Image

പുകവലിക്കാര്‍ ജാഗ്രതപാലിക്കണം; കോവിഡ് രോഗ സാധ്യത കൂട്ടും

Published on 30 March, 2020
പുകവലിക്കാര്‍ ജാഗ്രതപാലിക്കണം; കോവിഡ് രോഗ സാധ്യത കൂട്ടും
കോവിഡ് ആശങ്കകള്‍ക്കിടെ കൊറോണ വൈറസും സിഗററ്റും തമ്മില്‍ ബന്ധമുണ്ടോയെന്ന സംശയം പുകയുന്നു. പുകവലി ശീലം ഏതു രോഗത്തെയും ഗുരുതരമാക്കുമെന്നിരിക്കെ ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡിനെ കൂടുതല്‍ മാരകമാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

പുകവലി ശീലമുള്ളവര്‍ക്കും അതവസാനിപ്പിച്ചവര്‍ക്കും എത്രമാത്രം രോഗസാധ്യതയെന്നതിനെക്കുറിച്ചു വ്യക്തമായ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും പുകവലിശീലമുള്ളവര്‍ക്ക് രോഗം മൂര്‍ഛിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുകവലിക്കുന്നതും വലിക്കുന്ന രീതിയും ഒരുപോലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഹാനികരമാണെന്ന് കരാമ ആസ്റ്റര്‍ ക്ലിനിക്കിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ.ശ്രീകുമാര്‍ ശ്രീധര്‍ മേനോന്‍ പറഞ്ഞു.

പൊതുവേ പുകവലിക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറവായിരിക്കും. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് (സിഒപിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശ്വസന തടസം, ചുമ, കഫക്കെട്ട് എന്നിവയും ലക്ഷണങ്ങളാണ്. ക്രമേണ ഇതു ഗുരുതരമാകാം. ഇതു കോവിഡ്, ന്യുമോണിയ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശ്വാസകോശ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതമാകും.

ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗം എന്നിവയ്ക്കു മരുന്നു കഴിക്കുന്നവര്‍ക്കു രോഗസാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

പുകവലിക്കുന്നവരില്‍ അല്ലാത്തവരേക്കാള്‍ രോഗസാധ്യത 14 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങളായി പുകവലിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി വയോധികരുടേതിനേക്കാള്‍ ദുര്‍ബലമാകും. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുമായി സംസര്‍ഗം കുറയ്ക്കുന്നതാണ് സുരക്ഷിതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക