമോ അല്ല.

ഒരു കാസര്‍കോടുകാരന് മംഗലാപുരത്തേക്ക് പോവണമെന്നുള്ളത് യെഡിയൂരപ്പയുടെ ഔദാര്യത്തിന്റെയും കാര്യമല്ല; കാരണം കര്‍ണാടകയുടെ അതിഥിയല്ല കാസര്‍കോടുകാരന്‍; ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമാണ് മംഗലാപുരം. അവിടെ റോഡില്‍ മണ്ണിട്ട് സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് ഒരു ഭരണാധികാരിക്കും ഇന്ത്യന്‍ ഭരണഘടന അധികാരവും അവകാശവും നല്‍കുന്നില്ല. 'അന്യസംസ്ഥാനം' എന്ന സ്ഥിരം പരാമര്‍ശത്തിലെ രാഷ്ട്രീയ ശരികേട് എന്തെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. ഇന്ത്യയില്‍ ആരും ആര്‍ക്കും അന്യരല്ല..

എന്റെ പൗരത്വം ഇന്ത്യന്‍ എന്നാണെങ്കില്‍ പശ്ചിമബംഗാള്‍ എനിക്ക് കൂടി അവകാശപ്പെട്ടതാണ്; അവിടെ യാതൊരു വിവേചനവും കൂടാതെ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. അവിടുത്തെ സര്‍ക്കാര്‍ എന്നെ അതിഥിയായാണ് കാണുന്നതെങ്കില്‍ എനിക്കാ മണ്ണില്‍ അവകാശമില്ലെന്നാണര്‍ത്ഥം; അതിഥിയും ആതിഥേയരും ഒരേ രാജ്യത്തെ പൗരനെ സംബന്ധിച്ച് എത്ര വിവേചനപരവും മണ്ണിന്റെ മക്കള്‍ വാദം പോലെ പ്രാദേശികബോധത്തെ ഉത്തേജിപ്പിക്കുന്നതും വംശീയചിന്ത വളര്‍ത്തുന്നതുമാണെന്ന വിശാലമായ പൊതുകാഴ്ചപ്പാട് നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടാവട്ടെ....

#ഒരേയൊരിന്ത്യ_ഒരൊറ്റ_ജനത
Join WhatsApp News
JACOB 2020-03-30 14:02:11
There are two kinds of people: The comfortable and the expendable. The expendable do not have a voice because they have no voting rights in Kerala. I understand things are moving so fast no one has a perfect answer.
All Indians are ..... 2020-03-30 16:58:08
ഇതര സംസ്ഥാന തൊഴിലാളികളോട് എന്തിനാണ് ഇത്തരം അയിത്തം കാണിക്കുന്നത്? പൊള്ളയായ അഹംകാരവും അഹന്തയും അല്ലേ മലയാളികൾ കാണിക്കുന്നത്. കേരളീയർ ഇന്നത്തെ സ്ഥിതിയിൽ സാമ്പത്തികമായി ഉയർന്നതിൻ്റെ കാരണം കേരളീയർ മറ്റു സംസ്ഥാങ്ങളിലും അന്യ രാജ്യങ്ങളിലും പോയി ജോലി ചെയ്തത് കൊണ്ട് അല്ലേ. ഇന്ന് കേരളത്തിലെ മിക്കവാറും വീടുകളിൽ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ കേരളീയർ ജോലി ചെയ്തു പണം കൊണ്ടുവരുന്നു. കേരളീയർ കാണിക്കുന്ന അയിത്തം മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും അനുകരിച്ചാൽ !- ചിന്തിക്കുക. - All Indians are my brothers & Sisters- what happened to that?- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക