Image

മരണമണി മുഴക്കും കൊറോണാ (വാസുദേവ് പുളിക്കല്‍)

Published on 28 March, 2020
മരണമണി മുഴക്കും കൊറോണാ (വാസുദേവ് പുളിക്കല്‍)
കൊറാണാ വിക്ഷേപിക്കുന്ന മരണമണിയുടെ മുഴക്കം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. കൊറൊണാ വൈറസ് മരണത്തിനു കാരണമാകുമെന്നു കേള്‍ക്കുമ്പോള്‍ മരണഭീതി മനുഷ്യരെ അസ്വസ്ഥരാക്കൂന്നു. മനുഷ്യരുടെ ഏറ്റവും വലിയ ഭയം മരണഭയമാണല്ലോ. മരണം അനിവാര്യമാണെന്നറിയുമ്പോഴും അമിതമായ ലൗകികസുഖാസ്ക്തിമൂലം മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നു ചിന്തിക്കുന്ന കാലത്താണ് മരണമണി മുഴക്കിക്കൊണ്ടുള്ള കൊറാണായുടെ രംഗപ്രവേശം. എന്റെ അനുഭവങ്ങളെ കൊറാണാ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുമായി കോര്‍ത്തിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആത്മകഥാംശം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊറാണാവൈറസ് ഉണ്ടാക്കുന്ന ഭീകരതയെപറ്റി ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് രണ്ടു മാസം മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്കു പറക്കുമ്പോഴാണ്. മാസ്ക്ക് ധരിച്ചിരുന്ന യാത്രക്കാര്‍ എന്നെ ചിന്താധീനനാക്കി. റിട്ടയേര്‍ഡ് ആയതിനുശേഷം കാടാറുമാസം നാടാറുമാസം എന്നു പറയുന്നതു പോലെ ആറുമാസം നാട്ടിലും ആറുമാസം അമേരിക്കയിലും അലസനായി ജീവിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ താമസം ആറുമാസമെന്നുള്ളത് ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള നിയോഗം മൂലം ഒരു വര്‍ഷമായി വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ആ കാലയളവില്‍ ഞാന്‍ വര്‍ക്കലയിലെ ഗുരുകുലം സന്ദര്‍ശിച്ചു. വെക്കേഷനു പോകുമ്പോള്‍ ഞാന്‍ ഗുരുകുലത്തില്‍ പോകുമായിരുന്നു. പുസ്തകങ്ങള്‍ വാങ്ങിക്കാനാണ് അന്നൊക്കെ ഗുരുകുലത്തില്‍ പോയിരുന്നത്. നടരാജഗുരു, ഗുരു നിത്യ ചൈതന്യയതി, മുനി നാരായണപ്രസാദ് എന്നിവര്‍ എഴുതിയ പുസ്തകങ്ങള്‍ ബുക്ക് സ്‌റ്റോറുകളില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഇപ്രാവശ്യം ഗുരുകുലത്തില്‍ പോയത് ഗുരുവിന്റെ പ്രഭാഷണം കേള്‍ക്കണമെന്ന ഉദ്ദേശ്യത്തിലായിരുന്നു. ഗുരു അല്പം  ആതുരനെപോലെയാണ് സംസാരിച്ചു തുടങ്ങിയത്. ഗുരുവിന്റെ സ്വരവും  വേദന നിറഞ്ഞ വാക്കുകളും എനിക്ക് സഹിക്കാവുന്നതിലും ദയനീയമായിരുന്നു. എന്നിരുന്നാലും സ്വന്തം ഗുരുവില്‍  നിന്നും വരുന്ന വേദനയില്‍ പോലും സാന്ത്വനമുണ്ട്. കാരുണ്യം കൊണ്ട് അന്തരാത്മാവ് ഉരുകിയതുപോലുള്ള വാക്കുകള്‍. പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറാണാവൈറസും തുടര്‍ന്നുള്ള കോവിഡ് പത്തൊന്‍പതും വരുത്തിയേക്കാവുന്ന  ദുരന്തത്തെപറ്റിയുള്ള ചിന്തയായിരിക്കാം ഗുരുവിന്റെ ഗദ്ഗദവാക്കുകളിലൂടെ പ്രതിഫലിച്ചത്. ഗുരുക്കന്മാര്‍ ക്രാന്തദര്‍ശികളാണല്ലോ.
         
കേരളത്തിലെ ചൂടിന്‍ നിന്നു രക്ഷപെടാമെന്നു കരുതി ഫെബ്രുവരിമാസം ആദ്യം തന്നെ വിമാനം കേറി. വിമാനത്തില്‍ ഇരുന്ന് എന്തെങ്കിലും എഴുതണമെന്നു കരുതി ആശയങ്ങള്‍ സ്വരുക്കൂട്ടി, എഴുത്തുസാമഗ്രികള്‍ കയ്യിലെടുത്തു. സാധിച്ചാല്‍ ഒരു കവിതയെഴുതണമെന്നാണ്  ആഗ്രഹിച്ചത്. കവികളേയും കവിതകളേയും പറ്റി ചിന്തിക്കാന്‍ തുടങ്ങി. ഇടക്കിടക്ക് വിമാനം ഞെട്ടുകയും പിടയുകയും ഉലഞ്ഞാടുകയും ചെയ്യുന്നുണ്ടായിരുന്നു. അത് എഴുത്തു തടസ്സപ്പെടുത്തി. വിമാനത്തില്‍ മുഖം മൂടി വെച്ചിരിക്കുന്ന യാത്രക്കാരെ കണ്ടപ്പോള്‍ വിമാനത്തില്‍ ആര്‍ക്കെങ്കിലും കോറോണാവൈറസുണ്ടോ എന്നിലേക്ക് വൈറസ് പകരുമോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ഉല്‍കണ്ഠാകുലനായി. ഭീതിപൂണ്ടേകാഗ്രത കൈവിട്ടു പോയി. തന്നെയുമക്ല ഉറക്കക്ഷീണം  കണ്‍പോളകളെ തഴുകിക്കൊണ്ടിരുന്നു. എനിക്ക് എഴുതാന്‍ സാധിക്ലിക്ല. വിമാനത്തില്‍ വെച്ച് സാദ്ധ്യമാകാഞ്ഞതു വീട്ടില്‍ എത്തിയിട്ടാകാമെന്നു സമാധാനിച്ച് സുഖമായി ഉറങ്ങി.
         
സ്വീകരിക്കാനായി മകളും കുട്ടികളും വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വീട്ടില്‍ എത്തുന്നതിനു മുമ്പ് മക്ഡാണള്‍സില്‍ നിന്നു ബിഗ്മാക് കഴിക്കണമെന്ന മോഹം തീര്‍ത്തു. ധാരാളം സുഖസൗകര്യങ്ങളുള്ള മകളുടെ വീട്ടില്‍ സുഖജീവിതം നയിക്കണമെന്ന ആവേശവുമായി വീട്ടില്‍ എത്തി. കോറോണായെപറ്റിയുള്ള ചിന്തയും മരണഭയവും വിട്ടിമാറി. ഡാഡി വന്നിട്ടു വേണം ഗാര്‍ഡനിംഗ് തുടങ്ങാന്‍ എന്ന് മകള്‍ പറഞ്ഞത് പൂക്കോളോടും ചെടികളോടുമുള്ള എന്റെ സ്‌നേഹം അവള്‍ കുട്ടിക്കാലത്തു തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ടാണെന്നു ഞാന്‍ ഊഹിച്ചു. അടുത്തു പരിചയിച്ചാല്‍ സസ്യലോകത്തു നിന്നും നമുക്ക് ധാരാളം പഠിക്കാനാകും. നിഗൂഢമായ പല അറിവുകളും അതിലടങ്ങിയിരിക്കുന്നു. വിത്തിലുള്ള സാധ്യത എന്താണോ അതു കാലത്തിലൂടെ വളര്‍ന്നു വികസിക്കുന്നതോടെ സസ്യങ്ങള്‍ അവയുടെ  ആത്മപ്രകാശം നടത്തുന്നു. അതിന്റെ ഇലകളും പൂക്കളും പഴങ്ങളും എല്ലാം വാസ്തവികമായി വിധാനം ചെയ്യപ്പെടുന്നത് സഹജമായ ഒരു ശക്തിവിശേഷത്താലാണ്. അപ്പോഴും അതിനു വളരാനും പുഷ്ടിപ്പെടാനുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. ചെടികള്‍ക്കു വെള്ളമൊഴിക്കണം, വളമിടണം, സംരക്ഷണം കൊടുക്കണം. അതേപോലെ മനുഷ്യര്‍ക്കും സംരക്ഷണം ആവശ്യമായി വരുന്നു. മാതാപിതാക്കള്‍ കുട്ടികളെ സംരക്ഷിക്കുന്നു. വാര്‍ദ്ധ്യക്യത്തില്‍ എത്തുന്ന മതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുന്നു. അതാണൂ കര്‍ത്തവ്യനിര്‍വഹണവും ലോകനീതിയും. വൈകിട്ട് ഞങ്ങള്‍ കടല്‍ക്കരയില്‍ പോയി. ഞാന്‍ കടലിലെ തിര കയറിവരുന്നിടത്തുള്ള മണലില്‍ പോയി ചിന്താകുലനായി മലര്‍ന്നു കിടന്നു. ഊക്കന്‍ തിരകള്‍ കടലില്‍ നിന്നും അടിച്ച് കയറി വന്നു മണലില്‍ പത അവശേഷിപ്പിച്ചിട്ടു മടങ്ങിപ്പോകുന്നു. അതുപോലെ ചിന്തകള്‍ എത്രയെത്ര ആഗ്രഹങ്ങളാണു നമ്മളില്‍ അവശേഷിപ്പിക്കുന്നത്. അതില്‍ സഫലീകൃതമാകുന്ന ആഗ്രഹങ്ങളെത്ര? എങ്കിലും നമ്മള്‍ സ്വപ്നം കാണൂം. അതൊരു സുഖമാണല്ലോ. ആ സുഖം താല്ക്കലികമാണെങ്കിലും മനസ്സിനെ തണൂപ്പിക്കുന്നു, കടല്‍ക്കാറ്റ് മനസ്സിനെ തണുപ്പിക്കുന്നതു പോലെ. കല്പനകൊണ്ട് സ്വപ്നങ്ങളില്‍ നമുക്ക് സ്വയം ചെടികളും മരങ്ങളും പൂക്കളും പക്ഷികളും തിരകളും മേഘങ്ങളുമൊക്കെയായി മാറാന്‍ കഴിയുന്നത് നിശ്ചയമായും നമ്മെ രസിപ്പിക്കുകയും മനസ്സിനെ വിസ്മയഭരിതമാക്കുകയും ചെയ്യും. റസ്‌റ്റോറന്റിന്‍ നിന്നു ഡിന്നര്‍ കഴിച്ച് സംതൃപ്തരായി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.
         
പിറ്റേന്നാണ് കോറാണാവൈറസ് പടര്‍ന്നു പിടിക്കുന്നു എന്ന ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്ത കേട്ടത്. വൈറസ് പരത്തുന്നതില്‍ റസ്‌റ്റോറന്റുകള്‍ മുന്‍സ്ഥാനത്തെന്ന വാര്‍ത്ത കേട്ട് ഞാന്‍ റസ്‌റ്റോറന്റില്‍ പോയതോര്‍ത്ത് വ്യസനിച്ചു. കൊറാണാവൈറസ് ഉണ്ടാക്കുന്ന കോവിഡ് 19 എന്ന എന്ന രോഗം ഉണ്ടാക്കിയേക്കാവുന്ന ഭീകരതയെപറ്റിയും കോറാണാവൈറസ് ബധിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളെപറ്റിയുമുള്ള കാര്യങ്ങള്‍ ധാരാളം എഴുത്തുകാര്‍ അവരുടെ ഭാഷയിലും ശൈലിയിലും എഴുതിയ ലേഖനങ്ങള്‍ വായിച്ചു, പ്രഭാഷണങ്ങള്‍ കേട്ടു, ഈ വിഷയം ആവിഷ്കരിച്ചുകൊണ്ടുള്ള ഓട്ടന്‍ തുള്ളല്‍ കണ്ടു. കൊറാണാവൈറസുമൂലമുണ്ടായ ജനങ്ങളുടെ ഉല്‍ക്കണ്ഠാകുലമായ ജീവിതത്തിന്റെ ആന്തോളനങ്ങള്‍ ലേഖനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും ഓട്ടന്‍ തുള്ളലിലൂടേയും മനസ്സിലാക്കി.

ഒരു കാര്യം തന്നെ വ്യത്യസ്തമായ ആവിഷ്കാരവൈഭവത്തൊടെ അവതരിപ്പിച്ചിരിക്കുന്നു.  അവര്‍ ആര്‍ജ്ജിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് ലേഖനങ്ങളും പ്രഭാഷണങ്ങളും ഓട്ടന്‍ തുള്ളലും മറ്റും രൂപം കൊണ്ടത്. ജ്ഞാനം രണ്ടു തരത്തിലുണ്ട്. ഒന്ന്, ഒരു കാര്യത്തിന്റെ ചുറ്റിനും സഞ്ചരിച്ച് ആപേക്ഷികമായ കോണുകളില്‍ കൂടി അതിനെ പൊട്ടും പാടിയുമായി അറിയുക എന്നത്. വേറൊന്ന്, ഒരു കാര്യത്തിന്റെ ഉള്ളില്‍ പ്രവേശിച്ച് അതായിത്തീരുക എന്നതും. ആദ്യം പറഞ്ഞതിനെ സാപേക്ഷജ്ഞാനമെന്നും രണ്ടാമത്തേതിനെ നിരപേക്ഷജ്ഞാനമെന്നും വിളിക്കാം. കോവിഡ് 19 ഉണ്ടാക്കിയേക്കാവുന്ന ലോകദുരന്തത്തെപറ്റി ആലോചിച്ചപ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു. ഗുരുവിന്റെ വെളിച്ചം ജ്വലിക്കുന്നതാകാം, പൊള്ളുന്നതാകാം. എന്നാല്‍ എപ്പോഴും സാന്ത്വനമരുളന്നതായിരിക്കും. വീട്ടിലിരുന്നു മുഷിഞ്ഞപ്പോള്‍ കാറിള്‍ ഒന്നു ചുറ്റിക്കറങ്ങി. ജനനിബിഡമായിരുന്ന നഗരം വിജനം. ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ
പാര്‍ക്കിംഗ് ലോട്ട് മൈതാനം പോലെ വിശാലമായിക്കിടക്കുന്നു. റോഡില്‍ വാഹനങ്ങള്‍ വിരളം. സൈഡ്  വാക്കിലൂടെ  ഓടുന്നവരെ കാണാനേയില്ല. മനസ്സ് ക്ഷീണിച്ച പ്രതീതി. സാധാരണ ലോട്ടോ കളിക്കാറുള്ള സെവന്‍ ഇലവന്‍ തുറന്നിരിക്കുന്നതായി കണ്ടു. ഭാഗ്യം പരീക്ഷിച്ചാലോ എന്നു ഞാന്‍ അഭിപ്രായപ്പേട്ടു. ഭാഗ്യത്തിനു പകരം കോറോണാ വായും പിളര്‍ന്നു വരും. മനുഷ്യരെ വിഴുങ്ങുന്ന ഭീകര സത്വങ്ങളെ കുറിക്ല് ഡാഡി രാമായണത്തില്‍ വായിച്ചിട്ടില്ലേ. കൊറോണായും അത്തരത്തിലുള്ള ഒരു സത്വം തന്നെ.  മകളൂടെ എന്നെ നിരുത്സാഹപ്പെടുത്തുന്ന ഹാസ്യോക്തി  കേട്ടു എന്റെ ചുണ്ടില്‍ പുഞ്ചിരിയൂറി.
         
എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് എന്റെ ഒരു സുഹൃത്തിനു കോവിഡ് 19 ആണോ എന്നു  സംശയിക്കത്തക്കവിധത്തില്‍ ചുമയും പനിയും ജലദോഷവും ഉണ്ടെന്ന വാര്‍ത്തയാണ്. ഞങ്ങളുടെ സുഹൃദ്ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എനിക്കുവേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ മടിയില്ലാത്ത ഉള്ളിന്റെ ഉള്ളുവരെ ആത്മാര്‍ത്ഥത മാത്രം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമൂര്‍ത്തിയാണ് എന്റെ സുഹൃത്ത്. അദ്ദേഹം ആശുപത്രിയില്‍ എത്തിയെങ്കിലും അവര്‍ കോവിഡ് 19 ന്റെ ടെസ്റ്റ് ചെയ്യാതെ ഫ്‌ളൂ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് എന്ന റിപ്പോര്‍ട്ട് നല്‍കിയത് കൂടുതല്‍ വിഷമത്തിന്നിടയാക്കി. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ പോവുകയും അവര്‍  കോവിഡ് 19 ടെസ്റ്റിനുള്ള സന്ദര്‍ഭമൊരുക്കുകയും ചെയ്തു. അദ്ദേഹത്തിനു കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചു. പതിനായിരങ്ങള്‍ മരിക്കുന്ന കൂട്ടത്തില്‍ ഞാനും എന്നും എന്റെ ഭാര്യയുടേയും കുട്ടികളുടേയും അധോഗതിയെപറ്റി എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല  എന്നുമൊക്കെ  എന്റെ സുഹൃത്ത് പറഞ്ഞതു കേട്ടപ്പോഴുണ്ടായ വേദന എനിക്ക് ് സഹിക്കാവുന്നതിലും വലുതയിരുന്നു. എനിക്ക്, എന്റെത് എന്നൊക്കെയുള്ള ചിന്ത മാറ്റണം. ഒന്നും എന്റേതായിട്ടില്ല, എല്ലാം ഈശ്വരന്റേതാണ് എന്നു ചിന്തിച്ചാല്‍ ശാന്തിയും സമാധാനവുമുണ്ടാകും. നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത് നമ്മളല്ല, ഈശ്വരനാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീരിച്ചല്ലേ പറ്റൂ. "കല്പിതം ധാതാവിനാലെന്തെന്നാലതുവരും." കോറാണായുടെ മരണത്തിന്‍ മണിമുഴക്കത്തിന്റെ ധ്വനി അദ്ദേഹത്തിന്റെ മനസ്സില്‍ അലയടിക്കുന്നുണ്ടാകും. അദ്ദേഹം തന്റെ പ്രശ്‌നം നിസ്സഹായനായി അവതരിപ്പിക്കുകയാണ് ചെയ്തത്.  എന്നെ  സംബന്ധിച്ചിടത്തോളം അത് ബാഹ്യമായ പ്രശ്‌നമാണെന്നു തോന്നി. ആരുടേയെങ്കിലും ഒരു പ്രശ്‌നം മനസ്സിലാക്കുകയോ പരിഹരിക്കുകയോ വേണ്ടി വരുമ്പോള്‍ ആദ്യം ആ പ്രശ്‌നം നിങ്ങളുടെ ഉള്ളില്‍ സ്വയം ജീവിക്കുകയും പ്രശ്‌നമാര്‍ഗം ബന്ധപ്പെട്ട വ്യക്തിക്കു പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ് സ്വയം പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെ നോക്കിയാല്‍ ബാഹ്യമെന്നു കരുതുന്നത് വിചാരിക്കുന്നത്ര ബാഹ്യമായിട്ടുള്ളതല്ല എന്നു കാണാം. നിങ്ങളുടെ തന്നെ ആന്തരിക ജീവിതത്തിന്റെ ബഹിര്‍മുഖമാക്കപ്പെട്ട ഒരു ദര്‍ശനമാണ് എന്നു തോന്നും. ലോകത്തില്‍ നിന്നും രക്ഷപ്പെടാനല്ല ശ്രമിക്കേണ്ടത്. അതിനു പകരം പ്രതികൂല സാഹചര്യങ്ങളിലും നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെയുള്ള ജീവിത സാഹചര്യത്തിന്റെ ക്രമത്തിനുള്ളില്‍ തന്നെ നിങ്ങളുടെ സത്യത്തിലുള്ള ശരിയായ സ്ഥാനം കണ്ടെത്തുകയാണു വേണ്ടത്. മനസ്സുകള്‍ പരസ്പര പൂരകങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്ന സ്‌നേഹാദരങ്ങള്‍ നിശ്ചയമായിട്ടും അവരും തരും. അപ്പോള്‍ ബന്ധങ്ങളൂടെ സംപൂര്‍ത്തി നിങ്ങള്‍ക്ക് ഒരുമിച്ച് പങ്കുവെയ്ക്കാന്‍ കഴിയും. ഞാന്‍ അദ്ദേഹത്തിന്റെ സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിച്ചു.
         
ചൈനയില്‍ ഉത്ഭവിച്ച വൈറസ് അമേരിക്കയില്‍ നിന്നാണുണ്ടായതാണ് എന്നു കുറ്റപ്പെടുത്താനുള്ള അപലപനീയവും   നീചവുമായ   മനോഭാവം ചൈനക്കാരില്‍ കണ്ടു. ശത്രുരാജ്യങ്ങളില്‍ വിതറാന്‍ വേണ്ടി ചൈന ഉണ്ടാക്കിയ വൈറസാണിതെന്നും അതു പിടിവിട്ടുപോയി ചൈനക്കു തന്നെ തിരിച്ചടിയായെന്നും സംശയിക്കുന്നു എന്ന് പൊതുവെ ജനസംസാരമുണ്ട്. എന്തായാലും "കോറാണ ഓഫ് ചൈന' എന്ന പുതിയ പേരിട്ട്  ചൈനയെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താം. ലോകത്തിന്റെ  സര്‍വനാശം തീയാല്‍ എന്ന പ്രവചനം നമ്മുടെ മുമ്പിലുണ്ട്. കോവിഡ് 19 ലോകം നശിപ്പിക്കാന്‍ പോന്ന അഗ്നി തന്നെ. കോറാണാവൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കണേ എന്നു പ്രാര്‍ത്ഥിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക