Image

പോമര്‍ബാഷ് കുറ്റം സമ്മതിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകന്‍

Published on 22 May, 2012
പോമര്‍ബാഷ് കുറ്റം സമ്മതിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകന്‍
ന്യൂഡല്‍ഹി: ഹോട്ടലില്‍ വെച്ച് യുവതിയെ അപമാനിച്ചതായി ഐപിഎല്ലിലെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമര്‍ബാഷ് സമ്മതിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇത് വെറും അഭ്യൂഹം മാത്രമാണെന്നും പോലീസിനോട് പോമര്‍ബാഷ് കുറ്റം സമ്മതിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ നീരജ് ചൗധരി വ്യക്തമാക്കി. പോമര്‍ബാഷിനെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തന്നെ എന്തെങ്കിലും പറയാനുണ്‌ടെങ്കില്‍ കോടതിയില്‍ മാത്രമെ പോമര്‍ബാഷ് പറയൂവെന്നും ചൗധരി വ്യക്തമാക്കി. മദ്യലഹരിയില്‍ യുവതിയെ മോശം ലക്ഷ്യത്തോടെ കയറിപ്പിടിച്ചതായി പോമര്‍ബാഷ് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോമര്‍ബാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മത്സരത്തിന് ശേഷം മൗര്യ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെയും കാമുകനെയും ലൂക്ക് തന്റെ മുറിയിലേക്ക് മദ്യസല്‍ക്കാരത്തിന് ക്ഷണിക്കുകയായിരുന്നു. സല്‍ക്കാരത്തിന് ഒറ്റയ്ക്ക് പോയ യുവതി തിരികെ തന്റെ മുറിയിലേക്ക് മടങ്ങവേ ലൂക്ക് പിന്തുടര്‍ന്ന് മുറിയിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കാമുകനെയും ലൂക്ക് മര്‍ദ്ദിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക