Image

കൊറോണയ്ക്ക് മരുന്ന് വരുന്ന വഴി (ഡോ.സുൽഫി നൂഹു)

Published on 29 March, 2020
കൊറോണയ്ക്ക് മരുന്ന് വരുന്ന വഴി (ഡോ.സുൽഫി നൂഹു)
ഐക്യദാർഢ്യ മരുന്ന്‌ പരീക്ഷണവുമായി ലോകരാഷ്ട്രങ്ങൾ!

അതിലേക്ക് വരുന്നതിനുമുമ്പ് ചില പുരാണങ്ങൾ ഒന്നുകൂടി വിളമ്പാം
ഒരു പുതിയ മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ളവഴിയല്ല തന്നെ.

മരുന്നുകൾ കണ്ടെത്തുവാൻ വളരെ ദീർഘനാൾ നിൽക്കുന്ന പ്രയത്നവും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അത്യാവശ്യമാണ്
പല അസുഖങ്ങൾക്കും മുൻകാലങ്ങളിൽ വന്നിട്ടുള്ള മരുന്നുകളൊക്കെതന്നെ ഇത്തരം പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമായതാണ്.

പലപ്പോഴും പുതിയ അസുഖങ്ങൾ വരുമ്പോൾ പുതിയ മരുന്ന് കണ്ടുപിടിച്ചു എന്ന രീതിയിൽ ചില വാർത്തകൾ കാട്ടുതീ പോലെ പടർന്നു പിടിക്കാറുണ്ട് .
അത്തരം വാർത്തകൾ ഒട്ടും കുറവല്ല ഇപ്പോൾ.
ചില വാർത്തകളിൽ എയ്ഡ്സിന്റെ മരുന്നും മറ്റു ചിലതിൽ ഇൻറർ ഫെറോൺ മരുന്നും തുടങ്ങി വാർത്തകൾ സുലഭം
മരുന്നു കണ്ടുപിടിക്കുന്നതിന് വഴികൾ എന്ത് എന്ന് നമുക്ക് നോക്കാം

ഘട്ടം 0

പത്തോ പതിനഞ്ചോ മനുഷ്യരിൽ മരുന്നുകൾ നൽകുന്നു.

അതിൽ മരുന്നുകൾ ശരീരത്തിൽ എന്തു ചെയ്യുന്നുവെന്നും ശരീരം മരുന്നിനെ എന്തു ചെയ്യുന്നുവെന്നും ഫാർമകൊ ഡൈനാമിക് ,ഫർമക്കോ കൈനെറ്റിക്സ് എന്നിവ പഠിക്കുന്നു.

ഇതിൽ ചെറിയ ഫലം എങ്കിലും ഉണ്ടെന്ന് കാണുമ്പോഴാണ് അടുത്ത ഘട്ടം

ഘട്ടം 1

ഇത് മരുന്നുകൾ സുരക്ഷിതമാണോ എന്ന് പരീക്ഷിക്കുന്ന ഘട്ടമാണ് .
ഈ ഘട്ടത്തിൽ മരുന്നിൻറെ പ്രായോഗികമായ അളവിൽ മരുന്ന് സുരക്ഷിതമാണോ എന്നാണു പ്രധാനമായും നോക്കുക
നൂറിൽ താഴെ ആൾക്കാരിൽ പരീക്ഷിക്കുന്നു.

ഘട്ടം 2

മരുന്നിന് ഗുണമുണ്ടോ പരീക്ഷിക്കുന്ന ഘട്ടം. ഈ ഘട്ടത്തിൽ പ്ലാസിബോ എന്നുപറയുന്ന ഒരു ഗുണവുമില്ലാത്ത ഒരു വസ്തു മരുന്നെന്ന പേരിൽ ഒരു വിഭാഗത്തിന് നൽകി മറ്റൊരു വിഭാഗത്തിന് ന മരുന്നും നൽകി മരുന്നിനുള്ള ഗുണം പരിശോധിക്കുന്നു .
നൂറിനു മുകളിൽ ആൾക്കാർ ഇതിലുൾപ്പെടും

ഘട്ടം 3

ഇതാണ്‌ ഏറ്റവും പ്രാധാന്യമുള്ളത്. മരുന്ന് ഉപയോഗപ്രദമാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന ഘട്ടം .
ആയിരത്തിൽ മുകളിൽ ആൾക്കാരിൽ മരുന്ന് നൽകി മരുന്നിൻറെ ശക്തി മരുന്നിൻറെ ഗുണം മുതലായവ മനസ്സിലാക്കുന്നു

ഘട്ടം 4
ആൾക്കാർ മരുന്നുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോൾ അതിൽ വരുന്ന വ്യതിയാനങ്ങളും ദോഷങ്ങളും വിലയിരുത്തുന്ന ഘട്ടം
അങ്ങനെ ഈ ഘടകങ്ങളെല്ലാം കടന്നുവേണം മരുന്ന് മരുന്നായി മാറാൻ.
അതിനുമുൻപ് അത്ഭുത മരുന്നുകൾ ഒന്നും തന്നെയില്ല

അസുഖം വരും മുൻപ് മരുന്നുണ്ടെന്ന് പറയുന്ന ഇതര വൈദ്യ വിഭാഗക്കാരും ഇതൊക്കെ ശുദ്ധ തട്ടിപ്പാണ് എൻറെ കയ്യിൽ ഒറ്റമൂലിയുണ്ട് എന്നുപറയുന്ന വ്യാജ വൈദ്യന്മാർക്കും വീണ്ടും നല്ല നമസ്കാരം.
ഇപ്പോൾ ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചിരിക്കുന്ന സോളിഡാരിറ്റി ട്രയൽ അല്ലെങ്കിൽ ഐക്യദാർഢ്യ പരീക്ഷണം
ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളിൽ നടക്കുന്നു

നാല് മരുന്നുകളുടെ ഒരു കൂട്ടായ്മയാണ് ഈ പരീക്ഷണം.
ഫേസ് ത്രീ പരീക്ഷണമാണ് .
ഈ ഫേസ് ത്രീ ഘട്ടം വിജയിച്ചാൽ യുദ്ധത്തിലെ ഒരു വലിയ വിജയം നമുക്ക് മുന്നിൽ കാണാം .
ഇന്നലെ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ പറഞ്ഞമാതിരി വാക്സിൻ എത്തുവാൻ ഇനിയും ഒരു കൊല്ലത്തിലേറെ എടുക്കും
സിംഗപ്പൂർ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ പോലെ ഇത് യുദ്ധത്തിൻറെ ആദ്യ നാളുകൾ.

ഈ ആദ്യനാളുകളിലെ ചെറിയ പരാജയങ്ങൾ, മരണങ്ങൾ നാം സധൈര്യം നേരിടണം
ഐക്യദാർഢ്യ പരീക്ഷണം വിജയിക്കട്ടെ
നമ്മുടെ യുദ്ധത്തിന് വജ്രായുധം ലഭിക്കട്ടെ
യുദ്ധം ജയിക്കും
ഉറപ്പാണ് .

കൊറോണയ്ക്ക് മരുന്ന് വരുന്ന വഴി (ഡോ.സുൽഫി നൂഹു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക