Image

ഈ പാവങ്ങളോട് ഇത്ര ക്രൂരത കാണിക്കരുത്: ഡോ. തോമസ് ഐസക്

Published on 28 March, 2020
ഈ പാവങ്ങളോട് ഇത്ര ക്രൂരത കാണിക്കരുത്: ഡോ. തോമസ് ഐസക്
ഡോ. തോമസ് ഐസക്

പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ലോക്ഡൗൺ ചെയ്ത രാജ്യത്തിന്റെ ഹൃദയം മറ്റൊരു കാഴ്ച കണ്ട് നുറുങ്ങുകയാണ്. അഭയം തേടി കിലോമീറ്ററുകളോളം കാൽനടയായി നീങ്ങുന്ന സാധാരണ മനുഷ്യൻ.  അവർക്ക് ഭക്ഷണമില്ല; മരുന്നില്ല; കുടിവെള്ളമില്ല. അവരിൽ കൈക്കുഞ്ഞുങ്ങളുണ്ട്, വൃദ്ധരുണ്ട്, രോഗികളുണ്ട്. പ്രസവിച്ച് ദിവസങ്ങൾ മാത്രമായ സ്ത്രീകളുണ്ട്. നടക്കുന്നവർക്കും കാണുന്നവർക്കുമറിയാം, ഈ യാത്ര വലിയൊരു ദുരന്തത്തിലേയ്ക്ക് – അല്ല -  മരണത്തിലേയ്ക്കാണെന്ന്. അനിവാര്യമായ ആ ദുരന്തം അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ രാജ്യം. വിഭജനകാലത്തെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു പാലായനം.

ഇന്ത്യയിൽ ഏതാണ്ട് 15 കോടി ആളുകൾ സ്വന്തം ജന്മസ്ഥലം വിട്ട് പട്ടണങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം പണിയെടുക്കാൻ പോകുന്നവരാണ്. പൊടുന്നനെ രാജ്യം മുഴുവൻ അടച്ചുപൂട്ടുമ്പോൾ ഇവർക്ക് പണിയില്ലാതാകുന്നു. ഇവർ എങ്ങനെ നാട്ടിലേയ്ക്ക് തിരിച്ചുപോകും? 20,000 കോടി രൂപ പുതിയ പാർലമെന്റ് വീതി ഉണ്ടാക്കാൻ ചെലവഴിക്കുന്ന രാജ്യത്ത് ഇവർക്ക് നഗരങ്ങളിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ബസോ ട്രെയിനോ ഏർപ്പാട് ചെയ്തുകൂടേ? മറ്റു വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കൂട്ടംകൂട്ടമായി സ്വന്തം നാടുകളിലേയ്ക്ക് പാലായനം ചെയ്യുന്നവർക്ക് ഭക്ഷണപ്പൊതികളെങ്കിലും എത്തിച്ച് കൊടുത്തുകൂടേ? 

വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയെല്ലാം തിരിച്ച് കൊണ്ടുവരുന്നതിന് എന്തൊരു ശുഷ്കാന്തിയായിരുന്നു. അത് വേണ്ടതുമാണ്. പക്ഷെ, നമ്മുടെ നാട്ടിൽ തന്നെയുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളോട് എന്തൊരു അവഗണനയാണ്.

നമ്മുടെ കേരളം വേറിട്ടൊന്നാകണം. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തിൽ വരെ മനുഷ്യസാധ്യമായ പരമാവധി കരുതൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കാണിച്ച മാതൃക വായിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്. 

ഊരാളുങ്കൽ സൊസൈറ്റിയിൽ ഇന്ന് ഭൂരിപക്ഷവും അതിഥി തൊഴിലാളികളാണ്. പക്ഷെ, അവർക്കും സംഘത്തിൽ അംഗത്വം കൊടുക്കും. അതുകൊണ്ട് നാട്ടുകാരായ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങൾക്കും അവർക്കും അർഹതയുണ്ട്. ഞാൻ എഴുതിയ Constructive Alternatives എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ച് ഒരു പ്രത്യേക അധ്യായം തന്നെയുണ്ട്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജന്മനാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് അവർ വാഹനമൊരുക്കി. ആവശ്യമുള്ള മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കരുതി കൽക്കട്ടയിലെത്തിച്ചു. യുഎൽസിസിഎസിൽ ഇപ്പോൾ 4600 അതിഥിത്തൊഴിലാളികൾ തിരുവനന്തപുരം കാസർകോടു വരെയുള്ള വർക്ക് സൈറ്റിലുണ്ട്. അവർക്കാവശ്യമായ മുഴുവൻ ഭക്ഷണസാമഗ്രികളും സൊസൈറ്റി സ്റ്റോക്കു ചെയ്തിട്ടുണ്ട്. തീരുന്ന മുറയ്ക്ക് എത്തിക്കാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. എല്ലാ കോൺട്രാക്ടർമാരും ഈ മാതൃക അനുവർത്തിക്കണം. 

അവരും നമ്മളെപ്പോലെ തൊഴിലാളികളും മനുഷ്യരുമാണ് എന്ന ഉള്ളറിവിൽ നിന്നാണ് കേരളത്തിന് ഈ കരുതലെടുക്കാൻ കഴിയുന്നത്. ലോക്ഡൗണിൽ അകപ്പെട്ടപ്പോൾപ്പോലും ഈ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമവും അതിജീവനവും സർക്കാരിന്റെയും നാടിന്റെയും പൊതു ഉത്തരവാദിത്തമായി നാം ഏറ്റെടുക്കുന്നു. എല്ലാവർക്കും ഭക്ഷണം നൽകുന്നതുപോലെ അവർക്കും ഭക്ഷണമെത്തിക്കാൻ നമ്മുടെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഭക്ഷണം വേണ്ടവർക്ക് ഭക്ഷണവും പാകം ചെയ്യാൻ സൗകര്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നു. അത് കടമായി ഏറ്റെടുത്ത ജനതയാണ് കേരളീയർ. ഇന്നലെവരെ 1474 ലേബർ ക്യാമ്പുകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളും ലേബർ ഡിപ്പാർട്ട്മെന്റും പരിശോധന നടത്തി. പുതുതായി 35 ക്യാമ്പുകൾ സജ്ജീകരിച്ചു. 

നോട്ടു നിരോധനം പോലെ പ്രത്യേകിച്ചൊരു തയ്യാറെടുപ്പുമില്ലാതെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചത് എന്നു വ്യക്തം. അതുണ്ടാക്കുന്ന സാമൂഹ്യവും പ്രായോഗികവുമായ ഒരു വെല്ലുവിളിയും മുൻകൂട്ടിക്കാണാൻ കേന്ദ്രസർക്കാരിനോ മറ്റു സംസ്ഥാന സർക്കാരുകൾക്കോ കഴിഞ്ഞില്ല. 

വിശന്നൊട്ടിയ വയറുകളുമായി പാവങ്ങൾ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുകയാണ്. എത്രപേർ അതിജീവിക്കുമെന്ന് ആർക്കുമറിയില്ല. ഈ മനുഷ്യരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടാനുള്ള കരുണ കേന്ദ്രസർക്കാർ കാണിക്കണം. മറ്റു സംസ്ഥാന സർക്കാരുകളും ഇവർക്ക് അഭയകേന്ദ്രമൊരുക്കാൻ സന്മനസു കാണിക്കണം. നമ്മുടെ അംബരചുംബികളിലും ആഡംബര പകിട്ടിലും അവരുടെ വിയർപ്പുമുണ്ട്. ഈ പാവങ്ങളോട് ഇത്ര ക്രൂരത കാണിക്കരുത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക