Image

എം.ആര്‍ മുരളിയും വി.എസിനെ രഹസ്യമായി കണ്ടു

Published on 21 May, 2012
എം.ആര്‍ മുരളിയും വി.എസിനെ രഹസ്യമായി കണ്ടു
 തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം പാര്‍ട്ടിയോട് അകന്ന വി.എസ് അച്യുതാനന്ദനെ അനുയായികള്‍ ഒന്നൊന്നായി രഹസ്യമായി കാണുന്നു. ഇന്നലെ അര്‍.എം.പി നേതാക്കള്‍ വി.എസിനെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസിലെത്തി കണ്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വി.എസ് പറഞ്ഞത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ധാരാളം പേര്‍ തന്നെ കാണാന്‍ വരാറുണ്ട്. അവരെ സ്വീകരിക്കേണ്ടത് തന്റെ കടമയാണെന്നും അതിനെ വലിയ കാര്യമായി കാണേണ്െടന്നുമാണ്.

ആര്‍.എം.പി നേതാക്കള്‍ വന്നു കാണുന്നതിന് മുമ്പ് വി.എസിന്റെ കടുത്ത അനുയായിരുന്ന എം.ആര്‍ മുരളിയും രഹസ്യമായി വി.എസിനെ കന്റോണ്‍മെന്റ് ഹൌസിലെത്തി കണ്ടിരുന്നു. വി.എസുമായി അരമണിക്കൂറോളം മുരളി സംസാരിച്ചതായിട്ടാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ നല്‍കുന്ന വിവരം. ഓട്ടോയിലെത്തിയ എം.ആര്‍ മുരളി വി.എസുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ വി.എസിനെ കാണാന്‍ വന്നു. പെട്ടെന്ന് ഇരുവരും ചര്‍ച്ച അവസാനിപ്പിക്കുകയും കൂടിക്കാഴ്ച വിവാദമാകുമെന്ന് കണ്ട് കന്റോണ്‍മെന്റ് ഹൌസിന് പിന്നില്‍ കിടക്കുകയായിരുന്ന ഇന്നോവ കാറില്‍ കയറ്റി മുരളിയെ പുറത്തു കൊണ്ടുപോകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കാര്യത്തെക്കുറിച്ച് വി.എസുമായി അടുപ്പമുള്ളവരോട് ചോദിച്ചപ്പോള്‍ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു മറുപടി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്ന നിലപാടുമായി നിരന്തരം മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിറയുന്ന വി.എസിന്റെ ഓരോ നീക്കവും ഔദ്യോഗിക പക്ഷവും വീക്ഷിക്കുകയാണ്. പാര്‍ട്ടിയോട് ഇടഞ്ഞു പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് വി.എസിനോട് മുരളി പറഞ്ഞതായാണ് വിവരം. എന്നാല്‍ ഇതിന് അനുകൂലമായോ പ്രതികൂലമായോ മറുപടി പറയാന്‍ വി.എസ് തയ്യാറായില്ലെത്രെ. വി.എസ് പാര്‍ട്ടി വിട്ട് പുറത്തു വരുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ സംസ്ഥാനമൊട്ടാകെ രഹസ്യ യോഗം ചേരുകയാണ്. വി.എസ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ പരമാവധി പേരെ തങ്ങളുടെ കൂടെ നിര്‍ത്താനും പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചടക്കാനുമുള്ള നടപടികളെക്കുറിച്ചെല്ലാം ഈ യോഗങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക