Image

ലോകം മുഴുവന്‍ മഹാമാരിയ്ക്ക് കീഴടങ്ങിയാല്‍ (ശ്രീദേവി പട്ടാമ്പി)

Published on 28 March, 2020
ലോകം മുഴുവന്‍ മഹാമാരിയ്ക്ക് കീഴടങ്ങിയാല്‍ (ശ്രീദേവി  പട്ടാമ്പി)
ആസന്നമായൊരു വറുതിക്കാലത്തിൽ വെറുതെ മൂന്ന് പതിറ്റാണ്ട് പിന്നിലേയ്ക്കൊന്ന് ഓർമ്മകളെ തിരിച്ച് വിട്ടു.
ഏറെ തെളിഞ്ഞ ചിത്രങ്ങൾ.
ഒന്നും ക്ലാവ് പിടിച്ചിട്ടില്ല.
അവിടൊരു പത്ത് വയസ്സുകാരി മുണ്ടകൻ കൊയ്ത്ത് കണ്ട് നിൽക്കുന്നു..
പാടത്ത് നിറഞ്ഞ കൊയ്ത്താളുകൾക്കിടയിൽ നിന്നും നേർത്ത ഈണത്തിൽ കൊയ്ത്ത് പാട്ടുയരുന്നു.
"അരിവാളിരിവാളെവിടെ പോയെടീ മധുരംകോടി പൊന്നമ്മേ....,
ആ അരിവാളല്ലേ ഇന്നലെ മുണ്ടകൻ കൊയ്യാൻ കൊണ്ടോയേ...''

അരിഞ്ഞ് കെട്ടി പുറകിലേയ്ക്കിടുന്ന "ചുരുട്ട്'' പെറുക്കി കൂട്ടി വരമ്പത്തേയ്ക്ക് കയറ്റുന്ന ആണുങ്ങൾ.
ചിലർ കയറിട്ട് കറ്റ കെട്ടുന്നു.
ചിലർ കറ്റയുമായി വീടുകളിലേയ്ക്ക് പോകുന്നു.
ചുരുട്ടെടുത്ത സ്ഥലത്ത് കൊറ്റികൾ വിരിച്ച വെള്ള കമ്പടം.വെള്ളം വറ്റി തുടങ്ങിയ പാടത്ത് പാടത്തെ മീനുകളായ കണ്ണനും മൊയ്യും കിടന്ന് പുളയുന്നു.അത് പിടിയ്ക്കുന്നവരുടെ ഒരു തിരക്ക്.ചേറിൽ തപ്പിയെടുത്ത് കടിച്ച് പിടിച്ച് അടുത്തതിനെ തപ്പുന്ന കേമൻ,മീൻപിടുത്തക്കാർക്ക് താര പരിവേഷം. വൈക്കോൽ നീളം കൂടുതൽ കാരണം ഉയർത്തി കൊയ്ത് ബാക്കി നിൽക്കുന്ന കുറ്റി വൈക്കോലിനെ പൊയ്ത്താളെന്ന് പറയും.
കൊയ്യാനും മെതിയ്ക്കാനുമില്ലാത്ത,
എന്നാൽ വീട്ടിൽ പശുവുള്ളവർ,
ഈ പൊയ്ത്താളരിഞ്ഞ് സൂക്ഷിയ്ക്കും.വൈക്കോൽ കിട്ടണമെങ്കിൽ കൊയ്ത്തും മെതിയും നെല്ലുണക്കി പത്തായത്തിലാക്കലും കഴിഞ്ഞ്,പണിക്കാരടെ തിരക്കൊഴിഞ്ഞ് വൈക്കോൽ തല്ലി ,പുര മേയാനുള്ള കന്ന് കെട്ടി,ബാക്കി വരുന്ന വൈക്കോൽ കൊടുക്കണ വരെ കാത്തിരിയ്ക്കണം.അത് വരെ ഇത്തരം പൊയ്ത്താളാണ് പൈക്കൾക്ക് കൊടുക്കുന്നത്.അതരിഞ്ഞെടുക്കാൻ ഞാനുൾപ്പെടെ ഒരു കുട്ടി ടീമുണ്ടാകും.ചേറിൽ പൂണ്ട കാലുകളും കൈയ്യിലൊതുങ്ങാത്ത മുണ്ടകൻ വൈക്കോലും,മൂർച്ച കുറഞ്ഞ അരിവാളും ഞങ്ങടെ പെടാപാട് കണ്ടാൽ കൊയ്യുന്നവർ തന്നെ ഞങ്ങളെ അരിയാൻ സഹായിയ്ക്കും.

അങ്ങനെ കൊയ്ത്ത് കാരടെ പിന്നിൽ പൊയ്ത്താളരിയുന്നവർ,ചുരുട്ട് പെറുക്കുന്നവർ,മീൻ പിടിയ്ക്കുന്നവർ,വെള്ളക്കുപ്പാ
യമിട്ട കൊറ്റിക്കൂട്ടങ്ങൾ.ഒരുത്സവ പറമ്പ് തന്നെയാണ് കൊയ്ത്ത് പാടം.മീൻപിടുത്തം കാണാൻ ആവേശം മൂത്ത് ആളുകൾ പാടവരമ്പത്തും ണ്ടാവും.ഇതൊന്നും കൂടാതെ വേറൊരു കൂട്ടരുണ്ട്. കഴുത്തിൽ നിറയെ ചെറിയ മുത്തുമാലകളിട്ട,കുപ്പായമിടാത്ത,ചുക്കിച്ചുളിഞ്ഞ തൊലിയും തൂങ്ങിയാടുന്ന മുലകളും എല്ലും തോലുമായി,മുഷിഞ്ഞൊരു തോർത്ത് മേൽ മുണ്ടാക്കിയ അടിയാള വൃദ്ധകൾ.പൊയ്കതിർ(ഇതിനേം പൊയ്ത്താളെന്ന് പറയും) പെറുക്കാനായി വരുന്നതാണവർ.

വീണ് കിടക്കുന്ന കതിരുകൾ പെറുക്കി കൂട്ടുന്ന അവർക്ക് ഉടമ കാണാതെ കതിരുകൾ മുറിച്ച് കൊയ്യുന്നവർ രഹസ്യമായി നൽകുന്നത് ഞങ്ങൾ കണ്ടാൽ കണ്ണിറുക്കി കാട്ടും ആരോടും പറയല്ലേന്ന്.ഈ കതിരുകൾ ഒരു ചെറിയ കെട്ടാക്കി വേച്ച് നടന്ന് പോവുന്ന അവരെ നോക്കി ചെറുപ്പക്കാർ നെടുവീർപ്പിടും...നാളത്തെ പൊയ്ത്താൾ പെറുക്കുന്ന തങ്ങളെ നേരിട്ട് കാണുന്നത് പോലെ.എന്നിട്ട് വറുതിയുടെ കെട്ടഴിയ്ക്കും.പണിയാൾമാരുടെ ജീവിതം.അവരുടെ കുട്ടിക്കാലം....

വറുതിയെ നേരിടാൻ കൂലിയായി കിട്ടുന്ന നെല്ല്,എങ്ങിനെയാണ് സൂക്ഷിച്ചിരുന്നത്,എങ്ങനാണ് വറുതിക്കാലം കടന്ന് പോയത്?
അവർ തന്നെ പറയണം.വലിയ മൺ പത്തായങ്ങൾ ഉണ്ടാക്കും.അതിൽ.നെല്ല് നന്നായി ഉണക്കി ചേമ്പ് വിത്തും ചക്കക്കുരു ഉണക്കിയതും കലർത്തി നിറക്കും.മണ്ണ് കൊണ്ട് പൊതിഞ്ഞ് മുകളിൽ മുള അലക് വിരിച്ച് അതിന് മുകളിൽ ഇലവർങത്തിന്റെ ഇല വിരിച്ച് അതിന് മുകളിൽ കുഴച്ച മണ്ണ് തേച്ച് അടച്ച് സൂക്ഷിയ്ക്കും.ഈ മൺപത്തായത്തിന്റെ അടി ഭാഗത്ത് ഒരു പഴുതിട്ട് ,ആ പഴുത് ചിരട്ടവെച്ചടച്ച് അതും മണ്ണ് തേച്ച് മൂടും.

കൊയ്ത്ത് കഴിഞ്ഞ മാസങ്ങളിൽ മന്നിലയും വൈക്കോൽ നെല്ലും(വൈക്കോൽ തല്ലുമ്പോൾ കീട്ടുന്ന നെല്ല്)കുത്തി അരിയാക്കി കഞ്ഞിയാക്കി കുടിക്കും.പിന്നീട് മൂന്ന് മാസം ചക്കയുടേയും മാങ്ങയുടേയും സമൃദ്ധമായ മൂന്ന് മാസം.ചക്കയോട് ചക്ക,മാങ്ങയോട് മാങ്ങ.
പണി വല്ലാതെയില്ലാത്ത വേനൽ.പുതുമഴ പെയ്ത് വിഷൂന് പൊടിവിത,
വിതയ്ക്കുന്ന വരേയ്ക്കും,ആണുങ്ങൾക്ക് പണി കുറവ്.അവർ ചിലർ കുറ്റിക്കാടുകളിൽ മുയലിനെ വേട്ടയാടും.അക്കൂട്ടത്തിൽ കുറു ക്കനെ വരെ കൊന്ന് തിന്നുമായിരുന്നു.വലിയ നീളമുള്ള കൂർത്ത കാരക്കോലുകൾ ഉണ്ടാക്കി പെരുച്ചാഴിയെ മാളത്തിൽ കുത്തി പുറത്ത് ചാടിയ്ക്കും.
ഇവയൊക്കെ അന്നത്തെ സസ്യേതര ഭക്ഷണങ്ങളാണ്.
പെരുച്ചാഴീടെ മട പൊളിയ്ക്കുമ്പോൾ ചിലപ്പോൾ ലോട്ടറിയുമാണ്.പാടത്തിനോടടുത്ത് ഏക്കറ് കണക്കിന് പറമ്പ് തുരന്ന്,പെരുച്ചാഴികൾ,അവരുടെ ക്ഷാമകാലത്തേയ്ക്ക്, നെൽക്കതിരുകൾ അടുക്കി വെച്ചിട്ടുണ്ടാകും.ആ വഴി ചാക്ക് കണക്കിന് നെല്ല്, കിട്ടും.ഒരു കണക്കിന് തുരപ്പനെ തുരക്കുകയാണ്.
വറുതിയുടെ കാഠിന്യം മനുഷ്യനെക്കൊണ്ട് ചെയ്യിയ്ക്കുന്നതുമാണ്,അവയൊക്കേ
യും.
മഴ തുടങ്ങിയാലാണ് പത്തായത്തിലെ നെല്ലെടുക്കുന്നത്.മണ്ണിളക്കി ചിരട്ട എടുത്താൽ,ആ ചെറിയ കവാടത്തിലൂടെ,നെല്ലും ചേമ്പും ചക്കക്കുരുവും ഇട കലർന്ന് വരും.ആ കാഴ്ച വിവരിയ്ക്കുമ്പോ അവരുടെ കണ്ണിലെ സന്തോഷം പറഞ്ഞറിയിയ്ക്കാനാവില്ല.

നെല്ല് കുത്തി അരിയെടുത്ത് കഞ്ഞി വെയ്ക്കും.ചേമ്പും ചക്കക്കുരുവും ,കറിയും വെയ്ക്കും.പിന്നീടുള്ള ,കന്നിമാസം വരെ അതാണ് ഭക്ഷണം.
ലോകം മുഴുവൻ മഹാമാരിയ്ക്ക് കീഴടങ്ങിയാൽ ആളുകൾ അത്തരം വറുതിക്കാലത്തിലേയ്ക്ക് എത്തിച്ചേരാനും വഴിയുണ്ട്.പത്തായങ്ങളിൽ ശേഖരിച്ച് വെയ്ക്കാത്തത് കൊണ്ട്,പെരുച്ചാഴികളെ ചൂഷണം ചെയ്തും കണ്ണിൽ കാണുന്നവയെ വേട്ടയാടിയും കാലം കഴിയ്ക്കേണ്ടി വരുമോ? ആവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക